ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ റിലേയിൽ സ്വർണം നേടിയതിന്റെ സന്തോഷ സൂചകമായി രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ച് ആഫ്രിക്കൻ രാജ്യമായ ബോട്സ്വാന. ചരിത്രത്തിലാദ്യമായാണ് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് റിലേയിൽ ബോട്സ്വാന സ്വർണം കരസ്ഥമാക്കുന്നത്. പുരുഷന്മാരുടെ 4 x 400 മീറ്റർ റിലേയിൽ കരുത്തരായ അമേരിക്കയെ അട്ടിമറിച്ചാണ് ബോട്സ്വാനയുടെ സുവർണ നേട്ടം. അമേരിക്ക ടീം വെള്ളിയും ദക്ഷിണാഫ്രിക്ക ടീം വെങ്കലവും നേടി.
ചരിത്രനേട്ടം ആഘോഷമാക്കുന്നതിന്റെ ഭാഗമായാണ് ബോട്സ്വാന രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചത്. ഈ മാസം 29നാണ് പൊതു അവധി. ബോട്സ്വാനയുടെ സ്വാതന്ത്ര്യ ദിനത്തിന്റെ തലേദിവസമാണ് അവധി. ബോട്സ്വാന പ്രസിഡന്റ് ഡ്യൂമ ഗിഡിയോൺ ബൊക്കൊയാണ് പ്രഖ്യാപനം നടത്തിയത്.
Botswana has declared a public holiday to celebrate the country's victory in the men's 4x400 metres at the World Athletics Championships in Tokyo, the first African nation to win the event. pic.twitter.com/FDxhRpbQZQ
കഴിഞ്ഞദിവസം പുരുഷന്മാരുടെ 4x400 മീറ്റർ റിലേയിലാണ് ബോട്സ്വാന ചരിത്രസ്വർണം സ്വന്തമാക്കിയത്. ലീ ബെക്കെമ്പിലേ എപ്പി, ലെറ്റ്സിൽ ടെബോഗോ, ബയാപോ ഡോറി, ബുസാങ് കോളൻ കെബിനാറ്റ്ഷിപി എന്നിവരടങ്ങിയ സംഘം രണ്ടുമിനിറ്റ് 57.76 സെക്കൻഡിൽ ഫിനിഷ്ചെയ്താണ് സ്വർണം നേടിയത്. യുഎസ് ടീം വെള്ളിയും ദക്ഷിണാഫ്രിക്ക വെങ്കലവും നേടി. അവസാനലാപ്പിൽ കോളൻ കെബിനാറ്റ്ഷിപിയുടെ അത്ഭുതകരമായ കുതിപ്പാണ് ടീമിന് സ്വർണം നേടിക്കൊടുത്തത്. പുരുഷന്മാരുടെ 400 മീറ്ററിലും കോളൻ സ്വർണം നേടിയിരുന്നു.
Content Highlights: Botswana declares public holiday after 'historic' athletics gold medal