ബയേണ്‍ മ്യൂണിച്ചില്‍ കരാര്‍ നീട്ടി ഹാരി കെയ്ന്‍; 2029 വരെ ക്ലബ്ബില്‍ തുടരും

ഇക്കഴിഞ്ഞ സീസണിലെ ബാലണ്‍ദ്യോര്‍ പുരസ്‌കാര ജേതാവായിരുന്നു ഹാരി കെയ്ന്‍

ഇംഗ്ലണ്ട് ദേശീയ ടീം ക്യാപ്റ്റന്‍ ഹാരി കെയിന്‍ ജര്‍മ്മന്‍ വമ്പന്മാരായ എഫ്സി ബയേണ്‍ മ്യൂണിച്ചില്‍ തന്റെ കരാര്‍ 2029 ജൂണ്‍ 30 വരെ നീട്ടി. വ്യാഴാഴ്ച ക്ലബ് പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് ഈ തീരുമാനം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ച ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരം നേടിയതിന് തൊട്ടുപിന്നാലെയാണ് 33-കാരനായ ഈ സൂപ്പര്‍ സ്‌ട്രൈക്കറുടെ കരാര്‍ നീട്ടല്‍ പ്രഖ്യാപനം വരുന്നത്.

'ബാലണ്‍ദ്യോര്‍ ജേതാവ് ഹാരി കെയിന്‍ 2029 ജൂണ്‍ 30 വരെ എഫ്സി ബയേണുമായി പുതിയ കരാറില്‍ ഒപ്പുവെച്ചു. 2023 വേനല്‍ക്കാലത്ത് മ്യൂണിക്കിലേക്ക് മാറിയതിനുശേഷം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ രണ്ട് ബുണ്ടസ്ലിഗ കിരീടങ്ങളും ഒരു ഡിഎഫ്ബി കപ്പും രണ്ട് ഫ്രാന്‍സ് ബെക്കന്‍ബൗവര്‍ സൂപ്പര്‍കപ്പുകളും നേടിയിട്ടുണ്ട്. ക്ലബ്ബിനായി കളിച്ച 161 മത്സരങ്ങളില്‍ നിന്ന് 156 ഗോളുകള്‍ ഇതുവരെ താരം അടിച്ചുകൂട്ടി' -ബയേണ്‍ മ്യൂണിച് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

മ്യൂണിച്ചില്‍ താനും കുടുംബവും തികച്ചും സന്തോഷവാന്മാരാണെന്ന് കരാര്‍ ഒപ്പിട്ട ശേഷം ഹാരി കെയിന്‍ പ്രതികരിച്ചു: 'എഫ്സി ബയേണില്‍ എനിക്ക് തികച്ചും സ്വന്തം വീട്ടിലെന്ന പോലെയുള്ള അനുഭവമാണ്. ഈ ക്ലബ്ബിനെയും ആരാധകരെയും മ്യൂണിക് നഗരത്തെയും ഞാന്‍ ഏറെ സ്‌നേഹിക്കുന്നു. വിന്‍സെന്റ് കൊമ്പനിക്ക് കീഴില്‍ മികച്ച ഒരു ടീമാണ് നമുക്കുള്ളത്. വരും വര്‍ഷങ്ങളിലും ടീമിനൊപ്പം കൂടുതല്‍ കിരീടങ്ങള്‍ നേടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്' -ഹാരി കെയിന്‍ പറഞ്ഞു.

content highlights: Harry Kane Extends Bayern Munich Contract Until 2029

To advertise here,contact us