ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസിൽ സ്പെയിനിന്റെ ലോക ഒന്നാം നമ്പർ താരം കാർലോസ് അൽക്കാരാസ് ഫൈനലിൽ. സെമിയിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവിനെ തോൽപ്പിച്ചാണ് അൽക്കാരാസ് ഫൈനലിലെത്തിയത്. അഞ്ചുസെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് അൽക്കരാസിന്റെ ജയം. (സ്കോർ: 6-4, 7-6,6-7,6-7, 7-5).
ആദ്യ രണ്ട് സെറ്റുകളിലും അൽക്കാരസ് ജയിച്ചതോടെ ഏകപക്ഷീയമാകുമെന്ന് തോന്നിച്ചായിരുന്നു സെമിപോരാട്ടം. ആദ്യ സെറ്റ് 6-4 നാണ് അൽക്കരാസ് സ്വന്തമാക്കിയത്. രണ്ടാം സെറ്റിൽ സ്വരേവ് വെല്ലുവിളിയുയർത്തിയെങ്കിലും ടൈ ബ്രേക്കറിൽ വീണു. 7-5 ന് ടൈബ്രേക്കർ കടന്ന അൽക്കരാസ് സെറ്റും സ്വന്തമാക്കി.
എന്നാൽ മൂന്നാം സെറ്റ് മുതൽ സ്വരേവ് തിരിച്ചടിച്ചു. അൽക്കാരസിന്റെ ശക്തമായ പ്രതിരോധം മറികടന്ന സ്വരേവ് കളിയിലേക്ക് ഗംഭീര തിരിച്ചുവരവും നടത്തി. മൂന്നാം സെറ്റിലും നാലാം സെറ്റിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ടത്. രണ്ട് സെറ്റുകളിലും മത്സരം ടൈബ്രേക്കറിലേക്ക് വീണ്ടു. എന്നാൽ ഇക്കുറി സ്വരേവ് വിട്ടുകൊടുത്തില്ല. രണ്ടിലും ജയിച്ചുകയറിയ താരം മത്സരം സമനിലയിലാക്കി.
മത്സരം അഞ്ചാം സെറ്റിലേക്ക് നീണ്ടതോടെ സെമി പോരാട്ടം കടുത്തു. എന്നാൽ അവസാന സെറ്റിൽ അൽക്കരാസ് കളി പിടിച്ചു. 7-5 ന് അഞ്ചാം സെറ്റും മത്സരവും സ്വന്തമാക്കി. നൊവാക് ജോക്കോവിച്ച്-യാനിക് സിന്നർ രണ്ടാം സെമിയിലെ വിജയികളാണ് ഫൈനലിൽ അൽക്കാരസിന്റെ എതിരാളി.
ഓസ്ട്രേലിയൻ ഓപ്പൺ നേടാനായാൽ കരിയർ ഗ്രാൻഡ് സ്ലാം നേട്ടവും താരത്തിന് സ്വന്തമാകും. ഇതിന് മുമ്പ് ഫ്രഞ്ച് ഓപ്പൺ, വിംബിൾസൺ, യു എസ് ഓപ്പൺ എന്നിവ അൽക്കാരസ് നേടിയിരുന്നു. നാല് മേജർ ട്രോഫി കളും സ്വന്തമാക്കുന്നതാണ് കരിയർ ഗ്രാൻഡ്സ്ലാം.
Content Highlights-Alcaraz in Australia open final; a win away from Career Slam