സച്ചിന്റെയും സഞ്ജുവിന്റെയും പോരാട്ടം വിഫലം; വിജയ് ഹസാരെയില് കേരളത്തിന് തോല്വി

സെഞ്ച്വറി നേടിയ സച്ചിന് ബേബിയുടെയും അര്ധസെഞ്ച്വറി നേടിയ ക്യാപ്റ്റന് സഞ്ജു സാംസണിന്റെയും തകര്പ്പന് ഇന്നിങ്സാണ് കേരളത്തെ പൊരുതാവുന്ന സ്കോറില് എത്തിച്ചത്

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയില് കേരളത്തിന് ആദ്യ പരാജയം. കരുത്തരായ മുംബൈയോട് എട്ട് വിക്കറ്റിനാണ് കേരളം അടിയറവ് പറഞ്ഞത്. മഴ തടസ്സപ്പെടുത്തിയ മത്സരത്തില് വി ജെ ഡി നിയമപ്രകാരമാണ് മുംബൈയുടെ വിജയം. കേരളം ഉയര്ത്തിയ 232 റണ്സെന്ന വിജയലക്ഷ്യം പിന്തുടര്ന്ന മുംബൈ 24.2 ഓവറില് രണ്ട് വിക്കറ്റ് നഷ്ടത്തില് 160 റണ്സെടുത്ത് നില്ക്കവേയായിരുന്നു മഴ മൂലം മത്സരം നിര്ത്തിവെച്ചത്. തുടര്ന്ന് മുംബൈയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

മുംബൈയ്ക്ക് വേണ്ടി ഓപ്പണര് അംഗ്കൃഷ് രഘുവംശി (47 പന്തില് 57 റണ്സ്) അര്ധ സെഞ്ച്വറി നേടി. മറ്റൊരു ഓപ്പണര് ജയ് ബിസ്ത 44 പന്തില് 30 റണ്സെടുത്തു. ഇരുവരും മികച്ച തുടക്കമാണ് നല്കിയത്. ഒന്നാം വിക്കറ്റില് 14.2 ഓവറില് 93 റണ്സ് അടിച്ചെടുത്തു. സുവേദ് പാര്ക്കര് (27), ക്യാപ്റ്റന് അജിങ്ക്യാ രഹാനെ (20 പന്തില് 34) എന്നിവരായിരുന്നു മത്സരം അവസാനിപ്പിക്കുമ്പോള് ക്രീസിലുണ്ടായിരുന്നത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം 49.1 ഓവറില് 231 റണ്സിന് ഓള്ഔട്ടാവുകയായിരുന്നു. സെഞ്ച്വറി നേടിയ സച്ചിന് ബേബിയുടെയും അര്ധസെഞ്ച്വറി നേടിയ ക്യാപ്റ്റന് സഞ്ജു സാംസണിന്റെയും തകര്പ്പന് ഇന്നിങ്സാണ് കേരളത്തെ പൊരുതാവുന്ന സ്കോറില് എത്തിച്ചത്.

മത്സരത്തില് കേരളത്തിന്റെ തുടക്കം തകര്ച്ചയോടെ ആയിരുന്നു. 12 റണ്സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള് നഷ്ടപ്പെട്ടു. മൂന്നാം വിക്കറ്റില് സഞ്ജുവും സച്ചിനും ഒന്നിച്ചതോടെയാണ് കേരളം കരകയറിയത്. ഈ വിക്കറ്റില് 126 റണ്സ് കൂട്ടിച്ചേര്ക്കാന് കേരളത്തിന് കഴിഞ്ഞു. 55 റണ്സെടുത്ത സഞ്ജു പുറത്തായതോടെ വീണ്ടും ബാറ്റിംഗ് തകര്ച്ച ആരംഭിച്ചു.

സച്ചിന്റെ ബാറ്റിംഗ് മാത്രമാണ് പിന്നീടുള്ള ഇന്നിംഗ്സില് കേരളത്തിന് പറയാനുണ്ടായിരുന്നത്. 104 റണ്സെടുത്ത സച്ചിന് പുറത്താകുമ്പോള് കേരളം എട്ടിന് 224 റണ്സില് എത്തിയിരുന്നു. അധികം വൈകാതെ കേരളത്തിന്റെ ഇന്നിംഗ്സും അവസാനിച്ചു.

To advertise here,contact us