ഏഷ്യന്‍ ഗെയിംസ് റോവിങ്ങില്‍ വെങ്കല മെഡല്ത്തിളക്കത്തിലാണ് സല്മാന് ഖാന്. പക്ഷെ, ഇങ്ങോട്ടുള്ള സല്‍മാന്റെ യാത്ര അത്ര എളുപ്പമല്ലായിരുന്നു. മെഡല്‍ വേദിയിലേക്കുള്ള യാത്രയില്‍ താരം നേരിട്ട പ്രതിസന്ധികളെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് താരത്തിന്റെ അമ്മ. കുടുംബം പുലര്‍ത്താന്‍ ക്യാബ് ഡ്രൈവറായി ജോലി ചെയ്തത് മുതല്‍ സൈന്യത്തില്‍ ചേരുന്നതും ഒടുവില്‍ ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടത്തിലേക്ക് ഉയര്‍ന്നതും വരെയുള്ള വഴികളാണ് അമ്മ പങ്കുവെച്ചത്. വ്യാഴാഴ്ച നടന്ന പുരുഷന്മാരുടെ ഡബിള്‍ സ്കള്‍സ് ഫൈനലില്‍ സത്നാം സിങ്-സല്മാന് ഖാന് ജോഡിയാണ് വെങ്കല മെഡല്‍ കരസ്ഥമാക്കിയത്. 6:13.25 സമയത്തിലാണ് ഇരുവരും ഫിനിഷ് ചെയ്തത്. സ്വര്‍ണ്ണ മെഡല്‍ നേടിയ ചൈനീസ് ജോഡിയായ യി ക്സുഡി / നൈ യിഡെ എന്നിവരേക്കാള്‍ 3.48 സെക്കന്‍ഡും, വെള്ളി മെഡല്‍ നേടിയ മെഖ്രോജ്ബെക് മമത്കുലോവ് / പവല്‍ സോറിന് എന്നിവരേക്കാള്‍ 2.76 സെക്കന്‍ഡും മാത്രം പിന്നിലാണ് ഇവര്‍ എത്തിയത്. തന്റെ മകന്റെ നേട്ടത്തില്‍ അഭിമാനം പ്രകടിപ്പിച്ച സല്മാന് ഖാന്റെ അമ്മ ജബ്രുന് നിഷ അവന് രാജ്യത്തിന് മുഴുവന്‍ അഭിമാനമായി മാറിയെന്ന് പറഞ്ഞു.
'തുടക്കം മുതല്‍ ഞങ്ങള്‍ അവനുവേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു. അവന് മത്സരിക്കാന്‍ പോയതാണെന്ന് അറിയാമായിരുന്നതിനാല്‍ ദിവസങ്ങളായി പ്രാര്‍ത്ഥനയിലായിരുന്നു. ഇന്ന് ഞങ്ങളുടെ വീട്ടിലെല്ലാവരും പുലര്‍ച്ചെ 4:00 മണിയോടെ ഉണര്‍ന്ന് പ്രാര്‍ത്ഥിച്ചു. 5:00 മണിയോടെ വാര്‍ത്ത ലഭിച്ചു. ഞങ്ങള്‍ വളരെയധികം സന്തോഷത്തിലാണ്, ഞങ്ങളുടെ അയല്‍ക്കാരും ഗ്രാമമൊട്ടാകെയും വീട്ടിലുള്ള എല്ലാവരും ഒരുപോലെ സന്തോഷിക്കുന്നു. സന്തോഷം വാക്കുകള്‍ക്ക് അതീതമാണ്. അവന് -അവര്‍ പറഞ്ഞു.
തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും മുന്‍പ് ഹരിയാണയില്‍ താമസിച്ചിരുന്നതിനെക്കുറിച്ചും സല്‍മാന്റെ അമ്മ ഓര്‍ത്തെടുത്തു. അച്ഛന്റെ വിയോഗത്തിന് ശേഷം അവിടെനിന്ന് മടങ്ങിയെന്നും, ചെറിയ ആറ് കുട്ടികളുള്ള കുടുംബത്തെ സംരക്ഷിക്കാന്‍ സല്മാന് ക്യാബ് ഓടിക്കാന്‍ തുടങ്ങിയെന്നും അവര്‍ പറഞ്ഞു. 'ഞങ്ങള്‍ ഒരുപാട് കഷ്ടപ്പാടുകള്‍ നേരിട്ടു. തുടക്കത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുകയും പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോകുകയും ചെയ്തു. മുന്‍പ് ഞങ്ങള്‍ ഹരിയാണയിലാണ് താമസിച്ചിരുന്നത്. അച്ഛന് മരിച്ചപ്പോള്‍ കുടുംബത്തിന് അവിടെനിന്ന് മടങ്ങിപ്പോരേണ്ടി വന്നു. പിന്നീട് അവന് വീണ്ടും പുറത്തുപോയി; ആദ്യം കുടുംബത്തെ സംരക്ഷിക്കാനും എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കാനുമായി അവന് ഒരു ക്യാബ് ഓടിച്ചു' -അവര്‍ ഓര്‍ത്തെടുത്തു.
'ഞങ്ങള്‍ക്ക് ആറ് ചെറിയ കുട്ടികളുണ്ട്- നാല് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും. അച്ഛന് മരിക്കുമ്പോള്‍ കുട്ടികള്‍ വളരെ ചെറുതായിരുന്നു; ഒരാള്‍ക്ക് ഒരു വയസ്സ് മാത്രമായിരുന്നു പ്രായം, സല്മാന് 17 അല്ലെങ്കില്‍ 18 വയസ്സും. അവന് കുടുംബത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുത്തു' -അവര്‍ കൂട്ടിച്ചേര്‍ത്തു. ക്യാബ് ഓടിക്കുന്നതിനിടയില്‍ ചിലവുകള്‍ മാനേജ് ചെയ്തിരുന്നെങ്കിലും, സല്‍മാന്റെ നല്ല ശാരീരികക്ഷമത കണ്ട് സൈന്യത്തില്‍ ചേരാന്‍ ബന്ധുക്കളും അയല്‍ക്കാരും അടുത്ത ആളുകളും ഉപദേശിച്ചതായി അമ്മ പറഞ്ഞു. ആദ്യ ശ്രമത്തില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് അവന് തിരഞ്ഞെടുക്കപ്പെട്ടു. സൈന്യത്തില്‍ കായിക മേഖലയിലേക്കാണ് സല്മാന് തിരഞ്ഞെടുക്കപ്പെട്ടത്, അവിടെ നിന്നാണ് അദ്ദേഹത്തിന്റെ യാത്ര ആരംഭിച്ചത്.
'നല്ല ശാരീരിക വളര്‍ച്ചയുള്ളതിനാല്‍ സൈന്യത്തില്‍ ചേരാന്‍ ശ്രമിക്കാന്‍ ബന്ധുക്കളും സഹോദരന്മാരും അയല്‍ക്കാരും അവനോട് നിര്‍ദ്ദേശിച്ചു. ആദ്യ ശ്രമത്തില്‍ പരാജയപ്പെട്ടപ്പോള്‍ അവന് നിരാശനായി, ഇനി പോകില്ലെന്നും ഡ്രൈവിംഗ് തുടരുമെന്നും പറഞ്ഞു. എന്നാല്‍ അവന് വീണ്ടും ശ്രമിച്ചു, വിജയിച്ചു, സൈന്യത്തില്‍ ചേര്‍ന്നു' -അവര്‍ ഓര്‍ത്തെടുത്തു. 'സൈന്യത്തില്‍ അവന്റെ ശാരീരികക്ഷമത കണ്ട് അവര്‍ അവനെ കായികരംഗത്തേക്ക് തിരഞ്ഞെടുത്തു. തുടക്കത്തില്‍ താല്പര്യമില്ലായിരുന്നെങ്കിലും ഫിറ്റ്നസ് കാരണം അവര്‍ അവനെ സ്പോര്‍ട്സില്‍ തന്നെ നിലനിര്‍ത്തി. തുടര്‍ന്ന് അവന് നിരവധി മെഡലുകള്‍ നേടി, അവയെല്ലാം വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. ഈ നിലയിലെത്താന്‍ അവന് വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്തു. ഒടുവില്‍ ദൈവം ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടു, അവന് അവിടെയെത്തി, ദൈവകൃപയാല്‍ അവന് വിജയിച്ചു' അമ്മ പറഞ്ഞു.
content highlights: From Uber Driver to Asian Games Medalist: The Inspiring Journey of Salman Khan