ഏഷ്യന്‍ ഗെയിംസ് 2026-ല്‍ പുരുഷന്മാരുടെ മാരത്തണ്‍ മത്സരത്തില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യന്‍ മാരത്തണ്‍ താരം സാവന്‍ ബര്‍വാള്‍ ചരിത്രം കുറിച്ചു. ഈ ഇനത്തില്‍ പോഡിയം ഫിനിഷിനായി ഇന്ത്യ നടത്തിയ 44 വര്‍ഷത്തെ കാത്തിരിപ്പാണ് ഇതോടെ അവസാനിച്ചത്. പുരുഷന്മാരുടെ മാരത്തണ്‍ ഫൈനലില്‍ 2:11:37 സമയത്തില്‍ ഓടിയെത്തിയാണ് ബര്‍വാള്‍ തന്റെ വ്യക്തിഗത മികച്ച പ്രകടനവും പുതിയ ദേശീയ റെക്കോര്‍ഡും കുറിച്ചത്. മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ മുന്നേറി സ്വര്‍ണം നേടിയ ജപ്പാന്റെ യമാഷിറ്റയ്ക്ക് പിന്നിലാണ് ബര്‍വാള്‍ ഫിനിഷ് ചെയ്തത്.
മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ബര്‍വാള്‍, 10 കിലോമീറ്റര്‍ മാര്‍ക്കിന് ശേഷം മുന്‍നിര ഓട്ടക്കാര്ക്കൊപ്പമുണ്ടായിരുന്നു. 21 കിലോമീറ്ററില്‍ അദ്ദേഹം മുന്നിലെത്തുകയും, വേഗത വര്‍ധിച്ചപ്പോഴും മുന്‍നിര സംഘത്തോടൊപ്പം തുടരുകയും ചെയ്തു. 30 കിലോമീറ്ററിനും 35 കിലോമീറ്ററിനും ഇടയില്‍ ഇന്ത്യന്‍ താരം മുന്‍നിര സ്ഥാനക്കാരുടെ നിരയില്‍ തുടര്‍ന്നു. ജപ്പാന്റെ യമാഷിറ്റ, ചൈനയുടെ ഹാന്‍, ബര്‍വാള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന മൂവര്‍ സംഘമായിരുന്നു അപ്പോള്‍ മുന്നില്‍.
36 കിലോമീറ്റര്‍ എത്തിയപ്പോള്‍, യമാഷിറ്റ തൊട്ടുപിന്നിലുള്ള സംഘത്തില്‍ നിന്ന് 20-30 മീറ്റര്‍ ദൂരത്തിന്റെ ലീഡ് നേടി. എന്നാല്‍ ബര്‍വാള്‍ തന്റെ മികച്ച ഓട്ടം തുടരുകയും രണ്ടാം സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. ഫിനിഷിംഗ് ലൈന്‍ വരെ വെള്ളി മെഡല്‍ സ്ഥാനം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിനായി. 44 വര്‍ഷത്തിന് ശേഷമാണ് ഏഷ്യന്‍ ഗെയിംസ് മാരത്തണില്‍ ഇന്ത്യ ഒരു മെഡല്‍ നേടുന്നത്. ഐച്ചി-നഗോയയിലെ ഇന്ത്യയുടെ അത്ലറ്റിക്സ് ക്യാമ്പയിനിലേക്ക് മറ്റൊരു ചരിത്രനേട്ടം കൂടി കൂട്ടിച്ചേര്‍ക്കാന്‍ ബര്‍വാളിന്റെ പ്രകടനത്തിലൂടെ സാധിച്ചു.
ഇന്ത്യയുടെ കാര്‍ത്തിക് കര്‍ക്കേരയും പുരുഷന്മാരുടെ മാരത്തണ്‍ ഫൈനലില്‍ മത്സരിച്ചിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ മുന്‍നിര സംഘത്തിലുണ്ടായിരുന്നെങ്കിലും പിന്നീട് പിന്നിലായിപ്പോവുകയായിരുന്നു. ഇതുവരെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ രണ്ട് സ്വര്‍ണവും 10 വെള്ളിയും 12 വെങ്കലവും ഉള്‍പ്പെടെ 24 മെഡലുകള്‍ നേടിയിട്ടുണ്ട്. ഇതില്‍ 10 മെഡലുകള്‍ ഷൂട്ടിങ്ങില്‍ നിന്നാണ്.
അതേസമയം, ശനിയാഴ്ച നടക്കുന്ന ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ പ്രധാന മത്സരങ്ങളില്‍, ഇന്ത്യയുടെ പുരുഷ-വനിതാ കബഡി ടീമുകള്‍ സ്വര്‍ണ മെഡലിനായി പോരാടും. രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ പി.വി. സിന്ധു ബാഡ്മിന്റണ്‍ സിംഗിള്‍സ് പോരാട്ടത്തിന് തുടക്കമിടും. ടോക്കായ് സിറ്റിസണ്‍ ജിംനേഷ്യത്തില്‍ നടക്കുന്ന സ്വര്‍ണ മെഡല്‍ പോരാട്ടങ്ങളില്‍ രണ്ട് ഇന്ത്യന്‍ കബഡി ടീമുകളും ഇറാനെയാണ് നേരിടുക. രാവിലെ വനിതാ ഫൈനലും ഉച്ചയ്ക്ക് പുരുഷന്മാരുടെ കിരീടപ്പോരാട്ടവും നടക്കും. ഇന്ത്യന്‍ പുരുഷ ടീം അവരുടെ ഒമ്പതാം ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ലക്ഷ്യമിടുമ്പോള്‍, വനിതാ ടീം നാലാം കിരീടമാണ് തേടുന്നത്.
content highlights: Record Silver in Marathon: Sawan Barwal Ends 44-Year Drought at Asian Games