കോഴിക്കോട്: കാലിക്കറ്റ് സര്വകലാശാല സ്റ്റേഡിയത്തില് നടക്കുന്ന മലപ്പുറം ജില്ലാ ജൂനിയര് അത്ലറ്റിക്സ് ചാമ്പ്യന്ഷിപ്പിലെ അണ്ടര് 18 വിഭാഗം പെണ്കുട്ടികളുടെ ഓട്ടമത്സരത്തില് കെ അഞ്ജലിയ്ക്ക് സ്വര്ണം. ഒന്നാമതായി ഫിനിഷ് ചെയ്യുമ്പോള് അഞ്ജലി പൊട്ടിക്കരയുകയായിരുന്നു. തന്റെ നേട്ടം കാണാന് പ്രിയപ്പെട്ട പരിശീലകന് ഇല്ലാത്തതാണ് ഫിനിഷിങ് ലൈനിലെത്തിയപ്പോള് അഞ്ജലി വികാരാധീനയായതിന് കാരണം. അഞ്ജലിയുടെ പരിശീലകന് പാലയ്ക്കമണ്ണില് അജ്മല് ജൂണ് എട്ടിന് തീവണ്ടി തട്ടിമരിച്ചിരുന്നു.
മേലാറ്റൂര് ആര്എംഎച്ച്എസ് സ്കൂളിലെ പ്ലസ് വണ് വിദ്യാര്ത്ഥിനിയാണ് അഞ്ജലി. എല്കെജി മുതല് മിക്ക അത്ലറ്റിക്സ് മത്സരങ്ങളിലും അഞ്ജലി പങ്കെടുക്കാറുണ്ട്. എങ്കിലും മേലാറ്റൂര് ആര്എംഎച്ച്എസ് സ്കൂളിലെ കായികാധ്യാപകനായി അജ്മല് എത്തിയതുമുതലാണ് അഞ്ജലിയുടെ ജീവിതത്തില് വഴിത്തിരിവുണ്ടാവുന്നത്.
പത്താം ക്ലാസില് പഠിക്കുമ്പോള് ജില്ലാ മീറ്റില് 400,200 ഇനങ്ങളില് അഞ്ജലി വെള്ളി നേടി. ജില്ലാ സ്കൂള് മീറ്റില് 400ല് സ്വര്ണ്ണവും 100,200 വിഭാഗങ്ങളില് വെള്ളിയും നേടിയിരുന്നു. മേലാറ്റൂര് സ്വദേശികളായ കെ ശശികുമാറിന്റെയും എം ഷൈലജയുടെയും മകളാണ് അഞ്ജലി.