ഇന്ത്യ-പാകിസ്താൻ സംഘർഷ പശ്ചാത്തലത്തിൽ മെയ് 24 ന് ബെംഗളൂരുവിൽ നടക്കാനിരുന്ന നീരജ് ചോപ്ര ക്ലാസിക് ജാവലിൻ ടൂർണമെന്റ് മാറ്റിവച്ചു. അനിശ്ചിത കാലത്തേക്കാണ് മാറ്റിവച്ചത്. നീരജ് ചോപ്ര തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നമ്മുടെ രാജ്യത്തിന്റെ സുരക്ഷയും സൈന്യത്തിന്റെ പോരാട്ടവും മാത്രമാണ് മനസ്സിലുള്ളതെന്നും ടൂർണമെന്റ് പിന്നീട് നടത്തുമെന്നും നീരജ് പറഞ്ഞു. നേരത്തെ ഐപിഎൽ മത്സരങ്ങൾ ഒരാഴ്ച്ചത്തേക്ക് മാറ്റിവച്ചതായി ബിസിസിഐ അറിയിച്ചിരുന്നു.
അഞ്ച് ഇന്ത്യക്കാരാണ് മത്സരരംഗത്തുണ്ടായിരുന്നത്. വിദേശത്ത് നിന്നുള്ള ഏഴ് മികച്ച താരങ്ങളും രംഗത്തുണ്ടായിരുന്നു. നീരജ് ചോപ്ര, കിഷോർ ജെന, സച്ചിൻ യാദവ്, രോഹിത് യാദവ്, സാഹിൽ സിൽവാൾ എന്നിവരാണ് മറ്റ് നാല് ഇന്ത്യക്കാർ. പാകിസ്താൻ ജാവലിൻ താരം അർഷദ് നദീമിനെയും ടൂര്ണമെന്റിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ അത് ഒഴിവാക്കി.
രണ്ട് തവണ ലോക ചാമ്പ്യനായ ഗ്രനേഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് , 2016 ഒളിമ്പിക്സ് സ്വർണ്ണ ജേതാവ് ജർമ്മനിയുടെ തോമസ് റോഹ്ലർ , 2015 ലോക ചാമ്പ്യൻ കെനിയയുടെ ജൂലിയസ് യെഗോ, അമേരിക്കൻ കർട്ടിസ് തോംസൺ ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാവ് ജപ്പാന്റെ ജെങ്കി ഡീൻ , ശ്രീലങ്കയുടെ റുമേഷ് പതിരേജ് , ബ്രസീലിന്റെ ലൂയിസ് മൗറീഷ്യോ ഡാ സിൽവ എന്നിവരായിരുന്നു ഈ മത്സരത്തിലെ വിദേശ മത്സരാർത്ഥികൾ.
Content Highlights: India-Pakistan tensions; Neeraj Chopra Classic Javelin tournament postponed