ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 49 കിലോ ഭാരോദ്വഹന വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടി ഒളിമ്പിക് മെഡല്‍ ജേതാവും മൂന്ന് തവണ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുമായ മീരാബായ് ചാനു തന്റെ കന്നി ഏഷ്യന്‍ ഗെയിംസ് മെഡല്‍ സ്വന്തമാക്കി. കര്‍ണം മല്ലേശ്വരിക്ക് ശേഷം പ്രധാന അന്താരാഷ്ട്ര ഭാരോദ്വഹന മത്സരങ്ങളായ ഒളിമ്പിക്സ്, ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പ് എന്നിവയിലെല്ലാം മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ഭാരോദ്വഹന താരമായി മീരാഭായ് ചാനു മാറി.
മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ചാനു ആകെ 198 കിലോ ഭാരം ഉയര്‍ത്തി. സ്നാച്ച് വിഭാഗത്തിലെ മൂന്ന് ശ്രമങ്ങളും വിജയകരമായി പൂര്‍ത്തിയാക്കിയ അവര്‍ 83 കിലോ, 85 കിലോ, 87 കിലോ വീതം ഉയര്‍ത്തി. ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് വിഭാഗത്തില്‍ 107 കിലോ ഉയര്‍ത്തി ആരംഭിച്ച ചാനു, തന്റെ രണ്ടാമത്തെ ശ്രമത്തില്‍ 111 കിലോ വിജയകരമായി പൂര്‍ത്തിയാക്കി ആകെ സ്കോര്‍ 198 കിലോയില്‍ എത്തിച്ചു. ആകെ 215 കിലോ ഭാരം ഉയര്‍ത്തി വടക്കന്‍ കൊറിയയുടെ റി സോങ് ഗം സ്വര്‍ണ്ണ മെഡല്‍ നേടി. വി ജയാന വെങ്കല മെഡല്‍ സ്വന്തമാക്കി.
2023 ലെ ഹാംഗ്ഷൗ ഏഷ്യന്‍ ഗെയിംസില്‍ പരിക്കുമൂലം ഫൈനല്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് ശ്രമത്തില്‍ നിന്ന് പിന്മാറേണ്ടി വരികയും നാലാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്ത ചാനുവിന് ഈ മെഡല്‍ നേട്ടം ചരിത്രപരമായ ഒന്നായി മാറി. ടോക്കിയോ 2020 ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടിയ ചാനു, അടുത്തിടെ സമാപിച്ച കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ ശേഷമാണ് ഈ മത്സരത്തിനിറങ്ങിയത്. ഇതിലൂടെ തന്റെ തിളങ്ങുന്ന കരിയറിലേക്ക് മറ്റൊരു പ്രധാന മെഡല്‍ കൂടി അവര്‍ കൂട്ടിച്ചേര്‍ത്തു.
മറ്റ് ഇനങ്ങളില്‍ മത്സരം തുടരുമ്പോഴും ഈ വെള്ളി മെഡല്‍ നേട്ടം ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ മെഡല്‍ പട്ടികയ്ക്ക് തിളക്കമേറ്റി. ഷൂട്ടിങ്, സോഫ്റ്റ് ടെന്നീസ്, ഭാരോദ്വഹനം എന്നീ ഇനങ്ങളില്‍ ഇന്ത്യ ഇന്ന് മെഡലുകള്‍ സ്വന്തമാക്കിയപ്പോള്‍ കബഡി, ബോക്സിങ്, സ്ക്വാഷ്, റോയിംഗ്, കനോ സ്പ്രിന്റ്, ടേബിള്‍ ടെന്നീസ് എന്നീ ഇനങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു.
ഷൂട്ടിങ്ങില്‍ ഇന്ത്യ രണ്ട് വെങ്കല മെഡലുകള്‍ കൂടി നേടി. റെയ്സ ധില്ലണ്‍, പരീനാസ് ധലിവാള്‍, മഹേശ്വരി ചൗഹാന് എന്നിവരടങ്ങിയ വനിതാ സ്കീറ്റ് ടീം ആകെ 331 സ്കോറോടെ മൂന്നാം സ്ഥാനത്തെത്തി. ഏഷ്യന്‍ ഗെയിംസ് വനിതാ സ്കീറ്റ് ടീം ഇനത്തില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. അനന്ത്ജീത്ത് സിംഗ് നരുക, മൈരാജ് അഹമ്മദ് ഖാന്, ഭവ്തേഗ് സിംഗ് ഗില്‍ എന്നിവരടങ്ങിയ പുരുഷന്മാരുടെ സ്കീറ്റ് ടീം 346 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി വെങ്കലം നേടി. നരുക പുരുഷന്മാരുടെ സ്കീറ്റ് വ്യക്തിഗത ഫൈനലിലേക്കും യോഗ്യത നേടി.
ഒളിമ്പിക് മെഡല്‍ ജേതാവ് മനു ഭാക്കര്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഫൈനലില്‍ അഞ്ചാം സ്ഥാനത്തെത്തി, എന്നാല്‍ സുരുചി ഇന്ദര്‍ സിംഗിനും ഈഷ സിംഗിനും മെഡല്‍ റൗണ്ടിലേക്ക് യോഗ്യത നേടാനായില്ല. കബഡിയില്‍ ഗ്രൂപ്പ് എ മത്സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയ ശേഷം ഇന്ത്യന്‍ വനിതാ ടീം ഇറാനെ 37-23 ന് തോല്‍പ്പിച്ചു. പുരുഷ ടീമും ബംഗ്ലാദേശിനെ തോല്‍പ്പിച്ചു. ബോക്സിംഗില്‍ പുരുഷന്മാരുടെ 80 കിലോ വിഭാഗത്തില്‍ ബഹ്റൈന്റെ ഹംസ വോഗലിനെ 5-0 ന് തോല്‍പ്പിച്ച് അങ്കുഷ് പ്രീ-ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്ക്വാഷ് പുരുഷ സിംഗിള്‍സ് റൗണ്ട് ഓഫ് 32-ല്‍ തായ്ലന്‍ഡിന്റെ അര്ക്കാരാഡെറ്റിനെ 11-1, 11-0, 11-2 ന് തോല്‍പ്പിച്ച് അഭയ് സിംഗ് മുന്നേറി.
റോയിംഗിലും കനോ സ്പ്രിന്റിലും ഇന്ത്യ മുന്നേറ്റം തുടര്‍ന്നു. പുരുഷ സിംഗിള്‍ സ്കള്‍സ് ഫൈനലില്‍ ബല്‍രാജ് പന്‍വാറും ഡബിള്‍ സ്കള്‍സ് ഫൈനലില്‍ സത്നാം സിംഗും സല്മാന് ഖാനും യോഗ്യത നേടി. പുരുഷന്മാരുടെ കയാക് ഫോര്‍ 500 മീറ്റര്‍ ടീമും ഫൈനലില്‍ കടന്നു. കനോ സ്പ്രിന്റില്‍ മേഘ പ്രദീപ്, പ്രസന്ന കുമാര്‍, പ്രോഹിത് ബറോയ്, പാര്‍വതി ഗീത, ഫെയറെംബാം സോണിയ ദേവി എന്നിവരും അടുത്ത റൗണ്ടുകളിലേക്ക് മുന്നേറി. ടേബിള്‍ ടെന്നീസ് മിക്സഡ് ഡബിള്‍സില്‍ മനുഷ് ഷാ-ദിയ ചിതാലെ ജോഡിയും യശസ്വിനി ഘോര്‍പഡെ-ഹര്‍മീത് ദേശായി ജോഡിയും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഫെന്‍സിംഗില്‍ ജി.എന്‍. കുമരേശന്‍, മീനാദേവി നവോറെം, ആശിത സ്റ്റാലിന്രാജ്, കരണ്‍ സിംഗ് എന്നിവര്‍ പുറത്തായി. സ്വിമ്മിംഗില്‍ ബെനഡിക്റ്റണ് ബെനിസ്റ്റണ് 13-ാം സ്ഥാനത്തെത്തി. റോയിംഗില്‍ ഗുര്‍ബാനി കൗര്‍, അലീന ആന്റോ, തെന്ഡെന്തോയ് ഹാഓബിജാം, പൂനം എന്നിവരടങ്ങിയ വനിതാ ഫോര്‍ ടീം ഫൈനല്‍ എ-യിലേക്ക് യോഗ്യത നേടി. സെപക്തക്രോയില്‍ ഇന്ത്യ ഫിലിപ്പീന്‍സിനെ 2-1 ന് തോല്‍പ്പിച്ചെങ്കിലും അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടാനായില്ല.
content highlights: Silver in Weightlifting: Mirabai Chanu Wins Maiden Asian Games Medal