

ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ സിംഗിൾസ് പ്രീ-ക്വാർട്ടർ ഫൈനൽ മത്സരം പക്ഷി കാഷ്ഠം വീണതിനെത്തുടർന്ന് തടസ്സപ്പെട്ടു. ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് എച്ച് എസ് പ്രണോയ്യും സിംഗപ്പൂരിന്റെ ലോ കീൻ യീവും തമ്മിലുള്ള പോരാട്ടമാണ് രണ്ട് തവണ നിർത്തിവെക്കേണ്ടി വന്നത്. ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് ഈ വിചിത്ര സംഭവമുണ്ടായത്.
ടൂർണമെന്റിൽ പരിശീലന സാഹചര്യങ്ങളെയും സ്റ്റേഡിയത്തിലെ വൃത്തിയെയും കുറിച്ച് ഡെൻമാർക്ക് താരം മിയ ബ്ലിച്ച്ഫെൽഡ് വിമർശനം ഉന്നയിച്ചിരുന്നു. തണുപ്പിനെ പ്രതിരോധിക്കാൻ പോലും മതിയായ സൗകര്യങ്ങളില്ലെന്നും കോർട്ടിൽ മുഴുവൻ പക്ഷികളും അവയുടെ കാഷ്ഠമാണെന്നും ചൂണ്ടിക്കാട്ടിയാണ് മിയ ബ്ലിച്ഫെൽറ്റ് സംഘാടകർക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. ഇതിന് മറുപടിയായി, സ്റ്റേഡിയത്തിൽ പ്രാവുകളുടെ ശല്യമില്ലെന്ന് ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ, സെക്രട്ടറി ജനറൽ സഞ്ജയ് മിശ്ര അവകാശപ്പെട്ട് ദിവസങ്ങൾക്കകമാണ് ഈ നാണക്കേടുണ്ടായത്.
എട്ടാം സീഡുകാരനായ ലോ കീൻ യീവും പ്രണോയിയും തമ്മിലുള്ള ആവേശം നിറഞ്ഞ പോരാട്ടത്തിനിടയിലായിരുന്നു ഈ തടസ്സങ്ങൾ. സാധാരണയായി താരങ്ങൾ ആവശ്യപ്പെടുമ്പോൾ കോർട്ട് തുടയ്ക്കാറുണ്ട്. കോർട്ടിൽ വിയർപ്പോ രക്തമോ വീണാൽ കളി നിർത്തിവെച്ച് അത് വൃത്തിയാക്കിയ ശേഷമേ തുടരാറുള്ളൂ. എന്നാൽ, ഇന്ത്യയിലെ പ്രമുഖ കായിക വേദികളിലൊന്നിൽ നടക്കുന്ന 'സൂപ്പർ 750' ടൂർണമെന്റിനിടെ പക്ഷി കാഷ്ഠം നീക്കം ചെയ്യാൻ കളി തടസ്സപ്പെട്ടത് ഒരു അപൂർവ സംഭവമാണ്.
മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ പ്രണോയ് പരാജയപ്പെടുകയായിരുന്നു. നേരത്തെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ ഗാലറിയിൽ കുരങ്ങിനെ കണ്ട സംഭവവും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. കുരങ്ങനെ കണ്ടതിന് പിറ്റേദിവസമാണ് പക്ഷികാഷ്ഠം വീണും മത്സരം തടസ്സപ്പെടുന്നത്.
Content Highlights: India Open 2026: The men's singles pre-quarters match between HS Prannoy and Loh Kean Yew was halted twice after bird droppings fell on the main court