ഏഷ്യന്‍ ഗെയിംസ്: ഉദ്ഘാടന ചടങ്ങില്‍ മനു ഭേക്കറും തേജീന്ദര്‍പാല്‍ സിങ് ടൂറും ഇന്ത്യന്‍ പതാകയേന്തും

ജപ്പാനിലെ ഐച്ചി-നാഗോയയിലാണ് ഏഷ്യന്‍ ഗെയിംസ് മത്സരങ്ങള്‍ നടക്കുന്നത്

ജപ്പാനിലെ ഐച്ചി-നാഗോയയില്‍ നടക്കുന്ന 2026 ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇരട്ട ഒളിംപിക് മെഡല്‍ ജേതാവ് മനു ഭേക്കറും പ്രമുഖ ഷോട്ട്പുട്ട് താരം തേജീന്ദര്‍പാല്‍ സിങ് ടൂറും ഇന്ത്യന്‍ പതാകയേന്തും. സെപ്റ്റംബര്‍ 19 ശനിയാഴ്ച നടക്കുന്ന വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങിലാണ് ഇരു താരങ്ങളും ഇന്ത്യന്‍ സംഘത്തെ നയിക്കുക. ഇന്ത്യയുടെ ഷെഫ് ഡി മിഷന്‍ സഹദേവ് യാദവാണ് ഷൂട്ടിങ് താരം മനു ഭേക്കറിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ അത്ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തേജീന്ദര്‍പാല്‍ സിങ് ടൂറിനെയും രണ്ടാമത്തെ പതാകാവാഹകനായി പ്രഖ്യാപിച്ചു.

2024 പാരിസ് ഒളിംപിക്‌സില്‍ രണ്ടു മെഡലുകള്‍ നേടി സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു ഒളിംപിക്‌സില്‍ രണ്ടു മെഡലുകള്‍ സ്വന്തമാക്കുന്ന ആദ്യ അത്ലറ്റെന്ന നേട്ടം കുറിച്ചാണ് ഷൂട്ടര്‍ മനു ഭേക്കര്‍ ഈ അപൂര്‍വ്വ ബഹുമതിക്ക് അര്‍ഹയായത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും സരബ്ജോത് സിംഗിനൊപ്പം 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തിലുമായിരുന്നു മനു വെങ്കല മെഡലുകള്‍ കരസ്ഥമാക്കിയത്.

ഏഷ്യന്‍ ഗെയിംസിലെ മിന്നും പ്രകടനങ്ങളുടെ പാരമ്പര്യവുമായാണ് ഷോട്ട്പുട്ട് താരം തേജീന്ദര്‍പാല്‍ സിങ് ടൂര്‍ പതാകാവാഹകനായി എത്തുന്നത്. 2018-ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും 2023-ലെ ഹാംഗ്ഷൂ ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടി കിരീടം നിലനിര്‍ത്തിയ താരമാണ് 31-കാരനായ ടൂര്‍. ഇക്കുറി ഹാട്രിക് സ്വര്‍ണം ലക്ഷ്യമിട്ടാണ് താരം ഇറങ്ങുന്നത്. മത്സരങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് നാപോയ സിറ്റി മിസുഹോ പാര്‍ക്ക് അത്ലറ്റിക് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ അരങ്ങേറുന്നത്. ഇത്തവണ 503 അംഗങ്ങളുള്ള ശക്തമായ കായിക സംഘത്തെയാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസിനായി അയച്ചിരിക്കുന്നത്.

content highlights: Manu Bhaker and Tajinderpal Singh Toor Named India's Flag-Bearers for Asian Games Opening Ceremony

To advertise here,contact us