ഫ്രാൻസിൽ അതിവേ​ഗ റെയിലിന് നേരെ ആക്രമണം; പാരിസിലേക്കുള്ള യാത്രക്കാർ പ്രതിസന്ധിയിൽ

പാരിസ് ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് ഒഫിഷ്യലുകള്‍

പാരിസ്: പാരിസില്‍ ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഫ്രാന്‍സിലെ അതിവേ​ഗ റെയില്‍വേ ലൈനുകള്‍ക്ക് നേരെ ആക്രമണം. റെയില്‍വേ കേബിള്‍ ലൈനുകള്‍ മുറിച്ചും തീവെച്ചുമാണ് ആക്രമണം നടന്നത്. ഉദ്ഘാടന ചടങ്ങുകള്‍ അട്ടിമറിക്കാനുള്ള ബോധപൂര്‍വ്വ ശ്രമമാണ് റെയില്‍ ആക്രമണത്തിന് പിന്നിലെന്ന് അധികൃതര്‍ സംശയിക്കുന്നു.

ആക്രമണത്തിന് പിന്നാലെ ട്രെയിനുകള്‍ ചിലത് വഴിതിരിച്ചുവിട്ടു. മറ്റുചില ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. റെയില്‍വേ ലൈനുകള്‍ പുഃനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. എങ്കിലും ട്രെയിന്‍ ഗതാഗതം പൂര്‍ണമായും പഴയസ്ഥിതിയിലാകാന്‍ രണ്ട് ദിവസം താമസമുണ്ടാകുമെന്നാണ് അധികൃതര്‍ സൂചന നല്‍കുന്നത്.

റെയില്‍വേ ആക്രമണത്തെ തുടര്‍ന്ന് രണ്ടര ലക്ഷത്തോളം പേര്‍ക്ക് യാത്രാതടസമുണ്ടായെന്നാണ് ഫ്രാന്‍സ് റെയില്‍വേ അധികൃതര്‍ പറയുന്നത്. യാത്രക്കാര്‍ പാരിസിലെത്താന്‍ മറ്റ് ഗതാഗത മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. അതിനിടെ പാരിസ് ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് ഒഫിഷ്യലുകള്‍ വ്യക്തമാക്കി.

To advertise here,contact us