മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ഹെഡ് കോച്ച് മൈക്കല്‍ കാരിക് പുറത്താക്കപ്പെടാന്‍ സാധ്യതയേറുന്നു. ഒക്ടോബര്‍ 25-ന് നടന്ന ഹോം മത്സരത്തില്‍ ബേണ്‍മൗത്തിനോട് 3-0-ന് തോറ്റതിന് ശേഷവും കാരിക്കുമായി മുന്നോട്ട് പോകാനാണ് ക്ലബ് തീരുമാനിച്ചിരുന്നത്. ഈ മാസത്തെ ഇന്റര്‍നാഷണല്‍ ബ്രേക്കിനിടെ സ്ഥിതിഗതികള്‍ പുനഃപരിശോധിക്കുക എന്നതായിരുന്നു ക്ലബ്ബിന്റെ ലക്ഷ്യം. ക്ലബ് ബോര്‍ഡ് ആ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണെന്നും കാരിക്കിന്റെ ഭാവി കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
എന്നിരുന്നാലും, ചീഫ് എക്സിക്യൂട്ടീവ് ഒമര്‍ ബറാദയും ഡയറക്ടര്‍ ഓഫ് ഫുട്ബോള്‍ ജേസണ്‍ വില്‍കോക്സും ചേര്‍ന്ന്, മൈനോറിറ്റി ഉടമയായ സര് ജിം റാറ്റ്ക്ലിഫിനോടും ഗ്ലേസര്‍ കുടുംബത്തോടും കാരിക്കിനെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച ആസ്റ്റണ്‍ വില്ലയ്ക്കെതിരായ 4-4 സമനിലയോടെ, പോയിന്റ് പട്ടികയില്‍ 18-ാം സ്ഥാനത്തുള്ള യുണൈറ്റഡ്, കഴിഞ്ഞ 40 വര്‍ഷത്തിനിടയിലെ തങ്ങളുടെ ഏറ്റവും മോശം സീസണ് തുടക്കമാണ് കുറിച്ചിരിക്കുന്നത്.
കാരിക്കിന് പകരക്കാരനായി ന്യൂകാസിലിന്റെ മുന്‍ കോച്ച് എഡി ഹൗവ്, ജര്‍മ്മനിയുടെ മുന്‍ കോച്ച് യൂലിയന്‍ നാഗല്സ്മാന് എന്നിവരെ ക്ലബ് സമീപിച്ചിരുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. മുന്‍ ചെല്‍സി കോച്ച് അന്റോണിയോ കോണ്ടെയ്ക്ക് ഈ സ്ഥാനമേറ്റെടുക്കാന്‍ താല്പര്യമുണ്ടെന്ന് അറിയുന്നു. അതേസമയം മുന്‍ സ്പര്‍സ് കോച്ച് മൗറിസിയോ പോച്ചെറ്റിനോ ഓള്‍ഡ് ട്രാഫോര്‍ഡിലേക്ക് വരാന്‍ സന്നദ്ധനാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഓഗസ്റ്റില്‍ പോച്ചെറ്റിനോ യുഎസ്എ കോച്ചെന്ന നിലയിലുള്ള തന്റെ കരാര്‍ നീട്ടിയിരുന്നു. എങ്കിലും, പ്രമുഖമായ പ്രത്യേക ക്ലബ് ചുമതലകള്‍ ലഭിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് ഒഴിയാന്‍ അനുവദിക്കുന്ന ക്ലോസുകള്‍ ആ കരാറിലുണ്ടെന്നാണ് കരുതപ്പെടുന്നത്. യുഎസ്എ ടീമിന് നവംബര്‍ 14, 18 തീയതികളില്‍ ഹെയ്തിക്കെതിരെ കോണ്‍കാകാഫ് നേഷന്‍സ് ലീഗ് പ്ലേ-ഓഫ് മത്സരങ്ങളുണ്ട്.
മോശം പ്രകടനം, കാരിക് വലിയ വില നല്കേണ്ടിവരുംഓള്ഡ് ട്രാഫോര്‍ഡില്‍ 45-കാരനായ കാരിക്കിന് കൂടുതല്‍ സമയം നല്കാന് ക്ലബ് തീരുമാനിച്ചതിന് ശേഷം വില്ലയ്ക്കെതിരെയുള്ള സമനില ഉള്‍പ്പെടെ മൂന്ന് മത്സരങ്ങളാണ് അദ്ദേഹം ടീമിനെ നയിച്ചത്. ഈ കാലയളവിലെ ഫലങ്ങള്‍ - ഒരു ജയം, ഒരു സമനില, ഒരു തോല്‍വി - സമ്മിശ്രമായിരുന്നു. ഇത് കാരിക്കിന്റെ ഭരണത്തിന് കീഴിലുള്ള യുണൈറ്റഡിന്റെ മികച്ചതും മോശവുമായ വശങ്ങള് ഒരുപോലെ വെളിവാക്കി; പ്രതിരോധത്തില്‍ നിരന്തരം ഗോളുകള്‍ വഴങ്ങിയപ്പോഴും മൂന്ന് അവസരങ്ങളില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷം തിരിച്ചുവരാനുള്ള മികച്ച വീര്യം ടീം പുറത്തെടുത്തു.
ബേണ്മത്തിനോടേറ്റ തോല്‍വിക്ക് ശേഷം കാരിക്കിനെ പുറത്താക്കുന്നതിനെക്കുറിച്ച് യുണൈറ്റഡ് ബോര്‍ഡ് ചിന്തിച്ചിരുന്നെങ്കിലും, കാര്യങ്ങള്‍ അനുകൂലമാക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് തെളിയിക്കാന്‍ ഈ ഇംഗ്ലീഷ് പരിശീലകനും കളിക്കാര്‍ക്കും അവസരം നല്‍കണമെന്ന തീരുമാനത്തിലാണ് അന്ന് എത്തിച്ചേര്‍ന്നത്. നവംബറിലെ രണ്ടാഴ്ചത്തെ ഇന്റര്‍നാഷണല്‍ ബ്രേക്ക്, സീസണിലെ ക്ലബ്ബിന്റെ പ്രകടനത്തെ കൃത്യമായി വിലയിരുത്താന്‍ കൂടുതല്‍ നല്ല അവസരമായിരിക്കുമെന്നും കരുതപ്പെട്ടിരുന്നു.
എന്നാല്‍ കാരിക്കിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ ഒട്ടും ശുഭകരമല്ല. പ്രീമിയര്‍ ലീഗിലെ 10 മത്സരങ്ങളില്‍ നിന്ന് ഒരൊറ്റ ജയം മാത്രമുള്ള യുണൈറ്റഡ്, 1986/87 സീസണിന് ശേഷമുള്ള തങ്ങളുടെ ഏറ്റവും മോശം തുടക്കമാണ് കുറിച്ചിരിക്കുന്നത്. പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാനമുള്ള ക്രിസ്റ്റല്‍ പാലസിനേക്കാള്‍ ഒരു പോയിന്റ് മാത്രം മുന്നിലായി 18-ാം സ്ഥാനത്താണ് അവര്‍ നിലവിലുള്ളത്. ഈ സീസണ് പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡ് വഴങ്ങിയ 19 ഗോളുകളേക്കാള്‍ കൂടുതല്‍ ഗോളുകള്‍ വഴങ്ങിയിട്ടുള്ളത് ഈഗിള്‍സും (ക്രിസ്റ്റല്‍ പാലസ്) ഇപ്സ്വിച്ചും മാത്രമാണ്.
എന്തുപറ്റി കാരിക്കിന്, കൈവിട്ടുപോയത് എങ്ങനെ?ഹള്ളിനെതിരായ യുണൈറ്റഡിന്റെ സീസണിലെ ആദ്യ മത്സരത്തിന് 48 മണിക്കൂര്‍ മുമ്പ് നടന്ന സംഭവവികാസങ്ങള്‍ നിര്‍ണ്ണായകമായിരുന്നു. ബെഞ്ചമിന്‍ സെസ്കോ പരിക്കില്‍ നിന്ന് പൂര്‍ണ്ണമായി മുക്തനായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിനിടയിലാണ് അമദ് ദിയാലോയ്ക്ക് കാല്‍ക്കുഴയ്ക്ക് പരിക്കേല്‍ക്കുന്നതും ഏഴ് ആഴ്ചത്തേക്ക് പുറത്താകുന്നതും. ഇതോടെ കാരിക്കിന്റെ പ്രധാന സ്ട്രൈക്കിംഗ് ഓപ്ഷന് നഷ്ടപ്പെടുകയും ബ്രയാന്‍ എംബ്യൂമോയ്ക്ക് ആക്രമണത്തിന്റെ വലതുവശത്ത് കളിക്കേണ്ടി വരികയും ചെയ്തു. പകരം കാരിക് മാത്യൂസ് കുന്യയെ ആശ്രയിച്ചെങ്കിലും, താരം പിന്നോട്ട് ഇറങ്ങിക്കളിക്കാന്‍ ഇഷ്ടപ്പെട്ടതിനാല് ക്യാപ്റ്റന്‍ ബ്രൂണോ ഫെര്‍ണാണ്ടസ് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ച ഇടങ്ങളെ ബാധിച്ചു. ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്തിയ എതിരാളികളുടെ ശാരീരികമായ വെല്ലുവിളിയെ നേരിടാന്‍ യുണൈറ്റഡ് സജ്ജമല്ലെന്ന് തോന്നിച്ച അന്ന് അവരുടെ ആക്രമണം നിഷ്പ്രഭമായി. മുന്‍ നോര്‍വേ സ്ട്രൈക്കര്‍ യാന്‍ ആഗെ ഫ്യോര്ട്ടോഫ്ട് യുണൈറ്റഡിന് മത്സരത്തില്‍ ആവേശം കുറവായിരുന്നു എന്ന് ആരോപിച്ചത് ഏറെ ശ്രദ്ദേയമായിരുന്നു. എന്നാല്‍ കാരിക് ഇതിനെ 'ഹാസ്യകരം' എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു.
'ഇതൊരു മത്സരം മാത്രമാണ്,' മത്സരത്തിന് ശേഷം കാരിക് മാധ്യമങ്ങളോട് പറഞ്ഞു. വരുന്ന ആഴ്ച, അടുത്തിടെ പ്രൊമോഷന് നേടി വന്ന മറ്റൊരു ടീമായ ഇപ്സ്വിച്ചിനോട് യുണൈറ്റഡ് തോല്‍വിയുടെ വക്കിലായിരുന്നു. സ്വന്തം പകുതിയില്‍ മാര്‍സെലിനോ ന്യൂനസ് വരുത്തിയ ഒരു പിഴവ് മാത്രമാണ് കുന്യയ്ക്ക് പന്ത് നല്‍കാനും ബ്രൂണോയ്ക്ക് ഒരു സമനില ഗോള്‍ നേടാനും അവസരമൊരുക്കിയത്. 2025-26 സീസണിലെ പിഎഫ്എ പ്ലെയര്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ആ പോര്‍ച്ചുഗല്‍ പ്ലേമേക്കര്‍, 5-2 ന് ജയിച്ച ആ മത്സരത്തില്‍ ഹാട്രിക് തികച്ചു. എന്നാല്‍ അതിനുശേഷം ലീഗില്‍ വില്ലയ്ക്കെതിരെ നേടിയ ഒരു പെനാല്‍റ്റി അല്ലാതെ മറ്റൊരു ഗോളും അദ്ദേഹത്തിന് നേടാനായിട്ടില്ല.
ഇപ്സ്വിച്ചിനെതിരായ ജയത്തിന് ശേഷം എവര്‍ട്ടണുമായുള്ള മത്സരമായിരുന്നു. രണ്ട് തവണ യുണൈറ്റഡ് മുന്നിലെത്തി; സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ സെസ്കോ കളി കഴിയാന്‍ രണ്ട് മിനിറ്റ് ബാക്കിയുള്ളപ്പോള്‍ രണ്ടാം ഗോളും നേടി. എന്നാല്‍ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളില്‍ ഐന്‍സ്ലി മെയ്റ്റ്ലാന്ഡ്-നൈല്‍സ് വിദൂരത്തുനിന്ന് അടിച്ച ഗോള്‍ സന്ദര്‍ശകര്‍ക്ക് ജയം നിഷേധിച്ചു. മോശം തുടക്കത്തില്‍ നിന്ന് തിരിച്ചുവരാനുള്ള ടീമിന്റെ ശേഷിയില്‍ എത്രത്തോളം ആത്മവിശ്വാസമുണ്ടെന്ന് ചോദിച്ചപ്പോള്‍, 'കാര്യങ്ങള്‍ അത്ര മോശമായിട്ടില്ല' എന്നാണ് കാരിക് തിരിച്ചടിച്ചത്.
എന്നാല്‍ അതിനുശേഷം നടന്ന കാര്യങ്ങള്‍ ഫലത്തില്‍ മോശമായിരുന്നു. ഓരോ മത്സരത്തിലും യുണൈറ്റഡ് കളിക്കാരുടെ ഫിറ്റ്നസ് ചോദ്യം ചെയ്യപ്പെട്ടു. ആദ്യ പകുതിയില്‍ 10 പേരായി ചുരുങ്ങിയ മാഞ്ചെസ്റ്റര്‍ സിറ്റിക്കെതിരെ അവര്‍ കഠിനമായി ബുദ്ധിമുട്ടി. അതിനുശേഷമാണ് എര്‍ലിംഗ് ഹാളണ്ട് നേടിയ ഗോളിലൂടെ സിറ്റി നേട്ടം കൊയ്തത്; ആ ഗോള്‍ അനുവദിക്കാന്‍ പാടില്ലായിരുന്നുവെന്ന് റഫറിമാരുടെ തലവന്‍ ഹോവാര്‍ഡ് വെബ് പിന്നീട് സമ്മതിക്കുകയും ചെയ്തു. കാരിക്കിന്റെ പരാതികള്‍ ന്യായം തന്നെയായിരുന്നു; എങ്കിലും അത് ടീമിന്റെ മോശം പ്രകടനത്തെ മറച്ചുപിടിക്കുന്നതായിരുന്നു.
ഇഎഫ്എല്‍ കപ്പില്‍ ബ്രൈറ്റണിനെതിരെ 10 മിനിറ്റിനുള്ളില്‍ 2-0 ന് മുന്നിലെത്തിയ ശേഷമാണ് യുണൈറ്റഡ്, രണ്ടാം പകുതിയിലെ നാല് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ വഴങ്ങി തോറ്റമ്പിയത്. കാരിക്കിന്റെ താല്‍ക്കാലിക ചുമതലയുടെ സമയത്ത് യുണൈറ്റഡിന് അനുകൂലമായിരുന്ന ഭാഗ്യങ്ങള്‍ ഇപ്പോള്‍ അവര്‍ക്കെതിരായി മാറുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് പ്രശംസിക്കപ്പെട്ട അദ്ദേഹത്തിന്റെ കോച്ചിംഗ് സ്റ്റാഫിന് ഇതിനൊരു പരിഹാരം കണ്ടെത്താനായില്ല.
പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുണ്ടായിരുന്ന ഫുള്‍ഹാമിനെതിരെ ഇഞ്ചുറി ടൈമില്‍ കുഞ്ഞ നേടിയ സമനില ഗോളിനെ, മുന്നോട്ട് കുതിക്കാനുള്ള പോസിറ്റീവായി കാരിക് വിശേഷിപ്പിച്ചു. എന്നാല്‍ ഇന്റര്‍നാഷണല്‍ ബ്രേക്കിന് തൊട്ടുപിന്നാലെ, യുണൈറ്റഡ് വീണ്ടും സമനിലയില്‍ കുടുങ്ങി - ഫോമിലല്ലാത്തതും 10 പേരായി ചുരുങ്ങിയതുമായ ടോട്ടനത്തിനെതിരെ ഇഞ്ചുറി ടൈമില്‍ അവര്‍ ഗോള്‍ വഴങ്ങി. തിരിച്ചടികളുടെ വേഗത വര്‍ദ്ധിക്കുകയായിരുന്നു. ഫുള്‍ഹാമിനെതിരെ ഓണ്‍ ഗോള്‍ വഴങ്ങിയ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, സ്പര്‍സിന്റെ സമനില ഗോളിനും കാരണക്കാരനായി. അത്ലറ്റിക്കോ മാഡ്രിഡിനോട് 2-0 ന് ചാമ്പ്യന്‍സ് ലീഗില്‍ തോറ്റതിന് ശേഷം അദ്ദേഹം നടത്തിയ പ്രതികരണം ഇതിലും അത്ഭുതപ്പെടുത്തുന്നതായിരുന്നു. യുണൈറ്റഡിന്റെ സമ്മര്‍ ട്രാന്‍സ്ഫറുകളെ വിമര്‍ശിച്ച അര്‍ജന്റീന പ്രതിരോധ താരം, അതിന്റെ പഴി ചാര്‍ത്തിയത് 'ടെക്നിക്കല്‍ ഡയറക്ടറായ' വില്‍കോക്സിന്റെ തലയിലായിരുന്നു.
മാര്‍ട്ടിനെസിന്റെ ഈ പരസ്യ വിമര്‍ശനത്തിന് മുമ്പ് തന്നെ സെസ്കോയും ലെഫ്റ്റ് ബാക്ക് ലൂക്ക് ഷായും പരിക്കേറ്റ് പുറത്തായിരുന്നു. മാര്‍ക്കസ് റാഷ്ഫോര്‍ഡ് അതിനുശേഷം കളിച്ചിട്ടില്ല. ലെഫ്റ്റ് ബാക്ക് സ്ഥാനത്തെ കളിമാറ്റങ്ങള് ഒടുവില്‍ കാരിക് ആ പൊസിഷനില്‍ അഞ്ച് വ്യത്യസ്ത കളിക്കാരെ ഇറക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചു. അത്ലറ്റിക്കോയ്ക്കെതിരെ ആദ്യ മിനിറ്റില്‍ തന്നെ ഗോള്‍ വഴങ്ങിയതിന് ശേഷം, ചാമ്പ്യന്‍സ് ലീഗില്‍ കോമോയ്ക്കെതിരായ 4-1 ന്റെ തോല്‍വിയില്‍ കളി തുടങ്ങി ആദ്യ രണ്ട് മിനിറ്റിനുള്ളില്‍ തന്നെ യുണൈറ്റഡ് ഗോള്‍ വഴങ്ങി. മത്സരശേഷം ഫെര്‍ണാണ്ടസ് പരസ്യമായി വന്ന് കാരിക്കിന്റെ തന്ത്രങ്ങളെ വിമര്‍ശിച്ചു. തുടര്‍ന്ന് ബേണ്മത്തിനെതിരായ മത്സരത്തില്‍ അദ്ദേഹത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയെങ്കിലും, ചെല്‍സിക്കെതിരായ മത്സരത്തില്‍ ക്യാപ്റ്റനായി തിരിച്ചെത്തി. രണ്ട് മത്സരങ്ങളിലും യുണൈറ്റഡ് തോല്‍വി വഴങ്ങി.
ഈ സീസണില്‍ എല്ലാ ടൂര്‍ണമെന്റുകളിലുമായി ആകെയുള്ള 15 മത്സരങ്ങളില്‍ നിന്ന് വെറും മൂന്ന് ജയങ്ങള്‍ മാത്രം നേടുകയും, പ്രീമിയര്‍ ലീഗില്‍ 18-ാം സ്ഥാനത്ത് തുടരുകയും ചെയ്യുന്നതോടെ, കാരിക്കിന് തന്റെ സ്ഥാനം നഷ്ടപ്പെടാനുള്ള വഴി തെളിഞ്ഞിരിക്കുകയാണ്.
content highlights: Crucial Discussions in Manchester: Michael Carrick Facing Potential Sack