ഫെയർവെൽ സൈന; ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ വിരമിച്ചു

കഴിഞ്ഞ രണ്ടു വർഷമായി കടുത്ത മുട്ടുവേദനയെ തുടർന്ന് സൈന മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു

ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ വിരമിച്ചു. കാൽമുട്ടിലെ പരിക്ക് കാരണം 2 വർഷമായി മത്സരങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയാണ്. കാൽമുട്ടിനേറ്റ പരിക്കും ശാരീരിക ബുദ്ധിമുട്ടുകളും കാരണമാണ് 35ാം വയസിലെ വിരമിക്കലിക്കലിന് കാരണം. കഴിഞ്ഞ രണ്ടു വർഷമായി കടുത്ത മുട്ടുവേദനയെ തുടർന്ന് സൈന മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. കഠിനമായ ശാരീരിക പരിശീലനങ്ങൾ താങ്ങാൻ തൻറെ ശരീരത്തിന് ഇനി കഴിയില്ലെന്ന് വ്യക്തമാക്കിയാണ് സൈന വിരമിക്കിൽ സ്ഥിരീകരിച്ചത്. പോഡ്കാസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

2012ലെ ലണ്ടൻ ഒളിമ്പിക്‌സിലെ വെങ്കല മെഡൽ ജേതാവാണ്. ബാഡ്മിന്റണിൽ ലോക ഒന്നാം നമ്പർ പദവിയിലെത്തിയ ആദ്യ ഇന്ത്യൻ വനിതാ താരമാകാൻ സൈനക്ക് സാധിച്ചു. തൻറേതായ നിബന്ധനകളിലാണ് കായികരംഗത്തേക്ക് വന്നതെന്നും ഇപ്പോൾ അതേ കാരണങ്ങളാലാണ് പോകുന്നതെന്നും സൈന പോഡകാസ്റ്റിലൂടെ പറഞ്ഞു . അതിനാൽ തന്നെ വലിയൊരു ഔദ്യോഗിക പ്രഖ്യാപനത്തിൻറെ ആവശ്യമില്ലെന്ന തോന്നിയെന്നും സൈന കൂട്ടിച്ചേർത്തു. 2023ലെ സിംഗപ്പൂർ ഓപ്പണിലാണ് താരം അവസാനമായി ഒരു മത്സരത്തിൽ പങ്കെടുത്തത്.

തൻറെ മുട്ടിലെ തരുണാസ്ഥി പൂർണമായും നശിച്ചുവെന്നും തനിക്ക് ആർത്രൈറ്റിസ് ബാധിച്ചുവെന്നും സൈന വെളിപ്പെടുത്തി. മുമ്പ് എട്ടു മുതൽ ഒൻപത് മണിക്കൂർ വരെ പരിശീലിച്ചിരുന്നുവെങ്കിൽ ഇപ്പോൾ രണ്ടു മണിക്കൂർ പരിശീലിക്കുമ്പോഴേക്കും മുട്ട് വേദന കഠിനമാകുകയാണെന്നും താരം പറഞ്ഞു.

2016ലെ റിയോ ഒളിമ്പിക്‌സിനിടെ ഉണ്ടായ പരിക്കാണ് സൈനയുടെ കരിയറിൽ വലിയ ആഘാതമായത്. അതിനുശേഷം 2017ൽ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും 2018ൽ കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും നേടിയിരുന്നു.രണ്ടു പതിറ്റാണ്ടോളം നീണ്ട സൈനയുടെ കരിയർ ബാഡ്മിൻറണെ ഇന്ത്യയിൽ കൂടുതൽ സ്വാധീനമുണ്ടാക്കുന്നതിനും നിർണായകമായിരുന്നു.

Content Highlights- Indian Badminton star saina nehwal retired

To advertise here,contact us