കോമണ്‍വെല്‍ത്ത് ഗെയിംസ്: ബോക്‌സിങ്ങില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ; അരുന്ധതി ചൗധരിക്ക് സ്വര്‍ണം

സാക്ഷി ചൗധരി, പ്രിയ ഗംഗാസ് എന്നിവര്‍ക്കും സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിങ്ങില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ഇന്ത്യ. വനിതകളുടെ 70 കിലോഗ്രാം ഫൈനലില്‍ ഇംഗ്ലണ്ടിന്റെ ഷാന്റെല്‍ റെയ്ഡിനെ തകര്‍ത്ത് അരുന്ധതി ചൗധരി സ്വര്‍ണം നേടി. ഇത്തവണ ബോക്‌സിങ്ങില്‍ ഇന്ത്യയുടെ സ്വര്‍ണ്ണനേട്ടം ഉയരുകയാണ്. കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ ബോക്‌സിങ്ങില്‍ ഇന്ത്യ നേടുന്ന ഏറ്റവും മികച്ച നേട്ടമാണിത്.

ഫൈനലില്‍ അത്യന്തം നിയന്ത്രണത്തോടെയും തന്ത്രപരമായും പോരാടിയ അരുന്ധതി 5-0 എന്ന ഏകകണ്ഠമായ വിധിയിലാണ് ഇംഗ്ലീഷ് താരത്തെ കീഴടക്കിയത്. തുടക്കം മുതല്‍ തന്നെ മത്സരത്തിന്റെ ഗതി നിയന്ത്രിച്ച ഇന്ത്യന്‍ താരം എതിരാളിക്ക് തിരിച്ചുവരാന്‍ അവസരം നല്‍കിയില്ല. അരുന്ധതിയുടെ സ്വര്‍ണത്തോടെ 2010 (ഡല്‍ഹി), 2018 (ഗോള്‍ഡ് കോസ്റ്റ്), 2022 (ബര്‍മിങ്ഹാം) പതിപ്പുകളില്‍ നേടിയിരുന്ന മൂന്ന് സ്വര്‍ണങ്ങള്‍ എന്ന മുന്‍ റെക്കോര്‍ഡ് ഇന്ത്യ പഴങ്കഥയാക്കി.

അരുന്ധതിക്ക് പുറമെ പ്രീതി പവാര്‍ (54 കിലോഗ്രാം), ജാസ്മിന്‍ ലംബോറിയ (57 കിലോഗ്രാം), സാക്ഷി ചൗധരി (51 കിലോഗ്രാം), പ്രിയ ഗംഗാസ് (60 കിലോഗ്രാം) എന്നിവരാണ് ബോക്‌സിങ്ങില്‍ ഇത്തവണ ഇന്ത്യക്കായി പൊന്നണിഞ്ഞത്. പുരുഷന്മാരുടെ വിഭാഗത്തില്‍ അരങ്ങേറ്റക്കാരനായ മണിപ്പൂരിന്റെ ജാദുമാണി സിങ് വെള്ളി മെഡലും നേടി. അഞ്ച് സ്വര്‍ണവും രണ്ട് വെള്ളിയുമുള്‍പ്പെടെ ബോക്‌സിംഗില്‍ ഇതുവരെ ഏഴ് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.

വനിതകളുടെ 51 കിലോഗ്രാം ബോക്‌സിങ് ഫൈനലില്‍ ഇംഗ്ലണ്ടിന്റെ റൂബി വൈറ്റിനെ 5-0 എന്ന സ്‌കോറിന് ഏകകണ്ഠമായി പരാജയപ്പെടുത്തിയാണ് സാക്ഷി ചൗധരി സ്വര്‍ണം കരസ്ഥമാക്കിയത്. മത്സരത്തിലുടനീളം എതിരാളിയുടെ ആക്രമണങ്ങളെ പ്രതിരോധിച്ച് മികച്ച കൗണ്ടര്‍ പഞ്ചുകളിലൂടെ സാക്ഷി ആധിപത്യം പുലര്‍ത്തി. വനിതകളുടെ 60 കിലോഗ്രാം ഫൈനലില്‍ കാനഡയുടെ മേരി-ബാത്തുള്‍ അല്‍-അഹമ്മദിയയെ 4-1 എന്ന സ്പ്ലിറ്റ് തീരുമാനത്തില്‍ മറികടന്നാണ് പ്രിയ ഗംഗാസ് രാജ്യത്തിനായി മറ്റൊരു സ്വര്‍ണം നേടിയത്. കടുത്ത പോരാട്ടം കണ്ട ഫൈനലിനൊടുവിലാണ് ഇന്ത്യയുടെ നേട്ടം. ഇതിനുമുമ്പ് നടന്ന പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ എന്നിവരുടെ സ്വര്‍ണനേട്ടങ്ങള്‍ക്ക് പിന്നാലെ, ഈ ഗെയിംസില്‍ ബോക്‌സിങ്ങില്‍ ഇന്ത്യ നേടുന്ന നാലാമത്തെ സ്വര്‍ണമെഡലാണിത്.

content highlights: Commonwealth Games: India Achieves Historic Feat in Boxing; Gold for Arundhati Choudhary

To advertise here,contact us