സാഫ് ചാമ്പ്യന്‍ഷിപ്പ് 2026 ഗ്രൂപ്പ് ബിയിലെ ആദ്യ പോരാട്ടത്തില്‍ ചിരവൈരികളായ പാകിസ്താനെ 3-2 ന് പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ വിജയത്തോടെ തുടക്കമിട്ടു. ധാക്കയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് ബ്ലൂ ടൈഗേഴ്സിന്റെ വിജയം. ആദ്യ പകുതിയില്‍ സുഹൈല്‍ അഹമ്മദ് ഭട്ട് നേടിയ ഇരട്ട ഗോളുകളുടെയും മാംഗ്ലെന്താംഗ് കിപ്ഗന്റെ മൂന്നാം ഗോളിന്റെയും കരുത്തില്‍ ആദ്യ പകുതി പിരിയുമ്പോള്‍ ഇന്ത്യ 3-0 ന്റെ പ്രബലമായ ലീഡ് നേടിയിരുന്നു. ഇഞ്ചുറി ടൈമില്‍ നജീബ് ഉള്ള, ആലംഗീര്‍ ഘാസി എന്നിവരിലൂടെ പാകിസ്താന് രണ്ട് ഗോളുകള്‍ തിരിച്ചടിച്ചെങ്കിലും ഇന്ത്യ വിജയം കൈവിടാതെ കാത്തു.
മധ്യനിരയില്‍ അഭിഷേക് സൂര്യവംശിയെ വിന്യസിച്ചുകൊണ്ട് തികഞ്ഞ ജാഗ്രതയോടെയാണ് ഇന്ത്യ കളി തുടങ്ങിയത്. 12-ാം മിനിറ്റില്‍ കിപ്ഗന് നല്കിയ പന്തില്‍ നിന്ന് സുഹൈല്‍ ഭട്ട് ഗോള്‍ നേടിയെങ്കിലും അമ്പയര്‍ ഓഫ്സൈഡ് വിളിച്ചു. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ തന്നെ ഇന്ത്യ മുന്നിലെത്തി. ഇടതുഭാഗത്ത് ലഭിച്ച ത്രോ-ഇന്നില്‍ നിന്ന് പന്ത് സ്വീകരിച്ച മുഹമ്മദ് സുഹൈല്‍ മുന്നേറി പെനാല്‍റ്റി ബോക്സിലേക്ക് നല്കിയ കൃത്യതയാര്‍ന്ന പാസ് ആറ് വാര അകലെ നിന്ന് സുഹൈല്‍ ഭട്ട് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 19-ാം മിനിറ്റില്‍ സൂര്യവംശിയുടെ അസിസ്റ്റില്‍ ഇന്ത്യ ലീഡ് ഇരട്ടിയാക്കി. പാക് പ്രതിരോധ നിരയെ ഭേദിച്ച് സൂര്യവംശി നല്കിയ മനോഹരമായ പാസ് പിടിച്ചെടുത്ത് മുന്നേറിയ ഭട്ട്, പാകിസ്താന് ഗോള്‍കീപ്പര്‍ യൂസഫ് ബട്ടിനെ കാഴ്ചക്കാരനാക്കി പന്ത് വലയുടെ കോണിലേക്ക് തള്ളിവിട്ടു. 31-ാം മിനിറ്റില്‍ ഇന്ത്യ മൂന്നാം ഗോളും നേടി. മധ്യനിരയിലൂടെ പന്തുമായി മുന്നേറിയ നൗഫല്‍ പി.എന്‍ നല്കിയ പാസ് സ്വീകരിച്ച് ഓടിയെത്തിയ കിപ്ഗന്, മുന്നോട്ട് കയറിവന്ന ഗോള്‍കീപ്പര്‍ ബട്ടിനെ മറികടന്ന് ഫിനിഷ് ചെയ്യുകയായിരുന്നു. ഇന്ത്യന്‍ പെനാല്‍റ്റി ബോക്സിനുള്ളില്‍ വെച്ച് ഹയ്യന്‍ ഖട്ടാക്കിനെ സൂര്യവംശി ഫൗള്‍ ചെയ്തതിന് പാകിസ്താന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും ഷയാക് ദോസ്ത് എടുത്ത കിക്ക് ക്രോസ്ബാറിന് മുകളിലൂടെ പുറത്തുപോയി.
രണ്ടാം പകുതിയിലും കളി നിയന്ത്രിച്ച ഇന്ത്യക്ക് ലീഡ് വര്‍ധിപ്പിക്കാന്‍ അവസരങ്ങള്‍ ലഭിച്ചു. അഡിസണ്‍ സിംഗ് തോക്ചോമിന്റെ ശ്രമം ബട്ട് തടഞ്ഞു. നൗഷാദ് മൂസ പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ സംഘത്തിന് രണ്ടാം പകുതിയില്‍ ഗോളുകളൊന്നും കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചില്ല. എന്നാല്‍ മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ പാകിസ്താന് അപ്രതീക്ഷിതമായി മത്സരത്തിലേക്ക് തിരിച്ചെത്തി. 91-ാം മിനിറ്റില്‍ ജുനൈദ് ഷാ നല്കിയ ക്രോസില്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ നജീബ് ഉള്ള പാകിസ്താന്റെ ആദ്യ ഗോള്‍ നേടി. മൂന്ന് മിനിറ്റിന് ശേഷം മക്കീല്‍ അബ്ദുള്ള ബോക്സിന്റെ വലതുഭാഗത്ത് നിന്ന് നല്കിയ പാസ് നിയന്ത്രണത്തിലാക്കി ആലംഗീര്‍ ഘാസി അക്രോബാറ്റിക് ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിച്ചതോടെ സ്കോര്‍ 3-2 ആയി.
നവംബര്‍ 11-ന് ഉച്ചയ്ക്ക് 3:00 മണിക്ക് നടക്കുന്ന ഗ്രൂപ്പ് ബിയിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ഇന്ത്യ മാലദ്വീപിനെ നേരിടും. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമിഫൈനലിലേക്ക് യോഗ്യത നേടും.
content highlights: India Defeats Pakistan 3-2 in Thrilling SAFF Championship 2026 Opener