ആഞ്ചലോട്ടിയെ പുറത്താക്കണമെന്ന് റൊമാരിയോ, അസംബന്ധമെന്ന് ബ്രസീല്‍ കോച്ചിന്റെ മറുപടി

ബ്രസീല്‍ ഫുട്‌ബോളില്‍ തര്‍ക്കം രൂക്ഷം; സിംഗപ്പൂരില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ജപ്പാനോട് ബ്രസീല്‍ തോറ്റതോടെയാണ് റൊമാരിയോയും ആഞ്ചലോട്ടിയും വാക് പോര് നടത്തുന്നത്

സിംഗപ്പൂരില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ജപ്പാനോട് ബ്രസീല്‍ 3-2ന് പരാജയപ്പെട്ടതിന് പിന്നാലെ തന്നെ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട ഇതിഹാസ താരം റൊമാരിയോയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബ്രസീലിന്റെ ഇറ്റാലിയന്‍ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി രംഗത്തെത്തി. ക്ലബ്ബ് തലത്തില്‍ തിളക്കമാര്‍ന്ന റെക്കോര്‍ഡുകള്‍ ഉണ്ടായിരുന്നിട്ടും, കാനറിപ്പടയെ നയിക്കാന്‍ തനിക്ക് കഴിയുമെന്ന് ആഞ്ചലോട്ടി ഇനിയും തെളിയിക്കേണ്ടതുണ്ടെന്നാണ് റൊമാരിയോയുടെ പക്ഷം. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് റൊമാരിയോ ആഞ്ചലോട്ടിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. മികച്ച പരിശീലകന്‍ എന്ന റെക്കോര്‍ഡ് മാത്രം മുന്‍നിര്‍ത്തി നിലവിലെ പരീക്ഷണങ്ങള്‍ തുടരാന്‍ കഴിയില്ലെന്നും അദ്ദേഹം വാദിച്ചു.

'ഇത് അഭിപ്രായ സ്വാതന്ത്ര്യമാണ്, ഒരു ജനാധിപത്യ രാജ്യത്ത് എല്ലാവര്‍ക്കും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്. റൊമാരിയോ തന്റെ അഭിപ്രായം പറഞ്ഞു, അത് ശരിയായാലും തെറ്റായാലും തങ്ങള്‍ ആഗ്രഹിക്കുന്നത് പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. സത്യം പറഞ്ഞാല്‍ റൊമാരിയോ ഒരുപാട് സംസാരിക്കാറുണ്ട്, അത് അദ്ദേഹത്തിന്റെ അവകാശമാണ്' -ആഞ്ചലോട്ടി പറഞ്ഞു.

'ഇതൊരു പുതിയ ദൗത്യമാണ്, ഞങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ എനിക്ക് സന്തോഷമുണ്ട്, പക്ഷേ അത് പോരാ എന്നാണ് ഞാന്‍ കരുതുന്നത്. എനിക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ട്, ഞാന്‍ അത് ചെയ്യുക തന്നെ ചെയ്യും. ഇവിടെ നില്‍ക്കുന്നതിലും ദേശീയ ടീമിനൊപ്പം പ്രവര്‍ത്തിക്കുന്നതിലും ഞാന്‍ സന്തുഷ്ടനാണ്, എനിക്ക് ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. ടീമിനെ വീണ്ടും മത്സരക്ഷമമാക്കാന്‍ ഞാന്‍ കൂടുതല്‍ പരിശ്രമിക്കേണ്ടതുണ്ട്. ഞങ്ങള്‍ കുറച്ചുകാലമായി മികച്ച മത്സരവീര്യം പുറത്തെടുക്കുന്നില്ല. ഇവിടെ തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ടീമിനെ ലോകത്തിലെ ഏറ്റവും മികച്ച മത്സരക്ഷമതയുള്ള ടീമാക്കി മാറ്റാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' -ജപ്പാനെതിരായ തോല്‍വിയെ നിസ്സാരവല്‍ക്കരിച്ചുകൊണ്ട് ആഞ്ചലോട്ടി പറഞ്ഞു:

'ഇത് പരീക്ഷണങ്ങളുടെ സമയമാണെന്നത് വ്യക്തമാണ്. ഗബ്രിയേല്‍ ബോണ്ടെമ്പോ, ആന്ദ്രേ, ജോനാറ്റ ജീസസ് എന്നിവരില്‍ തുടങ്ങി പുതിയ താരങ്ങളെ ഞങ്ങള്‍ പരീക്ഷിക്കുകയാണ്. പേരുകള്‍ എടുത്തുപറയുന്നില്ലെങ്കിലും ഇതെല്ലാം വളരെ പോസിറ്റീവായ വിലയിരുത്തലുകളാണ്. മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഞങ്ങള്‍ എപ്പോഴും ആഗ്രഹിക്കുന്നു, പക്ഷേ ഒരേസമയം പരീക്ഷണങ്ങള്‍ നടത്താനും, മാറ്റങ്ങള്‍ വരുത്താനും, ടീമിനെ സജ്ജമാക്കാനും കഴിയില്ല. ടീം ശരിയായ പാതയിലാണെന്ന് ഞങ്ങളെല്ലാവരും വിശ്വസിക്കുന്നു. വലിയ ആത്മവിശ്വാസത്തോടെ ഞങ്ങള്‍ ഈ പാതയില്‍ മുന്നോട്ട് പോകും, സിംഗപ്പൂരിനെതിരെ ഞങ്ങള്‍ക്ക് ഒരു യഥാര്‍ത്ഥ പരീക്ഷണം നേരിടാനുണ്ട്' 'ഇപ്പോള്‍ ഞങ്ങളുടെ ശക്തിയും ദൗര്‍ബല്യങ്ങളും വിലയിരുത്തേണ്ടതുണ്ട്. ആക്രമണത്തേക്കാള്‍ കൂടുതല്‍ പ്രതിരോധ നിരയിലെ പ്രകടനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ജപ്പാനെതിരായ മത്സരത്തിലെ ചില കാര്യങ്ങള്‍ കാണിച്ചുതരുന്നു. എന്നാല്‍ ഭാവിയില്‍ വളരെ ശക്തമായ ഒരു ദേശീയ ടീമിനെ വാര്‍ത്തെടുക്കുന്നതിനുള്ള ശരിയായ പാതയിലാണ് ഞങ്ങള്‍' -ആഞ്ചലോട്ടി കൂട്ടിച്ചേര്‍ത്തു.

ആഞ്ചലോട്ടിയെ വിമര്‍ശിച്ച് റൊമാരിയോഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകരില്‍ ഒരാളാണ് ആഞ്ചലോട്ടിയെന്ന് വിശേഷിപ്പിച്ച റൊമാരിയോ, എന്നാല്‍ ക്ലബ്ബ് തലത്തിലാണ് അദ്ദേഹം ആ പേര് സമ്പാദിച്ചതെന്ന് പറഞ്ഞു. ബ്രസീലിനൊപ്പം പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താന്‍ അദ്ദേഹത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ആഞ്ചലോട്ടിയെ വിമര്‍ശിച്ചതുകൊണ്ട് മാത്രം മുന്‍ സ്‌ട്രൈക്കര്‍ നിര്‍ത്തിയില്ല. ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റിന് നേരെയും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. വിഷയത്തില്‍ ഇടപെട്ട് നിര്‍ണ്ണായക തീരുമാനമെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അല്പം ധൈര്യം കാണിച്ച് ആഞ്ചലോട്ടിയുടെ കരാര്‍ റദ്ദാക്കുക. നിലവിലെ സാഹചര്യം ഇങ്ങനെ തുടരാന്‍ അനുവദിച്ചാല്‍ ദേശീയ ടീം കൂടുതല്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്ന് റൊമാരിയോ പ്രസിഡന്റ് സമീര്‍ സൗദിനോട് മുന്നറിയിപ്പ് നല്‍കി. ആരാധകര്‍ ഇതിനകം തന്നെ നിരാശാജനകമായ നിരവധി ഫലങ്ങള്‍ കണ്ട് മടുത്ത സാഹചര്യത്തില്‍, ബ്രസീലിന്റെ ജേഴ്സി പരീക്ഷണങ്ങള്‍ക്കോ തെറ്റായ തീരുമാനങ്ങള്‍ക്കോ ഉള്ള വേദിയാകരുതെന്ന് അദ്ദേഹം പറഞ്ഞു. മറ്റൊരു ലോകകപ്പ് അവസരം കൂടി പാഴാക്കാന്‍ രാജ്യത്തിന് കഴിയില്ലെന്നും, ദേശീയ ടീമിന്റെ ചുമതലയില്‍ തുടരുന്നതിന് പകരം പരിശീലകവൃത്തി തുടരാന്‍ താല്പര്യമുണ്ടെങ്കില്‍ ക്ലബ്ബ് ഫുട്‌ബോളിലേക്ക് മടങ്ങിപ്പോകുന്നതാണ് ആഞ്ചലോട്ടിക്ക് നല്ലതെന്നും റൊമാരിയോ കൂട്ടിച്ചേര്‍ത്തു.

content highlights: Romário Demands Carlo Ancelotti's Dismissal; Brazil Coach Brushes Off Criticism

To advertise here,contact us