ഏഷ്യന്‍ ഗെയിംസ്: വനിതകളുടെ കോമ്പൗണ്ട് ആര്‍ച്ചറി ടീം ഇനത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

ഫൈനലില്‍ ചൈനയെ തോല്‍പ്പിച്ചു, ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഏഴാം സ്വര്‍ണം

ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ കോമ്പൗണ്ട് ആര്‍ച്ചറി ടീം ഇനത്തിന്റെ ഫൈനലില്‍ ചൈനയെ പരാജയപ്പെടുത്തി ജ്യോതി സുരേഖ വെന്നം, ചികിത തനിപര്‍ത്തി, പ്രീതിക പ്രദീപ് എന്നിവരടങ്ങിയ ഇന്ത്യന്‍ ആര്‍ച്ചറി ത്രയം രാജ്യത്തിനായി മിന്നുന്ന സ്വര്‍മെഡല്‍ സ്വന്തമാക്കി. ചൈനയ്ക്കെതിരായ കലാശപ്പോരാട്ടത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ആര്‍ച്ചര്‍മാര്‍ 238-234 എന്ന സ്‌കോറിനാണ് വിജയം കൊയ്തത്. ആദ്യ റൊട്ടേഷന്‍ മുതല്‍ തന്നെ ലീഡ് നിലനിര്‍ത്തിയ ഇന്ത്യ, ജ്യോതിക്ക് തന്റെ നാലാമത്തെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവും, അരങ്ങേറ്റക്കാരായ ചികിതയ്ക്കും പ്രീതികയ്ക്കും അവരുടെ ആദ്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവും സമ്മാനിച്ചു. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഏഴാമത്തെ സ്വര്‍ണ്ണമെഡലാണിത്. ഇതോടെ 21 വെള്ളിയും 25 വെങ്കലവും അടക്കം ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 53 ആയി ഉയര്‍ന്നു. 2014-ല്‍ ദക്ഷിണ കൊറിയ കുറിച്ച 238 പോയിന്റ് എന്ന ലോക റെക്കോര്‍ഡിനൊപ്പമെത്തിയാണ് ഇന്ത്യ സ്വര്‍ണം ഉറപ്പിച്ചത്.

ഫൈനല്‍ മത്സരത്തില്‍ മൂന്ന് 9 പോയിന്റുകളോടെ തുടങ്ങിയ ചൈന ആദ്യ റൊട്ടേഷന്‍ 27 പോയിന്റില്‍ അവസാനിപ്പിച്ചു. മറുപടിയായി മൂന്ന് 10 പോയിന്റുകളോടെ തുടങ്ങിയ ഇന്ത്യന്‍ ത്രയം 30-27 എന്ന ലീഡ് നേടി. രണ്ടാം റൊട്ടേഷനില്‍ രണ്ട് 10 പോയിന്റുകളോടെ ചൈന തിരിച്ചടിച്ചെങ്കിലും, മൂന്ന് 10 പോയിന്റുകള്‍ നേടി ഇന്ത്യ മറുപടി നല്‍കി. ഇതോടെ രണ്ടാം റൊട്ടേഷന്റെ അവസാനത്തില്‍ ഇന്ത്യ 60-57 ന് മുന്നിലെത്തി. ചൈനയുടെ മുന്‍പത്തെ ഒരു 9 പോയിന്റ് റിവ്യൂവിന് ശേഷം 10 ആയി ഉയര്‍ത്തിയതോടെ ലീഡ് 60-58 ആയി കുറഞ്ഞു. മൂന്നാം റൊട്ടേഷനില്‍ ഒരു 9-ഉം തുടര്‍ച്ചയായി രണ്ട് 10-ഉം പോയിന്റുകളോടെയാണ് ചൈന തുടങ്ങിയത്. ചികിത ഒരു പോയിന്റ് നഷ്ടപ്പെടുത്തി ഇന്ത്യയുടെ ആദ്യ 9 സ്‌കോര്‍ ചെയ്തപ്പോള്‍, പ്രീതികയും ജ്യോതിയും 10 പോയിന്റുകള്‍ വീതം നേടി ലീഡ് 89-87 ആയി നിലനിര്‍ത്തി. മത്സരത്തിന്റെ പകുതിയില്‍, ഇന്ത്യ 119-116 ന് മുന്നിലായിരുന്നു. ചൈന ആദ്യ പകുതി അവസാനിപ്പിച്ചത് രണ്ട് 10-ഉം ഒരു 9-ഉം പോയിന്റുകളോടെയാണെങ്കില്‍, ഇന്ത്യ മൂന്ന് 10 പോയിന്റുകള്‍ നേടി മികച്ച ഫോം തുടര്‍ന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ചൈന മൂന്ന് 10 പോയിന്റുകള്‍ നേടി. ഇന്ത്യ ഒരു 9-ഉം രണ്ട് 10-ഉം നേടി 148-146 എന്ന ലീഡ് നിലനിര്‍ത്തി. തുടര്‍ന്നുള്ള റൊട്ടേഷനില്‍ ചൈനയ്ക്ക് തുടര്‍ച്ചയായി മൂന്ന് 10 പോയിന്റുകള്‍ നേടാനായില്ല, എന്നാല്‍ ഇന്ത്യ അത് കൃത്യമായി നേടുകയും ലീഡ് 178-175 ആയി ഉയര്‍ത്തുകയും ചെയ്തു. വീണ്ടും ഒരു റിവ്യൂവിന് ശേഷം ചൈനയുടെ മുന്‍പത്തെ ഒരു 9 പോയിന്റ് 10 ആയി ഉയര്‍ത്തിയതോടെ ഇന്ത്യയുടെ ലീഡ് 178-176 ആയി. അടുത്ത ഘട്ടത്തില്‍ ചൈന ഒരു 10-ഉം രണ്ട് 9-ഉം പോയിന്റുകളുമായി പിന്നാക്കം പോയപ്പോള്‍, പ്രീതികയുടെയും ജ്യോതിയുടെയും മികച്ച 10 പോയിന്റുകള്‍ ഇന്ത്യയെ 208-204 എന്ന ലീഡില്‍ എത്തിച്ചു. അവസാന ഘട്ടത്തില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം കൃത്യമായ 10 പോയിന്റുകള്‍ വീതം നേടി ഫൈനല്‍ അവസാനിപ്പിച്ച് ചൈനയ്ക്കെതിരെ വിജയം കൈവരിച്ചു. നേരത്തെ, ആവേശകരമായ സെമിഫൈനലില്‍ ദക്ഷിണ കൊറിയയെ വീഴ്ത്തിയാണ് ഇന്ത്യന്‍ വനിതാ ടീം ഫൈനലില്‍ കടന്നത്. വളരെ ചെറിയ വ്യത്യാസത്തില്‍ 235-233 എന്ന സ്‌കോറിനായിരുന്നു ഇന്ത്യയുടെ സെമിഫൈനല്‍ വിജയം. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ദക്ഷിണ കൊറിയ സമ്മര്‍ദ്ദം ചെലുത്തുകയും സ്‌കോര്‍ 175-175 സമനിലയിലാക്കുകയും ചെയ്തപ്പോള്‍, ഇന്ത്യ ആദ്യം ഒരു പോയിന്റ് ലീഡ് നേടി. തുടര്‍ന്ന് ചികിത തനിപര്‍ത്തിയും പ്രീതിക പ്രദീപും നേടിയ രണ്ട് 10 പോയിന്റുകളും ജ്യോതി സുരേഖ വെന്നമിന്റെ 9 പോയിന്റും ഇന്ത്യയ്ക്ക് 2 പോയിന്റിന്റെ വിജയം ഉറപ്പാക്കി.

8 ശ്രമങ്ങളില്‍ നിന്ന് 6 പത്ത് പോയിന്റുകള്‍ വീതം നേടി പ്രീതികയും ജ്യോതിയുമാണ് ഇന്ത്യയുടെ താരങ്ങളായത്. ചികിത 8 ശ്രമങ്ങളില്‍ നിന്ന് 5 പത്ത് പോയിന്റുകള്‍ നേടി. മത്സരത്തിന്റെ തുടക്കത്തില്‍ പ്രീതിക 9-ഉം ജ്യോതി 10-ഉം പോയിന്റുകള്‍ നേടി ഇന്ത്യക്ക് നല്ല തുടക്കം നല്‍കി. മൂന്ന് 10 പോയിന്റുകളോടെയാണ് ദക്ഷിണ കൊറിയ തുടങ്ങിയത്. രണ്ടാം റൊട്ടേഷനില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളും 10 പോയിന്റുകള്‍ വീതം നേടിയപ്പോള്‍, ദക്ഷിണ കൊറിയ സ്‌കോര്‍ 59-59 സമനിലയിലാക്കി. മൂന്നാം റൊട്ടേഷന്റെ തുടക്കത്തില്‍ ചികിതയ്ക്ക് 9 പോയിന്റ് മാത്രമേ നേടാനായുള്ളൂവെങ്കിലും, പ്രീതികയും ജ്യോതിയും 10 പോയിന്റുകള്‍ നേടി അത് പരിഹരിച്ചു. ദക്ഷിണ കൊറിയ ഒരു 9 പോയിന്റോടെ തുടങ്ങുകയും അടുത്ത രണ്ട് ഷോട്ടുകളിലും അതേ സ്‌കോര്‍ നേടുകയും ചെയ്തതോടെ ഇന്ത്യ മത്സരത്തില്‍ ആദ്യമായി 88-86 എന്ന ലീഡ് നേടി. അടുത്ത റൊട്ടേഷനില്‍ ചികിതയും പ്രീതികയും ജ്യോതിയും 10 പോയിന്റുകള്‍ വാരുകയും, കൊറിയയുടെ 14 വയസ്സുകാരി കാങ് തുടര്‍ച്ചയായ മൂന്നാം 9 പോയിന്റിലേക്ക് വീഴുകയും ചെയ്തതോടെ പകുതി ഘട്ടത്തില്‍ ഇന്ത്യ 118-115 ന് മുന്നിലെത്തി.

രണ്ടാം പകുതിയില്‍ കൊറിയക്കാര്‍ ആദ്യം ഷൂട്ട് ചെയ്തപ്പോള്‍ അതേ സ്‌കോറുകള്‍ തിരിച്ചുപിടിക്കേണ്ട ചുമതല ഇന്ത്യയ്ക്കായിരുന്നു. തുടക്കത്തില്‍ മൂന്ന് 10 പോയിന്റുകള്‍ നേടി ദക്ഷിണ കൊറിയ തിരിച്ചുവന്നു. ഇന്ത്യക്കായി ചികിതയും പ്രീതികയും 10 പോയിന്റുകള്‍ വീതം നേടിയപ്പോള്‍ ജ്യോതി മത്സരത്തിലെ തന്റെ ആദ്യ 9 പോയിന്റ് രേഖപ്പെടുത്തി. എങ്കിലും ഇന്ത്യ 147-145 ന് മുന്നിട്ടുനിന്നു. വീണ്ടും മൂന്ന് 10 പോയിന്റുകള്‍ നേടി കൊറിയ മത്സരം 175-175 എന്ന നിലയില്‍ സമനിലയിലാക്കി. തുടര്‍ന്ന് കൊറിയ രണ്ട് 10-ഉം കാങ് ഒരു 9-ഉം പോയിന്റും നേടിയപ്പോള്‍, ചികിത ഒരു 9-ഉം മറ്റ് രണ്ട് ഇന്ത്യന്‍ താരങ്ങള്‍ 10 പോയിന്റുകള്‍ വീതവും നേടി തിരിച്ചടിച്ചു. ഓരോ കളിക്കാരനും ഇനി ഒരു അമ്പ് വീതം ബാക്കിയുള്ളപ്പോള്‍ ഇന്ത്യ 205-204 ന് ഒരു പോയിന്റിന് മുന്നിലായി. ദക്ഷിണ കൊറിയ 233 പോയിന്റില്‍ മത്സരം അവസാനിപ്പിച്ചപ്പോള്‍, ചികിതയുടെയും പ്രീതികയുടെയും രണ്ട് 10 പോയിന്റുകളും ജ്യോതിയുടെ 9 പോയിന്റും ഇന്ത്യയെ 235-233 ന് വിജയത്തിലെത്തിച്ചു.

content highlights: Asian Games: India Wins Gold in Women's Compound Archery Team Event

To advertise here,contact us