ഏഷ്യൻ ഗെയിംസില്‍ വെള്ളി തിളക്കത്തോടെ മലയാളി താരം ആൻസി സോജൻ. വനിതകളുടെ ലോങ്ങ് ജംപിൽ വെള്ളി നേടിയാണ് തൃശൂർ സ്വദേശി രാജ്യത്തിന്റെ അഭിമാനമായത്. ആൻസിയുടെ വെള്ളിക്ക് പുറമെ ഇന്ത്യ ഇന്ന് അഞ്ച് മെഡലുകൾ കൂടി നേടി.
വനിതകളുടെ200 മീറ്ററിലും വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിലും പുരുഷന്മാരുടെ ഹൈജംപിലും പുരുഷ-വനിതാ സ്ക്വാഷ് സിംഗിൾസിലുമാണ് നേട്ടം.
രണ്ട് സെന്റീമീറ്ററിനാണ് ആൻസി സോജന് സ്വർണം നഷ്ടമായത്. ആൻസി 6 .53 മീറ്റർ ദൂരം ചാടിയപ്പോൾ അവസാന ശ്രമത്തിൽ 6 .55 മീറ്റർ ചാടി ചൈനയുടെ ഹുവാങ് യിങ് സ്വർണം പിടിച്ചെടുത്തു.
പുരുഷ സിംഗിൾസ് സ്ക്വാഷിൽ അഭയ് സിങും വനിതാ സിംഗിള്‍സ് സ്ക്വാഷിൽ അനാഹത് സിങുമാണ് വെള്ളി നേടിയത്. ഫൈനലിൽ മലേഷ്യൻ താരങ്ങളോട് തോറ്റാണ് ഇരുവർക്കും സ്വർണം നഷ്ടമായത്. 18കാരിയായ അനാഹത് സിങ് ഏഷ്യൻ ഗെയിംസ് വനിതാ സിംഗിൾസ് സ്ക്വാഷിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യക്കാരി കൂടിയാണ്.
വനിതാ 200 മീറ്റർ 23.20 സെക്കൻഡിൽ ഓടി ഫിനിഷ് ചെയ്താണ് ഇന്ത്യയുടെ ഹരിത ഭദ്ര വെങ്കലം നേടിയത്. പുരുഷന്മാരുടെ ഹൈജംപിൽ 2.25 മീറ്റർ ഉയരം മറികടന്ന് സർവേഷ് കുഷാരെ വെള്ളി നേടി. വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ പരുൾ ചൗധരിക്ക് വെങ്കലം. 9:08.67 സമയത്തിൽ ഓടിയെത്തി ദേശീയ റെക്കോർഡിട്ടാണ് നേട്ടം.
content highlights: asian games ancy sojan squash double silver athletics medals