ഹോക്കി ലോകകപ്പ്: ഇന്ത്യക്ക് വിജയത്തുടക്കം, വെയില്‍സിനെ 3-1ന് തോല്‍പ്പിച്ചു

ടീമിനെ മുന്നില്‍നിന്ന് നയിച്ച് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്, അടുത്തമത്സരം ഇംഗ്ലണ്ടിനെതിരെ

പുരുഷ ഹോക്കി ലോകകപ്പില്‍ വെയില്‍സിനെ 3-1ന് പരാജയപ്പെടുത്തി ഇന്ത്യക്ക് മികച്ച തുടക്കം. മത്സരത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ തന്നെ രണ്ട് പെനാല്‍റ്റി കോര്‍ണറുകള്‍ ഗോളാക്കി മാറ്റി സഞ്ജയിയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങും ഇന്ത്യയെ മുന്നിലെത്തിച്ചു. എട്ടാം മിനിറ്റില്‍ സഞ്ജയ് ആദ്യ ഗോള്‍ നേടി ഇന്ത്യയെ മുന്നിലെത്തിച്ചിരുന്നു. പിന്നീട് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് ഇന്ത്യയുടെ ലീഡ് ഉയര്‍ത്തി. 43-ാം മിനിറ്റില്‍ ലഭിച്ച മറ്റൊരു പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റി ഹര്‍മന്‍പ്രീത് മത്സരത്തിലെ തന്റെ രണ്ടാം ഗോളും നേടി ഇന്ത്യയുടെ ലീഡ് 3-0 ആക്കി ഉയര്‍ത്തിയത് നേട്ടമായി. മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയായിരുന്നു ഇന്ത്യയുടെ പോരാട്ടം.

എന്നാല്‍ 55-ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ നടന്ന നീക്കങ്ങള്‍ക്കൊടുവില്‍ സാം വെല്‍ഷിലൂടെ വെയില്‍സ് ഒരു ഗോള്‍ തിരിച്ചടിച്ചു. അവസാന നിമിഷങ്ങളില്‍ പ്രതിരോധം ശക്തമാക്കി നിര്‍ത്തിയ ഇന്ത്യന്‍ നിര ആദ്യമത്സരം സ്വന്തമാക്കുകയായിരുന്നു. വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് ഡി-യില്‍ ഒന്നാമതെത്തി. ഓഗസ്റ്റ് 17-നാണ് ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ അടുത്ത മത്സരം. ഇംഗ്ലണ്ട്, വെയില്‍സ്, പരമ്പരാഗത വൈരികളായ പാകിസ്താന്‍ എന്നിവര്‍ക്കൊപ്പം പൂള്‍ ഡി-യിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. 1975-ല്‍ ഫൈനലില്‍ പാകിസ്ഥാനെ 2-1ന് തോല്‍പ്പിച്ച് കിരീടം നേടിയ ശേഷം കഴിഞ്ഞ 50 വര്‍ഷമായി ഇന്ത്യക്ക് ലോകകപ്പ് കിരീടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല.

ഭുവനേശ്വറില്‍ നടന്ന 2023 ലോകകപ്പില്‍ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇന്ത്യ, തുടര്‍ച്ചയായ രണ്ട് ഒളിമ്പിക് വെങ്കല മെഡലുകള്‍, ഏഷ്യാ കപ്പ് കിരീടം, രണ്ട് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി വിജയങ്ങള്‍, ഏഷ്യാ കപ്പ് സ്വര്‍ണം എന്നിവയുടെ കരുത്തിലാണ് ഇത്തവണ ലോകകപ്പ്‌സ്വന്തമാക്കാന്‍ ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തിന് മുന്നോടിയായി, ഹോക്കി ലോകകപ്പ് കിരീടത്തിനായുള്ള രാജ്യത്തിന്റെ 51 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ടീം ഉറച്ചുനില്‍ക്കുകയാണെന്നും ടൂര്‍ണമെന്റില്‍ തങ്ങളുടെ കഴിവ് മുഴുവന്‍ പുറത്തെടുക്കാന്‍ തയ്യാറാണെന്നും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് പറഞ്ഞു. ടീമില്‍ നിരവധി മുതിര്‍ന്ന താരങ്ങള്‍ ഉള്ളതിനാല്‍ ഈ ലോകകപ്പ് വളരെയധികം പ്രാധാന്യമുള്ളതാണെന്നും ഹര്‍മന്‍പ്രീത് പറഞ്ഞു. 'ലോകകപ്പ് ഞങ്ങള്‍ക്കെല്ലാവര്‍ക്കും വലിയൊരു കാര്യമാണ്. കാരണം ഈ ലോകകപ്പിന് ശേഷം എന്ത് സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ല. ടീമില്‍ നിരവധി മുതിര്‍ന്ന കളിക്കാരുണ്ട്, അതിനാല്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു മികച്ച അവസരമാണ്' -ഹര്‍മന്‍പ്രീത് പറഞ്ഞു.

content highlights: Hockey World Cup: Winning Start for India; Defeats Wales 3-1

To advertise here,contact us