മോസ്കോയിൽ നിന്ന് പാരിസിലെത്തുമ്പോൾ; ഹോക്കിയില്‍ ഇന്ത്യയുടെ അവസാന സ്വര്‍ണനേട്ടത്തിന് 44 വയസ്

1980ന് ശേഷം 2021 ടോക്കിയോ ഒളിംപിക്‌സിലാണ് ഇന്ത്യന്‍ ഹോക്കി ടീം മെഡല്‍ നേടുന്നത്

3 min read|29 Jul 2024, 11:39 pm

ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയുടെ അവസാന സ്വര്‍ണമെഡല്‍ വിജയത്തിന് ഇന്നേക്ക് 44 വയസ്. 1980 മോസ്‌കോ ഒളിംപിക്‌സിലാണ് ഇന്ത്യ അവസാനമായി ഹോക്കിയില്‍ സുവര്‍ണനേട്ടത്തിലെത്തിയത്. മോസ്‌കോയിലെ കലാശപ്പോരില്‍ സ്‌പെയിനിനെ 4-3ന് തകര്‍ത്താണ് ഇന്ത്യ മെഡലുറപ്പിച്ചത്. ഒളിംപിക്‌സില്‍ ഇന്ത്യയുടെ എട്ടാമത്തെ സ്വര്‍ണമെഡല്‍ നേട്ടമായിരുന്നു 1980ലേത്.

ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യ ഇതുവരെ സ്വന്തമാക്കിയത് 12 മെഡലുകള്‍. അതില്‍ എട്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും ഉൾപ്പെടുന്നു. 1928ലെ ആംസ്റ്റര്‍ഡാം ഒളിംപിക്‌സിലാണ് ഇന്ത്യ ആദ്യമായി സ്വര്‍ണമെഡല്‍ നേടുന്നത്. അതും ഇന്ത്യ ഒളിംപിക്‌സ് ഹോക്കിയിൽ അരങ്ങേറിയ വർഷം തന്നെ. കളിച്ച എല്ലാ മത്സരങ്ങളിലും ആധികാരിക വിജയം സ്വന്തമാക്കിക്കൊണ്ടായിരുന്നു ജയ്പാല്‍ സിങ് നയിച്ച ടീം സ്വര്‍ണമെഡൽ കരസ്ഥമാക്കിയത്. ഇന്ത്യയ്‌ക്കെതിരെ ഒരൊറ്റ ഗോള്‍ പോലും നേടാൻ എതിരാളികള്‍ക്ക് കഴിഞ്ഞിരുന്നില്ല എന്നത് മറ്റൊരു പ്രത്യേകതയാണ്. അന്ന് ഇന്ത്യ നേടി 29 ഗോളുകളില്‍ 14 എണ്ണവും നേടിയത് ഇതിഹാസതാരം ധ്യാന്‍ചന്ദായിരുന്നു. കലാശപ്പോരില്‍ നെതര്‍ലന്‍ഡ്‌സിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ ഒളിംപിക്സ് ഹോക്കിയിൽ മെഡല്‍വേട്ട ആരംഭിച്ചത്.

1928ന് ശേഷമുള്ള രണ്ട് ഒളിംപിക്‌സുകളിലും ഇന്ത്യ ഹോക്കിയില്‍ സ്വര്‍ണം നിലനിര്‍ത്തി. 1932ല്‍ ലോസ് ഏഞ്ചല്‍സ് ഒളിംപിക്‌സിനും 1936ലെ ബെര്‍ലിന്‍ ഒളിംപിക്‌സിനും ശേഷം ഇന്ത്യന്‍ ഹോക്കി ടീം സ്വര്‍ണമെഡല്‍ നേടുന്നത് 1948ലെ ലണ്ടന്‍ ഒളിംപിക്‌സിലായിരുന്നു. 1948, 1952, 1956 ഒളിംപിക്‌സ് ഹോക്കിയില്‍ വീണ്ടും ഹാട്രിക് ടൈറ്റിലുകള്‍. 1952ല്‍ ഹെല്‍സിങ്കി ഒളിംപിക്‌സില്‍ നെതര്‍ലന്‍ഡ്‌സിനെയും 1956 മെല്‍ബണ്‍ ഒളിംപിക്‌സില്‍ പാകിസ്താനെയും തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ സ്വര്‍ണവേട്ട. 1960 ഒളിംപിക്‌സിലെ ഹോക്കി ഫൈനലില്‍ ഇന്ത്യയുടെ വിജയക്കുതിപ്പ് പാകിസ്താൻ അവസാനിപ്പിച്ചു. 1964ൽ തൊട്ടടുത്ത ഒളിംപിക്‌സില്‍ പാകിസ്താനെ കീഴ്‌പ്പെടുത്തി ഇന്ത്യ ഏഴാം സ്വര്‍ണമെഡല്‍ നേടി.

പിന്നീട് 1980 ഒളിംപിക്‌സ് ഹോക്കിയിലെ ഫൈനലില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ ഇന്ത്യ എട്ടാം സ്വര്‍ണം ഉറപ്പിച്ചു. കലാശപ്പോരില്‍ 45 മിനിറ്റിനുള്ളില്‍ ഇന്ത്യ എതിരില്ലാത്ത മൂന്നുഗോളുകളുടെ ലീഡ് നേടി. സുരീന്ദര്‍ സിങ്ങിന്റെ ഇരട്ടഗോളുകളിനും മഹാരാജ് കൗശികിന്റെ ഒരു ഗോളിനും സ്പെയിൻ അധികം വൈകാതെ മറുപടി നൽകി. ജുവാന്‍ അമത്തിന്റെ ഇരട്ടഗോളില്‍ സ്‌കോര്‍ 3-2 എന്നായി. പിന്നീട് 58-ാം മിനിറ്റില്‍ മുഹമ്മദ് ഷാഹിദിലൂടെ ഇന്ത്യ ലീഡുയര്‍ത്തി. എന്നാല്‍ തൊട്ടുപിന്നാലെ 65-ാം മിനിറ്റില്‍ അമത് ഒരു ഗോള്‍ കൂടി നേടിയെങ്കിലും മത്സരം 4-3ന് ഇന്ത്യ വിജയം ഉറപ്പിച്ചു. ഒപ്പം എട്ടാം സ്വര്‍ണവും. പിന്നീടിങ്ങോട്ട് ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യയ്ക്ക് സുവർണ്ണനേട്ടം ഉണ്ടായിട്ടില്ല.

1980ന് ശേഷം 2021 ടോക്കിയോ ഒളിംപിക്‌സിലാണ് ഇന്ത്യന്‍ ഹോക്കി ടീം മെഡല്‍ നേടുന്നത്. 41 വര്‍ഷങ്ങളുടെ മെഡല്‍വരള്‍ച്ചയ്ക്ക് വിരാമിട്ട് മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് ഉള്‍പ്പെട്ട ഹോക്കി ടീം ടോക്കിയോയില്‍ ചരിത്രവെങ്കലം നേടി. നാല് പതിറ്റാണ്ടിനിപ്പുറം ഹോക്കിയില്‍ ഒരു സ്വര്‍ണനേട്ടം സ്വപ്‌നം കണ്ടാണ് ഇന്ത്യ പാരിസിലെത്തിയത്. നീണ്ട 44 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ ഹോക്കിയിൽ സ്വർണ്ണമെഡൽ നേടുകയെന്നതിൽ കുറഞ്ഞ് ഒരു ലക്ഷ്യവും ടീം ഇന്ത്യയ്ക്കില്ല. നിലവില്‍ ഒരു വിജയവും സമനിലയുമായി പാരിസില്‍ ടീം ഇന്ത്യ മുന്നേറുമ്പോള്‍ പ്രതീക്ഷയും പ്രാർത്ഥനയും ആവോളമാണ്. പാരിസ് ഒളിംപിക്‌സോടെ വിരമിക്കൽ പ്രഖ്യാപിച്ച പി ആര്‍ ശ്രീജേഷിന്‍റെ മടക്കം സ്വർണ്ണത്തിളക്കത്തോടെയാകട്ടെയെന്നാണ് ഓരോ ഇന്ത്യക്കാരനും ആഗ്രഹിക്കുന്നത്.

To advertise here,contact us