മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ഗംഭീര കംബാക്ക്; സമനില ഗോളുകള്‍ വീണത് ഇഞ്ചുറി ടൈമില്‍

ആസ്റ്റന്‍വില്ലയെ യുണൈറ്റഡ് സമനിലയില്‍ തളച്ചത് ഇഞ്ചുറി ടൈമില്‍ നേടിയ ഇരട്ടഗോളില്‍

ആവേശകരമായ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍, രണ്ട് ഗോളുകള്‍ക്ക് രണ്ട് തവണ പിന്നില്‍ നിന്ന ശേഷം രണ്ടാം പകുതിയിലെ ഇഞ്ചുറി സമയത്ത് പാട്രിക് ഡോര്‍ഗുവും ജോഷ്വ സിര്‍ക്സീയും നേടിയ ഗോളുകളുടെ കരുത്തില്‍ അസ്റ്റണ്‍ വില്ലയ്ക്കെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 4-4-ന്റെ തകര്‍പ്പന്‍ സമനില പിടിച്ചു.

ശനിയാഴ്ച നോട്ടംഗ്ഹാം ഫോറസ്റ്റ് 3-1-ന് മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചതോടെ റെലഗേഷന്‍ സോണിലേക്ക് വീണ യുണൈറ്റഡിന് മത്സരത്തില്‍ നേരിട്ടത് മോശം തുടക്കമായിരുന്നു. കളി തുടങ്ങി 59 സെക്കന്‍ഡുകള്‍ക്കുള്ളില്‍ അലിസണ്‍ വില്ലയ്ക്കായി ആദ്യ ഗോള്‍ നേടി. നാല് മിനിറ്റിനുള്ളില്‍ നിക്കോളാസ് ജാക്സണ്‍ സന്ദര്‍ശകരുടെ ലീഡ് ഇരട്ടിയാക്കി. അലിസണിന്റെ ഷോട്ട് തടയുന്നതില്‍ യുണൈറ്റഡ് ഗോള്‍കീപ്പര്‍ സെനെ ലാമന്‍സ് വരുത്തിയ പിഴവ് മുതലാക്കിയാണ് ജാക്സണ്‍ ഗോള്‍ നേടിയത്.

എങ്കിലും ആദ്യപകുതി അവസാനിക്കുന്നതിന് മുന്‍പ് യുണൈറ്റഡ് തിരിച്ചടിച്ചു. 16-ാം മിനിറ്റില്‍ മാത്യൂസ് കുന്യയെ ബുബാക്കര്‍ കമറ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ബ്രൂണോ ഫെര്‍ണാണ്ടസ് ഗോളാക്കി മാറ്റി. തുടര്‍ന്ന് 44-ാം മിനിറ്റില്‍ നുസെയര്‍ മസ്റൂയിയുടെ പാസില്‍ നിന്ന് യൂറി ടൈലമാന്‍സ് ഇടങ്കാലന്‍ ഷോട്ടിലൂടെ യുണൈറ്റഡിന് സമനില (2-2) നേടിക്കൊടുത്തു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വില്ല വീണ്ടും ലീഡ് തിരിച്ചുപിടിച്ചു. 48-ാം മിനിറ്റില്‍ ഡിയോഗോ ഡാലോട്ട് അലിസണെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ജോണ്‍ മക്ഗിന്‍ ഗോളാക്കി. 53-ാം മിനിറ്റില്‍ ലീയോണ്‍ ഗോറെറ്റ്സ്‌ക വില്ലയുടെ ലീഡ് 4-2 ആയി ഉയര്‍ത്തി. മക്ഗിന്നിന്റെ ഫ്രീ-കിക്കില്‍ നിന്ന് ലെനി യോറോ തലകൊണ്ടു തട്ടിയ പന്ത് ക്രോസ്ബാറില്‍ തട്ടി തിരിച്ചുവന്നപ്പോള്‍, ഒഴിഞ്ഞു കിടന്ന വലയിലേക്ക് ഗോറെറ്റ്സ്‌ക പന്ത് അടിച്ചുകയറ്റുകയായിരുന്നു.

തിരിച്ചടിക്കാന്‍ യുണൈറ്റഡ് ശ്രമം തുടര്‍ന്നു; സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ മേസണ്‍ മൗണ്ടിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിക്കുകയും ചെയ്തു. അവസാനം, രണ്ടാം പകുതിയുടെ അധികസമയത്തെ രണ്ടാം മിനിറ്റില്‍ യുണൈറ്റഡ് മൂന്നാം ഗോള്‍ കണ്ടെത്തി. സബ്സ്റ്റിറ്റിയൂട്ടായ ജോഷ്വ സിര്‍ക്സീ പാട്രിക് ഡോര്‍ഗുവിന്റെ ക്രോസ് ഗോളാക്കി മാറ്റിയതോടെ സ്‌കോര്‍ 4-3 ആയി. തുടര്‍ന്ന് ഡോര്‍ഗു യുണൈറ്റഡിന്റെ അവിശ്വസനീയമായ തിരിച്ചുവരവ് പൂര്‍ത്തിയാക്കി. പെനാല്‍റ്റി ബോക്‌സിനുള്ളില്‍ ഉയര്‍ന്നുചാടി ഹെഡ്ഡറിലൂടെ ഗോള്‍ നേടി ഡോര്‍ഗു സമനിലയും ഒരു പോയിന്റും ഉറപ്പിച്ചു.

നാടകീയമായ ഈ തിരിച്ചുവരവിനു ശേഷവും അന്താരാഷ്ട്ര ഇടവേളയില്‍ യുണൈറ്റഡ് റെലഗേഷന്‍ സോണില്‍ തന്നെ തുടരും (18-ാം സ്ഥാനത്ത്). അവസാന സ്ഥാനക്കാരായ ക്രിസ്റ്റല്‍ പാലസിനേക്കാള്‍ ഒരു പോയിന്റ് മാത്രം മുന്നിലാണ് അവര്‍. അതേസമയം, അസ്റ്റണ്‍ വില്ല പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ്.

content highlights: Manchester United’s Dramatic Comeback: Injury-Time Equalizer Saves the Match

To advertise here,contact us