അന്ന് സ്‌പെയിനെയും അര്‍ജന്റീനയും വിറപ്പിച്ചു, ഇന്ന് ഫോമില്ലാതെ ബുദ്ധിമുട്ടി വൊസീന്യ

ഇക്കഴിഞ്ഞ ലോകകപ്പില്‍ മിന്നുന്ന പ്രകടനത്തോടെയാണ് കേപ് വെര്‍ദെയുടെ ഗോള്‍കീപ്പര്‍ വൊസീന്യ തിളങ്ങിയിരുന്നത്

ഈ വര്‍ഷത്തെ ലോകകപ്പില്‍ ചാമ്പ്യന്മാരായ സ്പെയ്നിനെ സമനിലയില്‍ തളച്ച് പെട്ടെന്ന് തന്നെ ആഗോള ശ്രദ്ധ നേടിയ വൊസീന്യ വലിയൊരു അത്ഭുത നായകനായിരുന്നു. എന്നാല്‍ ലോകകപ്പിലെ മികച്ച പ്രകടനങ്ങള്‍ക്ക് നാല് മാസങ്ങള്‍ക്ക് ശേഷം, ലഭിച്ച വലിയ പ്രശസ്തിയുമായി പൊരുത്തപ്പെടാന്‍ ഈ കേപ്പ് വെര്‍ദെയുടെ ഗോള്‍കീപ്പര്‍ ബുദ്ധിമുട്ടുകയാണ്.

ജോസിമര്‍ ജോസ് ഇവോറ ഡയസ് എന്ന 40-കാരന്‍ ലോകകപ്പിന് ശേഷം ജൂലൈയില്‍ ചിലിയിലേക്ക് മാറിയെങ്കിലും, അദ്ദേഹത്തിന്റെ പുതിയ ക്ലബ്ബായ കോളോ കോളോയില്‍ ഇടം ഉറപ്പിക്കാന്‍ കഷ്ടപ്പെടുകയാണ്. ലോകകപ്പില്‍ തങ്ങളുടെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ കരുത്തരായ സ്‌പെയിനെ 0-0ന് തളക്കാന്‍ കേപ്പ് വെര്‍ദെയെ സഹായിച്ചത് വൊസീന്യയായിരുന്നു. തുടര്‍ന്ന് അവസാന 32 ഘട്ടത്തിലെത്തിയ ടീം ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയെ അധിക സമയം വരെ സമ്മര്‍ദ്ദത്തിലാക്കിയ ശേഷമാണ് പരാജയം സമ്മതിച്ചത്.

അറ്റ്‌ലാന്റയില്‍ സ്‌പെയിനെതിരെ നടക്കുന്ന മത്സരത്തിന് മുമ്പ് വരെ പോര്‍ച്ചുഗല്‍, സൈപ്രസ്, സ്ലൊവാക്യ എന്നിവിടങ്ങളിലെ സാധാരണ ക്ലബ്ബുകളില്‍ കളിച്ചിരുന്ന ഒരു സാധാരണ ഗോള്‍കീപ്പര്‍ മാത്രമായിരുന്നു വൊസീന്യ. എന്നാല്‍ ലോകകപ്പിലെ ഫേവറിറ്റുകള്‍ക്കെതിരെ ക്ലീന്‍ ഷീറ്റ് നേടിയതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സിന്റെ എണ്ണം 50,000-ത്തില്‍ നിന്ന് ദശലക്ഷങ്ങളിലേക്ക് കുതിച്ചുയര്‍ന്നു. നിലവില്‍ 2.75 കോടി ഫോളോവേഴ്സാണ് അദ്ദേഹത്തിനുള്ളത്. ആ മത്സരത്തിന് ശേഷം വൊസീന്യ കണ്ണീരണഞ്ഞിരുന്നു. ടീമിന്റെ ചരിത്രനേട്ടത്തിന്റെ സന്തോഷത്തോടൊപ്പം തന്റെ അമ്മയ്ക്ക് മത്സരത്തിന് എത്താന്‍ വിസ ലഭിക്കാത്തതിന്റെ വിഷമം കൂടിയായിരുന്നു അതിന് കാരണം.

ചിലിയിലെ സാന്റിയാഗോ ആസ്ഥാനമായുള്ള ഏറ്റവും വിജയകരമായ ക്ലബ്ബായ കോളോ കോളോയില്‍ ചേര്‍ന്നതിന് ശേഷം, എസ്റ്റാഡിയോ മോനുമെന്റലില്‍ ആയിരക്കണക്കിന് ആരാധകരാണ് അദ്ദേഹത്തെ സ്വീകരിച്ചത്. അഡിഡാസ്, പെപ്‌സി, റെഡ് ബുള്‍ തുടങ്ങിയ പ്രമുഖ ആഗോള ബ്രാന്‍ഡുകളുടെ പരസ്യ ചിത്രങ്ങളിലും അദ്ദേഹം മുഖമായി. ഇതിന് പുറമെ, ലണ്ടനില്‍ നടന്ന ബാലണ്‍ ഡി ഓര്‍ ചടങ്ങില്‍ മികച്ച പുരുഷ ഗോള്‍കീപ്പര്‍ക്കുള്ള വോട്ടെടുപ്പില്‍ ആറാം സ്ഥാനം നേടാനും വൊസീന്യയ്ക്ക് സാധിച്ചു.

എന്നാല്‍ കളിക്കളത്തില്‍ കഴിഞ്ഞ സീസണില്‍ പോര്‍ച്ചുഗലിലെ രണ്ടാം ഡിവിഷനില്‍ കളിച്ച ഈ താരത്തിന് താളം കണ്ടെത്താനായിട്ടില്ല. നവംബര്‍ തുടക്കം വരെ കോളോ കോളോയ്ക്കായി ആകെയുള്ള 14 മത്സരങ്ങളില്‍ 5 എണ്ണത്തില്‍ മാത്രമാണ് അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചത്. 1991-ല്‍ തെക്കേ അമേരിക്കയിലെ ചാമ്പ്യന്‍സ് ലീഗിന് തുല്യമായ കോപ്പ ലിബര്‍ട്ടഡോര്‍സ് നേടിയ ക്ലബ്ബാണ് കോളോ കോളോ. അടുത്ത വര്‍ഷത്തെ കോപ്പ ലിബര്‍ട്ടഡോര്‍സിലേക്കുള്ള യോഗ്യതയ്ക്കും ചിലിയന്‍ ലീഗ് കിരീടത്തിനുമായി പുതിയ ടീം പോരാടുമ്പോള്‍, ഈ വാരാന്ത്യത്തിലും പകരക്കാരുടെ നിരയിലാകും വൊസീന്യയുടെ സ്ഥാനം.

'ലിബര്‍ട്ടഡോര്‍സില്‍ കളിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ ഇവിടെ വന്നത്. എന്നാല്‍ എന്റെ ഇപ്പോഴത്തെ ശ്രദ്ധ ഈ ആഴ്ചയിലെ മത്സരങ്ങളിലാണ്, ഇത് കോളോ കോളോയ്ക്ക് വളരെ പ്രധാനമാണ്. എന്റെ ഭാവി അതിനുശേഷം തീരുമാനിക്കും, ഇപ്പോള്‍ ഞാന്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല' വൊസീന്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ലോകകപ്പ് മാറ്റിയ ജീവിതംലോകകപ്പിലെ പ്രകടനത്തിന് ശേഷം വൊസീന്യയുടെ ജീവിതം പാടെ മാറിമറിഞ്ഞു. ഒരു പുതിയ രാജ്യത്തേക്ക് മാറിയ അദ്ദേഹം, ആര്‍ക്കും അറിയാത്ത ഒരാളില്‍ നിന്ന് ഒട്ടും സ്വകാര്യതയില്ലാത്ത ആഗോള പ്രശസ്തനായി മാറി. പ്രൊഫഷണല്‍ ഫുട്‌ബോളിലേക്ക് വരുന്നതിന് മുമ്പ് അദ്ദേഹം മാലിന്യ ശേഖരണ തൊഴിലാളിയായി ജോലി ചെയ്തിരുന്നു. 5 ലക്ഷത്തില്‍പ്പരം മാത്രം ജനസംഖ്യയുള്ള അദ്ദേഹത്തിന്റെ നാടായ കേപ്പ് വെര്‍ദെയുടെ ആകെ ജനസംഖ്യയെക്കാള്‍ എത്രയോ മടങ്ങാണ് അദ്ദേഹത്തിന്റെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സിന്റെ എണ്ണം. 'എന്റെ സമാധാനവും സ്വസ്ഥതയും എനിക്ക് നഷ്ടപ്പെട്ടു' വൊസീന്യ ബ്രിട്ടീഷ് പത്രമായ ദ ഒബ്‌സര്‍വറോട് പറഞ്ഞു. 'എനിക്ക് ഇപ്പോള്‍ ഒരു സ്വകാര്യതയുമില്ല. ഇപ്പോള്‍ പുറത്തിറങ്ങിയാല്‍, ഒരു റസ്റ്റോറന്റില്‍ പോയാല്‍, കൂടെ ഫോട്ടോ എടുക്കാനോ ഓട്ടോഗ്രാഫിനായോ ആളുകള്‍ വരും. അല്ലെങ്കില്‍ ചിലര്‍ വിഡിയോ ചിത്രീകരിക്കും'

അതേസമയം, വൊസീന്യ 2027 വരെ ടീമില്‍ തുടരുമോ എന്ന് ചിലിയിലെ മാധ്യമങ്ങള്‍ ഉറ്റുനോക്കുന്നു. ആറുമാസത്തെ കരാറിലാണ് അദ്ദേഹം ഒപ്പിട്ടിരിക്കുന്നത്. ആവശ്യത്തിന് മിനിറ്റുകള്‍ കളിച്ചാല്‍ മാത്രമേ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടുകയുള്ളൂ. ബാഴ്സലോണയുടെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെയും മുന്‍ ഗോള്‍കീപ്പറും ചിലിയന്‍ ഇതിഹാസവുമായ ക്ലോഡിയോ ബ്രാവോയെ പോലുള്ളവര്‍ വൊസീന്യ പ്രകടനത്തെ വിമര്‍ശിച്ചിട്ടുണ്ട്. 'ഏകോപനം ആവശ്യമുള്ള സാഹചര്യങ്ങളില്‍ അദ്ദേഹം നിരവധി പിഴവുകള്‍ വരുത്തിയിട്ടുണ്ട്. ഏകോപനമില്ലെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും വിജയിക്കാനാവില്ല' മുന്‍ ചിലി നായകന്‍ പറഞ്ഞു. കരാര്‍ അവസാനിക്കാന്‍ ഏതാനും മത്സരങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, വൊസീന്യയുടെ ചിലിയന്‍ ഫുട്‌ബോള്‍ യാത്രയും അതിനൊപ്പം അവസാനിച്ചേക്കാം.

content highlights: From Stunning Argentina & Spain to Struggling for Form: The Rise and Fall of Goalkeeper Vozinha

To advertise here,contact us