ഇന്ത്യയ്ക്കെതിരായ സൗഹൃദ മത്സരത്തിന് മുന്നോടിയായി ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലെത്തി

ഇന്ത്യ-ബ്രസീല്‍ മത്സരം നാളെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍, ഒക്ടോബര്‍ ആറിന് യുറഗ്വായ്‌ക്കെതിരെയും ഇന്ത്യ കളിക്കും

സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീമിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിന് മുന്നോടിയായി പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലെത്തി. ഒക്ടോബര്‍ 3-ന് കൊല്‍ക്കത്തയില്‍ വെച്ച് ബ്രസീല്‍ സീനിയര്‍ പുരുഷ ദേശീയ ടീം ഇന്ത്യയ്ക്കെതിരെ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് ജൂലൈ 30-നാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രഖ്യാപിച്ചത്. അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീല്‍, ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ പുരുഷ ദേശീയ ടീമാണ്. ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മത്സരങ്ങളിലൊന്നില്‍ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യ ബ്രസീലിനെ നേരിടും.

ഫിഫ അന്താരാഷ്ട്ര വിന്‍ഡോയില്‍ ഓസ്ട്രേലിയയ്ക്കെതിരെ അടുത്തിടെ നടന്ന സൗഹൃദ മത്സരങ്ങളില്‍ ബ്രസീലിന് സമ്മിശ്ര ഫലങ്ങളാണ് ലഭിച്ചത് - ഒരു മത്സരത്തില്‍ 4-2 ന് വിജയവും മറ്റൊന്നില്‍ 1-1 ന് സമനിലയും നേടി. ഫിഫ വിന്‍ഡോയുടെ തുടക്കത്തില്‍ പാനമയ്ക്കെതിരായ തങ്ങളുടെ ആദ്യ സൗഹൃദ മത്സരത്തില്‍ ഇന്ത്യയും 1-1 ന് സമനില വഴങ്ങിയിരുന്നു. ഇന്ത്യ-ബ്രസീല്‍, ഇന്ത്യ-യുറഗ്വായ് എന്നീ വമ്പന്‍ സൗഹൃദ മത്സരങ്ങള്‍ക്ക് മുന്നോടിയായി കൊല്‍ക്കത്തയില്‍ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ടിക്കറ്റുകളുടെ കരിഞ്ചന്ത തടയുന്നതിനായി ഫിഫ ലോകകപ്പില്‍ ഉപയോഗിച്ചതിന് സമാനമായ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ ടിക്കറ്റിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശക്തമായ പോലീസ് ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഉന്നതതല ഐഎഎസ് ഉദ്യോഗസ്ഥരും ഐപിഎസ് ഉദ്യോഗസ്ഥരും ഡിജിപിയും ചീഫ് സെക്രട്ടറിയും പ്രവര്‍ത്തിക്കുന്നുണ്ട്.

കൊല്‍ക്കത്തയിലെത്തിയി ടീമിനെ സംഘാടകര്‍ സ്വീകരിച്ചു. വിനീഷ്യസ് ജൂനിയര്‍ ഉള്‍പ്പടെ പ്രധാന താരങ്ങളെല്ലാം ടീമിലുണ്ട്. പരിക്കേറ്റ റഫീന്യ മടങ്ങിയത് ഫുട്‌ബോള്‍ പ്രേമികളെ നിരശയിലാക്കുന്നു.

ഇന്ത്യയ്ക്കെതിരായ സൗഹൃദ മത്സരത്തിനുള്ള ബ്രസീല്‍ ടീം:ഹ്യൂഗോ സൂസ, പെഡ്രോ മൊറിസ്‌കോ, ഒട്ടാവിയോ, ആര്‍തര്‍ ഡയസ്, ഡഗ്ലസ് സാന്റോസ്, ഗബ്രിയേല്‍ മഗല്‍ഹേസ്, ജെയര്‍, മാര്‍ക്വിഞ്ഞോസ്, മാത്യൂസിഞ്ഞോ, മൗറോ ജൂനിയര്‍, വിറ്റോര്‍ റെയിസ്, വെസ്ലി, ആന്‍ഡ്രേ സാന്റോസ്, ബ്രെനോ ബിഡന്‍, ബ്രൂണോ ഗ്വിമാറെസ്, ഡാനിലോ സാന്റോസ്, ഡഗ്ലസ് ലൂയിസ്, ഗബ്രിയേല്‍ ബോണ്ടെമ്പോ, എന്‍ഡ്രിക്, എസ്റ്റെവാവോ, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, പെഡ്രോ, റാഫിന്യ, റയാന്‍, സാമുവല്‍ ലിനോ, വിനീഷ്യസ് ജൂനിയര്‍.

content highlights: Brazil Football Team Arrives in Kolkata Ahead of Historic Friendly Against India

To advertise here,contact us