ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിനവും മെഡൽ വേട്ട തുടർന്ന് ഇന്ത്യ. കുറാഷിലും ഷൂട്ടിങ്ങിലുമാണ് ഇന്ത്യ ഇന്ന് മെഡൽ നേടിയത്. അഫ്ഗാനിസ്ഥാനുമായുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടം മഴ മൂലം ഉപേക്ഷിച്ചതോടെ ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് ടീം സെമി കടന്നു.
ഇന്ത്യയുടെ വലിയ പ്രതീക്ഷയായ അത്ലറ്റ്കസിലും ഇന്ന് നിരവധി ഫൈനലുകളുണ്ട്. 400 മീറ്റര്‍ വനിതകളുടെ ഹഡില്‍സിൽ അനു രാഘവനും പുരുഷ ലോങ് ജമ്പിൽ ശ്രീശങ്കര്‍ മുരളിയും ഇന്ന് ഫൈനലിനിറങ്ങും.
കുറാഷിൽ വനിതകളുടെ 78 കിലോഗ്രാം വിഭാഗത്തിൽ പിങ്കി ബൽഹാരയാണ് ഇന്ത്യയ്ക്ക് വേണ്ടി വെങ്കലം നേടിയത്. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ ഇഷാ സിങ് വെള്ളിയും നേടി. ഉറച്ച പ്രതീക്ഷയായിരുന്ന ഒളിംപിക്സ് ജേതാവ് കൂടിയായ മനു ഭാക്കറിന് മെഡൽ നേടാനാവാത്തത് തിരിച്ചടിയായി.
ബോക്സിങ്ങിൽ വനിതകളുടെ 75 കിലോ വിഭാഗത്തിൽ ലവ്ലിന ബോർഗോഹെയ്ൻ മെഡലുറപ്പിച്ചു. ക്വാർട്ടർ ഫൈനലിൽ ദക്ഷിണ കൊറിയയുടെ സിയോങ് സുയോനെ പരാജയപ്പെടുത്തി സെമി കടന്നതോടെയാണ് ലവ്ലിന മെഡലുറപ്പിച്ചത്.
അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് ഇന്നിനി ഒമ്പത് ഇനങ്ങളിൽ ഫൈനൽ പോരാട്ടമുണ്ട്. 400 മീറ്റര്‍ വനിതകളുടെ ഹഡില്‍സിൽ അനു രാഘവന് വൈകുന്നേരം 3 .53 നും പുരുഷ ലോങ് ജമ്പിൽ എം ശ്രീശങ്കര്‍ 4.25 നും ട്രാക്കിലിറങ്ങും.
content highlights: asian games kurash shooting medals murali sreeshankar athletics