പാകിസ്താനില്‍ ഫുട്‌ബോള്‍ ടീമിനെ തോക്കുചൂണ്ടി കൊള്ളയടിച്ച് അക്രമികള്‍

ബലൂചിസ്ഥാന്‍ ഹൈവേയിലാണ് അക്രമികള്‍ കറാച്ചി ഫുട്‌ബോള്‍ ടീമിനെ തോക്കുചൂണ്ടി കൊള്ളയടിച്ചത്

ചീഫ് മിനിസ്റ്റേഴ്‌സ് ഗോള്‍ഡ് കപ്പ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന കറാച്ചി ഡിസ്ട്രിക്റ്റ് വെസ്റ്റ് ഫുട്‌ബോള്‍ ടീമിനെ ബലൂചിസ്ഥാന്‍ ഹൈവേയില്‍ അക്രമികള്‍ തോക്കുചൂണ്ടി കൊള്ളയടിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ബസില്‍ യാത്ര ചെയ്യുകയായിരുന്ന ടീമിനെ പന്ത്രണ്ടോളം വരുന്ന അക്രമി സംഘം തടഞ്ഞുനിര്‍ത്തുകയും കളിക്കാരുടെയും ഒപ്പമുണ്ടായിരുന്നവരുടെയും മൊബൈല്‍ ഫോണുകളും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുകയുമായിരുന്നു.

സംഭവത്തെക്കുറിച്ച് ടീം മാനേജര്‍ സുല്‍ഫിഖര്‍ അലി ഭൂട്ടോ പറഞ്ഞത്: 'ആയുധധാരികളായ സംഘം ബസിലുണ്ടായിരുന്ന എല്ലാ യാത്രക്കാരോടും താഴെയിറങ്ങാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് മൊബൈല്‍ ഫോണുകളും പണവും മറ്റ് സാധനങ്ങളും പിടിച്ചെടുക്കുകയുമായിരുന്നു. ചില യാത്രക്കാരെ തോക്കിന്റെ പിടി കൊണ്ട് അവര്‍ ആക്രമിക്കുകയും ചെയ്തു'-അദ്ദേഹം പറഞ്ഞു. കൊള്ളയടിക്കപ്പെട്ടതിനെ തുടര്‍ന്ന് പണമൊന്നുമില്ലാതെ ക്വറ്റയിലെത്തിയ ടീം വിവരങ്ങള്‍ ബലൂചിസ്ഥാന്‍ കായിക മന്ത്രിയെ അറിയിച്ചു. കളിക്കാര്‍ നേരിട്ട ദുരവസ്ഥ കണക്കിലെടുത്ത് മന്ത്രി അടിയന്തരമായി ഇടപെടുകയും അവര്‍ക്ക് ദൈനംദിന ചെലവുകള്‍ക്കുള്ള അലവന്‍സ് അനുവദിക്കുകയും ചെയ്തു.

സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ടീം റോഡ് മാര്‍ഗ്ഗം യാത്ര ചെയ്തതെന്ന് പാകിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഭാഗമായ സിന്ധ് ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി മുഹമ്മദ് അസം വ്യക്തമാക്കി. 'സുരക്ഷാ സാഹചര്യം മോശമായതിനാല്‍ ബസിലോ ട്രെയിനിലോ ക്വറ്റയിലേക്ക് പോകരുതെന്ന് ഞങ്ങള്‍ കറാച്ചിയിലെ എല്ലാ ക്ലബ്ബുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. സിന്ധ് ടീമിനെ ഞങ്ങള്‍ അയച്ചതുമില്ല. എന്നാല്‍ കറാച്ചി വെസ്റ്റ് ടീം മുന്നറിയിപ്പ് അവഗണിച്ച് യാത്ര തിരിക്കുകയും ഞങ്ങള്‍ ഭയന്നത് സംഭവിക്കുകയും ചെയ്തു' -മുഹമ്മദ് അസം പറഞ്ഞു.

പഞ്ചാബ്, ഖൈബര്‍ പഖ്തൂണ്‍ഖ്വ ഫുട്‌ബോള്‍ അസോസിയേഷനുകളും ടൂര്‍ണമെന്റിലേക്ക് ടീമുകളെ അയച്ചിരുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസങ്ങളില്‍ ദേര ബുഗ്തിയില്‍ നിന്ന് രണ്ട് പ്രാദേശിക ക്രിക്കറ്റ് താരങ്ങളെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെയാണ് ഈ സംഭവം. മസ്തുംഗ് ജില്ലയെ ക്വറ്റയുമായി ബന്ധിപ്പിക്കുന്ന ഹൈവേയില്‍ യാത്രക്കാരെ ലക്ഷ്യമിട്ട് അക്രമികള്‍ നടത്തുന്ന ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് വലിയ സുരക്ഷാ ആശങ്ക ഉയര്‍ത്തുന്നുണ്ട്.

content highlights: Football Team Robbed at Gunpoint in Pakistan

To advertise here,contact us