2036-ലെ ഒളിമ്പിക്സിന് വേദിയാകാനുള്ള ഇന്ത്യയുടെ ആഗ്രഹവും തയ്യാറെടുപ്പുകളും വീണ്ടും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. 80-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവെ, 5 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി രാജ്യവ്യാപകമായിടാലന്റ് ഹണ്ട് പദ്ധതി ആരംഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കായിക മേഖലയില്‍ ഇന്ത്യയുടെ പ്രകടനം നിരന്തരം മെച്ചപ്പെടുന്നുണ്ടെന്നും 2036 ഒളിമ്പിക്സ് വേദിക്കായി ശക്തമായ അവകാശവാദം ഉന്നയിക്കാന്‍ രാജ്യം മുന്നേറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
'ഒളിമ്പിക്സില്‍ 40 കായിക ഇനങ്ങളിലായി 325 മുതല്‍ 350 വരെ മത്സര ഇനങ്ങള്‍ ഉള്ളപ്പോള്‍, അവയില്‍ മൂന്നില്‍ രണ്ട് ഇനങ്ങളിലും ഇന്ത്യ നിലവില്‍ പങ്കാളികളാകുകയോ യോഗ്യത നേടുകയോ ചെയ്യുന്നില്ല. അതിനാല്‍, ഇന്ത്യ ഇതുവരെ കളിക്കാത്തതോ യോഗ്യത നേടാത്തതോ ആയ കായിക ഇനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഇതിനായി ഗ്രാമങ്ങള്‍, നഗരങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് 5 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികളില്‍ നിന്ന് കായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള കാമ്പയിന് ആരംഭിക്കും' -പ്രധാനമന്ത്രി വ്യക്തമാക്കി.
ഇങ്ങനെ കണ്ടെത്തുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്കി രാജ്യത്തെ പ്രതിനിധീകരിക്കുന്ന മികച്ച കായികതാരങ്ങളാക്കി മാറ്റാനാണ് സര്‍ക്കാരിന്റെ തീരുമാനം. കൂടാതെ, 2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ത്യ വേദിയാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഗ്ലാസ്ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 13 സ്വര്‍ണ്ണവുമടക്കം 39 മെഡലുകളോടെ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇന്ത്യന്‍ സംഘം, സെപ്റ്റംബറില്‍ ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനായുള്ള തയ്യാറെടുപ്പിലാണ്.
content highlights: Target 2036 Olympics: PM Modi Announces Talent Hunt for Children Aged 5 to 15