പാരിസ് ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ ജാവലിൻ ത്രോ സൂപ്പർ താരം നീരജ് ചോപ്ര സ്വർണം നേടാനിറങ്ങുന്നു. പാരിസ് ഡയമണ്ട് ലീഗ് പുരുഷ ജാവലിൻ ത്രോ മത്സരം വെള്ളിയാഴ്ച രാത്രി നടക്കും. കഴിഞ്ഞ മാസം ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്ററെന്ന സ്വപ്ന ദൂരം പിന്നിട്ടതിന് ശേഷമാണ് നീരജ് മറ്റൊരു അങ്കത്തിന് ഇറങ്ങുന്നത്.
ദോഹയിൽ 90.23 മീറ്ററെന്ന കരിയറിലെ മികച്ച ദൂരം എറിഞ്ഞ് നീരജ് സ്വർണമുറപ്പിച്ച് നിൽക്കെയാണ് ജർമ്മനിയുടെ ജൂലിയൻ വെബർ ഞെട്ടിക്കുന്ന പ്രകടനം പുറത്തെടുത്തത്. വെബർ 91.06 മീറ്റർ എറിഞ്ഞതോടെ നീരജിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
Champion Neeraj Chopra ahead of Paris DL 💎 pic.twitter.com/a3TcQNo3Ee
പാരിസിൽ മത്സരിക്കുന്ന എട്ട് താരങ്ങളിൽ വെബറുമുണ്ട്. ആൻഡേഴ്സൺ പീറ്റേഴ്സ് (ഗ്രാനഡ), കെഷോൺ വാൽക്കോട്ട് (ട്രിനിഡാഡ് ആൻഡ് ടൊബാഗോ), ജൂലിയസ് യെഗോ (കെനിയ), ആൻഡ്രിയൻ മർദാരെ (മൾഡോവ), ലൂയിസ് മൗറീഷ്യോ ഡ സിൽവ (ബ്രസീൽ), റെമി റൗഗെറ്റെറ്റ് (ഫ്രാൻസ്) എന്നിവരാണ് മറ്റുള്ളവർ. നീരജും വെബറുമടക്കം കൂട്ടത്തിൽ അഞ്ചുപേരും 90 മീറ്റർ കടന്നവരാണ്.
2017ന് ശേഷം ആദ്യമായാണ് നീരജ് പാരിസ് ഡയമണ്ട് ലീഗിൽ മത്സരിക്കുന്നത്. 2017ൽ അഞ്ചാം സ്ഥാനമായിരുന്നു നീരജിന്. ഒളിംപിക്സ് ഒരുക്കം കാരണം കഴിഞ്ഞ വർഷം പാരിസിൽ പങ്കെടുക്കാൻ നീരജിന് സാധിച്ചിരുന്നില്ല.
Content Highlights: Neeraj Chopra Set For Paris Diamond League 2025