അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിയുടെ അന്താരാഷ്ട്ര ഫുട്ബോളിലെ അവസാന പോരാട്ടത്തിന് കളമൊരുങ്ങി. ഒക്ടോബർ ഏഴിനാണ് മെസിയുടെ അജന്റീന ജേഴ്സിയിലെ വിടവാങ്ങൽ മത്സരം.
കുഞ്ഞൻ ആഫ്രിക്കൻ രാജ്യം ബെനിൻ ആണ് ഫിഫയുടെ അന്താരാഷ്ട്ര വിൻഡോയിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന ഈ പോരാട്ടത്തിലെ എതിരാളികൾ. ബ്യൂണസ് അയേഴ്സിലാണ് മെസി അവസാനമായി അർജന്റീനയുടെ ജേഴ്സി അണിയുന്നത്.
ബ്യൂണസ് അയേഴ്സിലെ റിവർപ്ലേറ്റിന്റെ തട്ടകവും ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ സ്റ്റേഡിയവുമായി എൽ മോനുമെന്റലിലാണ് മെസിയുടെ അവസാന പോരാട്ടം. 84,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള വിശാലമായ മൈതാനത്താണ് പോരാട്ടം.
കഴിഞ്ഞ ഓഗസ്റ്റിലാണ് മെസി അന്താരാഷ്ട്ര ഫുട്ബോൾ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. മെസിക്കുള്ള ആദരമെന്ന നിലയിലാണ് ലയണൽ സ്കലോനി ബെനിനെതിരായ പോരാട്ടത്തിനുള്ള സ്ക്വാഡിലേക്ക് മെസിയേയും ഉൾപ്പെടുത്തിയത്.
അർജന്റീനയ്ക്കായി 208ാം അന്താരാഷ്ട്ര മത്സരം കളിച്ചാണ് അദ്ദേഹം വിരമിക്കുക. നിലവിൽ 207 കളികളിൽ അർജന്റീനയ്ക്കായി മെസി കളത്തിലെത്തി. രാജ്യത്തിനായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരം കളിച്ച താരമെന്ന നേട്ടവും ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന നേട്ടവും മെസിക്ക് സ്വന്തമാണ്.
മെസിയുടെ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട അന്താരാഷ്ട്ര കരിയറിനാണ് ഒക്ടോബർ ആറിന് വിരാമമാകുന്നത്. ദേശീയ ടീമിനായി 125 ഗോളുകളും 68 അസിസ്റ്റുകളുമുണ്ട്. 2022ലെ ഖത്തർ ലോകകപ്പ് കിരീട നേട്ടമാണ് ഏറ്റവും വലിയ നേട്ടം. 2 കോപ്പ അമേരിക്ക കിരീടങ്ങളും ഒരു ഫൈനലിസിമ ട്രോഫിയും മെസി അർജന്റീനയ്ക്കായി നേടിയിട്ടുണ്ട്. 2008ൽ ഒളിംപിക് സ്വർണം നേടി.
content highlights: lionel messi farewell match october 7 football world awaits