മുന്‍ റസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) അധ്യക്ഷന്‍ ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച വനിതാ ഗുസ്തി താരങ്ങള്‍ അദ്ദേഹത്തെ വെറുതെവിട്ട കോടതിവിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് തിങ്കളാഴ്ച വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും. തങ്ങള്‍ 'പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും' നിയമപോരാട്ടം തുടര്‍ന്നുതന്നെ പോകുമെന്നും ഇരുവരും വ്യക്തമാക്കി.
വനിതാ ഗുസ്തി താരങ്ങള്‍ നല്കിയ ലൈംഗികാതിക്രമ കേസില്‍ ബ്രിജ് ഭൂഷനെയും വിനോദ് തോമറിനെയും കോടതി തിങ്കളാഴ്ച വെറുതെ വിട്ടിരുന്നു. ഭരണകക്ഷിയിലെ ശക്തനായ ഒരു രാഷ്ട്രീയ നേതാവിനെതിരെ തെരുവിലിറങ്ങാനും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും വനിതാ ഗുസ്തി താരങ്ങള്‍ക്ക് 'വലിയ ധൈര്യം' ആവശ്യമായിരുന്നുവെന്ന് ഇരുവരും എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. 'ഭരണകക്ഷിയിലെ ശക്തനായ ഒരു രാഷ്ട്രീയ നേതാവിനെതിരെ തെരുവിലിറങ്ങാനും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും ഞങ്ങള്‍ക്ക് വലിയ ധൈര്യം സംഭരിക്കേണ്ടിവന്നു. തന്റെ രാഷ്ട്രീയ സ്വാധീനവും കായികബലവും ഉപയോഗിച്ച് ബ്രിജ് ഭൂഷണ് നിരവധി പെണ്‍കുട്ടികളെ പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തി,' -അവര്‍ പറഞ്ഞു.
പല വനിതാ ഗുസ്തി താരങ്ങളും ഉറച്ചുനില്‍ക്കുകയും നിയമപോരാട്ടം തുടരുകയും ചെയ്തിരുന്നുവെന്നും കോടതി വിധിയില്‍ നിരാശയുണ്ടെന്നും അവര്‍ വ്യക്തമാക്കി. 'നിരവധി വനിതാ ഗുസ്തി താരങ്ങള്‍ ഉറച്ചുനില്‍ക്കുകയും ബ്രിജ് ഭൂഷണെതിരായ നിയമപോരാട്ടം തുടരുകയും ചെയ്തു. വനിതാ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണങ്ങളില്‍ ബ്രിജ് ഭൂഷണ് ശരണ്‍ സിങ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്താത്തതില്‍ ഞങ്ങള്‍ക്ക് വലിയ വിഷമമുണ്ട്,' -കുറിപ്പില്‍ പറയുന്നു.
മുന്‍ ഡബ്ല്യുഎഫ്ഐ അധ്യക്ഷനെ സംരക്ഷിക്കാന്‍ ഭരണകൂടവും സിസ്റ്റവും ഒന്നടങ്കം പ്രവര്‍ത്തിച്ചതായും ഫോഗട്ടും പുനിയയും ആരോപിച്ചു. വിധി ചോദ്യം ചെയ്യാന്‍ പരാതിക്കാരായ വനിതാ താരങ്ങള്‍ അഭിഭാഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും എത്രയും വേഗം അപ്പീല്‍ നല്‍കുമെന്നും ഇരുവരും പറഞ്ഞു. 'തുടക്കം മുതല്‍ തന്നെ ഭരണകൂടവും സിസ്റ്റവും ഒന്നടങ്കം ബ്രിജ് ഭൂഷനെ സംരക്ഷിക്കാനാണ് പ്രവര്‍ത്തിച്ചത്. ഈ വിധിക്കെതിരെ അപ്പീല്‍ നല്കാന് വനിതാ ഗുസ്തി താരങ്ങള്‍ തങ്ങളുടെ അഭിഭാഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് എത്രയും വേഗം ചെയ്യും. ഞങ്ങള്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല, ഗുസ്തി താരങ്ങള്‍ തങ്ങളുടെ പോരാട്ടം തുടരുക തന്നെ ചെയ്യും,' -കുറിപ്പ് അവസാനിപ്പിച്ചു.
റെസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ മേധാവിയായിരുന്ന കാലയളവില്‍ വനിതാ ഗുസ്തി താരങ്ങള്‍ നല്കിയ എഫ്ഐആറുമായി ബന്ധപ്പെട്ടതായിരുന്നു ഈ കേസ്. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അശ്വനി പന്‍വാറാണ് ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിനെയും വിനോദ് തോമറിനെയും വെറുതെവിട്ടത്. അടച്ചിട്ട കോടതിമുറിയിലാണ് വിചാരണ നടപടികള്‍ നടന്നത്. ഇന്ത്യയിലും വിദേശത്തും വെച്ച് വനിതാ ഗുസ്തി താരങ്ങള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിലാണ് ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങും വിനോദ് തോമറും വിചാരണ നേരിട്ടിരുന്നത്. ബ്രിജ് ഭൂഷണിനെതിരെ മുമ്പ് ജന്തര്‍ മന്ദിറില്‍ വനിതാ ഗുസ്തി താരങ്ങള്‍ സമരം നടത്തിയിരുന്നു.
content highlights: 'We Have Not Lost Hope': Vinesh Phogat and Bajrang Punia Vow to Continue Legal Battle