കേരള സ്‌പോർട്‌സ്‌ ജേർണലിസ്റ്റ് അസോസിയേഷൻ അവാർഡ്; താരങ്ങളായി നിവേദ്‌ കൃഷ്‌ണയും ആദിത്യ അജിയും

കേരള സ്‌കൂൾ കായിക മേളയുടെ സമാപന ദിവസം നടന്ന പ്രത്യേക ചടങ്ങിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ മുൻ ഗോൾ കീപ്പറും പരിശീലകനുമായ ഒളിംപ്യൻ പിആർ ശ്രീജേഷ്‌ പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

കേരള സ്‌പോർട്‌സ്‌ ജേർണലിസ്റ്റ് അസോസിയേഷന്റെ (കെഎസ്ജെഎ) മികച്ച അത്‌ലീറ്റുകൾക്കുള്ള യുഎച്ച് സിദ്ദിഖ് മെമ്മോറിയൽ അവാർഡ് ജെ നിവേദ്‌ കൃഷ്‌ണയ്‌ക്കും പിടി ബേബി മെമ്മോറിയൽ അവാർഡ് ആദിത്യ അജിക്കും.

5000 രൂപയും ട്രോഫിയുമാണ് അവാർഡ്. കേരള സ്‌കൂൾ കായിക മേളയുടെ സമാപന ദിവസം നടന്ന പ്രത്യേക ചടങ്ങിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ മുൻ ഗോൾ കീപ്പറും പരിശീലകനുമായ ഒളിംപ്യൻ പിആർ ശ്രീജേഷ്‌ പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ ചാംപ്യനായ നിവേദ്‌ 200ൽ മീറ്റ് റെക്കോർഡോടെയാണ്‌ ഒന്നാമതെത്തിയത്‌. പാലക്കാട്‌ ചിറ്റൂർ ജിഎച്ച്‌എസ്‌എസിലെ പ്ലസ്‌ ടു വിദ്യാർഥിയാണ്‌ നിവേദ്‌. സീനിയർ പെൺകുട്ടികളിൽ ആദിത്യ ട്രിപ്പിൾ സ്വർണം നേടി. 100, 200, 100 മീറ്റർ ഹർഡിൽസ്‌ എന്നിവയിൽ ചാംപ്യനായി. 4x100 മീറ്റർ റിലേയിൽ പൊന്നണിഞ്ഞ മലപ്പുറം ടീമിലും ഉൾപ്പെട്ടു. മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്‌എസ്‌എസിലെ പ്ലസ്‌ടു വിദ്യാർഥിനിയാണ് ആദിത്യ.

കൊമ്പൻസ്‌ എഫ്‌സി ഡയറക്ടർ ആർ അനിൽ കുമാർ, കേരള ഒളിംപിക്‌ അസോസിയേഷൻ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ എസ്‌എൻ രഘുചന്ദ്രൻ നായർ സംസാരിച്ചു. പരിശീലകരായ പിഐ ബാബു, ഡോ. ജിമ്മി ജോസഫ്, സ്‌പോർട്‌സ്‌ ലേഖകൻ ജോമിച്ചൻ ജോസ്‌ എന്നിവർ അംഗങ്ങളായ ജൂ‍റിയാണ്‌ ജേതാക്കളെ തിരഞ്ഞെടുത്തത്.

Content Highlights: state school meet 2025 , kerala-sports journalists association award

To advertise here,contact us