മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ആരോഗ്യനിലയിൽ വീണ്ടും ആശങ്ക. താനെയിലെ ഒരു വയോജന പരിചരണ കേന്ദ്രത്തിൽ കഴിയുന്ന കാംബ്ലിയുടെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് വീണ്ടും ചർച്ചകൾ സജീവമായത്. താനെയിലെ 'നിദാൻ സെന്റർ ഫോർ എൽഡർലി കെയർ' എന്ന കേന്ദ്രത്തിൽ നിന്നുള്ളതാണ് ഈ വീഡിയോ.
വയോജന കേന്ദ്രത്തിലെ ശുചിത്വത്തെയും സൗകര്യങ്ങളെയും പ്രശംസിച്ച് കാംബ്ലി സംസാരിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. വയോജന കേന്ദ്രത്തിലെ ജീവിതം സ്വന്തം വീട്ടിലെന്ന പോലെ അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും, വ്യക്തമായി സംസാരിക്കാൻ പോലും പ്രയാസപ്പെടുന്ന കാംബ്ലിയുടെ ശാരീരികാവസ്ഥയാണ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്.
54-കാരനായ കാംബ്ലി കഴിഞ്ഞ കുറച്ചുകാലമായി കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണ്. കാംബ്ലിയുടെ തലച്ചോറിൽ രക്തക്കട്ട പിടിച്ചിട്ടുണ്ടെന്നും ഇതുമൂലം അദ്ദേഹത്തിന് ഓർമ്മക്കുറവുണ്ടെന്നും മുമ്പ് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ കാംബ്ലിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നുമാണ് ഭാര്യ ആന്ദ്രിയയുടെ വിശദീകരണം.
content highlights: vinod kambli health condition old age home reports