ഇന്ത്യൻ ഹോക്കി ടീമിന്റെ ജേഴ്സി കാവി നിറമാക്കിയത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായിരുന്നു. ആരാധകരുടെയും താരങ്ങളുടെയും വിമർശനങ്ങൾക്ക് കാരണമായ സംഭവം ഇപ്പോൾ ഹോക്കി ഇന്ത്യയുടെ ഭരണത്തെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കാവി നിറമാക്കുന്ന കാര്യം താൻ അറിഞ്ഞിരുന്നില്ലെന്നു കഴിഞ്ഞ ദിവസം ഹോക്കി ഇന്ത്യ പ്രസിഡന്റും മുൻ താരവുമായ ദിലീപ് ടിർക്കി തുറന്നു പറഞ്ഞിരുന്നു. പിന്നാലെ ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം, ഉത്തരവാദിത്വം, സുതാര്യത എന്നിവയെല്ലാം ചോദ്യം ചെയ്ത് ദീലീപ് ടിർക്കി ഫെഡറേഷൻ ഡയറക്ടർ ജനറൽ ഡിഡിആർ ആർകെ ശ്രീവാസ്തവയ്ക്ക് ശക്തമായ ഭാഷയിൽ കത്തയച്ചു.
ജേഴ്സി നിറം മാറ്റം സംബന്ധിച്ച് ജൂലൈ 31ന് ഡയറക്ടർ ജനറൽ ദിലീപ് ടിർക്കിക്ക് വിശദീകരണം നൽകിയിരുന്നു. ഇതിനുള്ള മറുപടിയായാണ് ടിർക്കി കടുത്ത ചോദ്യങ്ങളുന്നയിച്ച് മറുപടി കത്ത് നൽകിയത്. ആരാണ് ജേഴ്സിയുടെ ഡിസൈൻ തീരുമാനിച്ചതെന്നും ഇക്കാര്യത്തിൽ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും ഭരണസമിതിയോട് ചോദ്യങ്ങൾ ചോദിച്ച് ടിർക്കി വിഷയം കൂടുതൽ ഗൗരവമുള്ളതാക്കി മാറ്റി.
'ഹോക്കി ഇന്ത്യയുടെ ഭരണപരമായ കാര്യങ്ങൾ കാര്യക്ഷമമായി നടത്താനും അംഗീകൃത തീരുമാനങ്ങൾ നടപ്പിലാക്കാനും ഡയറക്ടർ ജനറലിനു വലിയ ചുമതലയുണ്ട്. എന്നാൽ ഈ ഭരണപരമായ ഉത്തരവാദിത്വം തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളുടെ അധികാരത്തിനു മുകളിലല്ല. വിഷയത്തിന്റെ പ്രാധാന്യവും ദേശീയ തലത്തിലുള്ള പ്രസക്തിയും കണക്കിലെടുക്കുമ്പോൾ പൊതു പ്രഖ്യാപനത്തിനു മുൻപ് പ്രസിഡന്റിനെയോ, എക്സിക്യൂട്ടീവ് ബോർഡിനെയോ എന്തുകൊണ്ട് അറിയിച്ചില്ല എന്നതിൽ കൃത്യമായ ഉത്തരം വേണം, ടിർക്കി വാദം ഉന്നയിച്ചു.
content highlights:controversy over saffron jersey change in hockey india