ഓസ്ട്രേലിയൻ ഓപ്പണില് സെമി ഫൈനലിലേക്ക് മുന്നേറി ലോക ഒന്നാം നമ്പർ താരങ്ങളായ കാർലോസ് അൽകാരസും അരിന സബലെങ്കയും. പുരുഷ സിംഗിൾസ് ക്വാർട്ടർ മത്സരത്തില് അൽകാരസ് ഓസ്ട്രേലിയയുടെ അലക്സ് ഡി മിനോറിനെയായിരുന്നു നേരിട്ടത്. വാശിയേറിയ പോരാട്ടത്തില് ഡി മിനോറിനെ 7-5, 6-2, 6-1 എന്ന സ്കോറിനാണ് സ്പാനിഷ് താരം തോല്പ്പിച്ചത്. മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത അൽകാരസ്, ആദ്യ സെറ്റ് 7-5 ന് സ്വന്തമാക്കി.
രണ്ടാം സെറ്റിലും ആധിപത്യം പുലർത്തിയ താരം 6-2 നും മൂന്നാം സെറ്റും 6-1 നും സ്വന്തമാക്കി. ജർമൻ താരം അലക്സാണ്ടർ സിവറേവിനെയാണ് സെമിയിൽ അൽകാരസ് നേരിടുന്നത്. മൂന്ന് മണിക്കൂർ നീണ്ട മത്സരത്തിനൊടുവില് അമേരിക്കയുടെ ലേണർ ടിയനെ 6-3, 6-7(5), 6-1, 7-6(3) എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് സിവറേവ് സെമി കടന്നത്.
22 കാരനായ കാർലോസ് അല്കാരസ് ഇതുവരെ ഓസ്ട്രേലിയൻ ഓപ്പണിന്റെ സെമിയിലെത്തിയിട്ടില്ല. അദ്ദേഹത്തിന് സ്വന്തമാക്കാന് സാധിക്കാത്ത ഒരേയൊരു സ്ലാം കിരീടമാണിത്.
Content Highlights: Australian open 2026: Carlos Alcaraz and Aryna Sabalenka advance to semifinals