ഒളിംപിക്സ് മെഡ‍ൽ നേടിയ ആദ്യ മലയാളി; മാനുവൽ ഫ്രെഡറിക് അന്തരിച്ചു

ബെം​ഗളൂരുവിൽ ചികിത്സയിൽ കഴിയവെയാണ് മാനുവലിന്റെ അന്ത്യം സംഭവിച്ചത്

ഒളിംപിക്സ് മെഡൽ ജേതാവായ മലയാളി മാനുവൽ ഫ്രെഡറിക് അന്തരിച്ചു. 78 വയസായിരുന്നു. 1972-ലെ മ്യൂണിക് ഒളിംപിക്സിൽ ഇന്ത്യൻ ഹോക്കി ടീമിനൊപ്പം വെങ്കല മെഡൽ നേട്ടം സ്വന്തമാക്കിയിരുന്നു മാനുവൽ ഫ്രെഡറിക്. ബെം​ഗളൂരുവിൽ ചികിത്സയിൽ കഴിയവെയാണ് മാനുവലിന്റെ അന്ത്യം സംഭവിച്ചത്. കണ്ണൂർ സ്വദേശിയാണ് മാനുവൽ.

ഏഴ് വർഷക്കാലം ഇന്ത്യൻ ഹോക്കി ടീമിന്റെ ​ഗോൾകീപ്പറായിരുന്നു. 2019ലെ ധ്യാൻ ചന്ദ് അവാർഡ് ജേതാവ് കൂടിയാണ് മാനുവൽ. ആദ്യമായി ഒരു മലയാളി ഒളിംപിക്സ് മെഡൽ വിജയിക്കുന്നതും മാനുവലിലൂടെയായിരുന്നു. 'ഇന്ത്യൻ ടൈഗർ' എന്നാണ് ഹോക്കി ലോകം മാനുവലിനെ വിശേഷിപ്പിച്ചിരുന്നത്. ഹെൽമറ്റ് ഉപയോ​ഗിക്കാതെ നെറ്റികൊണ്ട് പോലും ബോളുകൾ തടുത്തിട്ടതാണ് മാനുവലിനെ ഈ പേരിന് അർഹനാക്കിയത്.

ഇന്ത്യൻ ഹോക്കിയുടെ ഇതിഹാസ താരമായിരുന്ന ധ്യാൻ ചന്ദ് പോലും മാനുവലിന്റെ മികവ് കണ്ട് വിസ്മയിച്ചിരുന്നു. ആറ് ജയവുമായാണ് 1972 ലെ മ്യുണിക് ഒളിംപിക്സിൽ ഇന്ത്യൻ ടീം സെമിയിൽ എത്തുന്നത്. എട്ടു ഗോൾ മാത്രമാണ് മാനുവൽ അന്ന് വഴങ്ങിയിരുന്നത്. അർപ്പണ മനോഭാവവും ആത്മധൈര്യവും ചേർ‌ന്നതായിരുന്നു മാനുവലിന്റെ ​ഗോൾകീപ്പിങ് ശൈലി.

Content Highlights: Kerala's first Olympic medalist Manuel Frederick dies

To advertise here,contact us