'വിമര്‍ശകര്‍ എന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്, നേഷന്‍സ് ലീഗ് ജയിക്കണം' -ക്രിസ്റ്റ്യാനോ

കരിയറില്‍ 1000 ഗോളുകള്‍ പൂര്‍ത്തിയാക്കണമെന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആഗ്രഹം പ്രകടിപ്പിച്ചു

തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ മറുപടിയുമായി പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. വിമര്‍ശകര്‍ വര്‍ഷങ്ങളായി തന്നെ 'കൊല്ലാന്‍' ശ്രമിക്കുകയാണെന്നും എന്നാല്‍ ഒരു ഷോട്ട്ഗണ്‍ കൊണ്ടുപോലും അവര്‍ക്കതിന് കഴിയില്ലെന്നും റൊണാള്‍ഡോ പറഞ്ഞു. യുവേഫ േെനഷന്‍സ് ലീഗ് കിരീടം നേടുക, കരിയറില്‍ 1000 പ്രൊഫഷണല്‍ ഗോളുകള്‍ തികയ്ക്കുക എന്നിവയാണ് തന്റെ പ്രധാന രണ്ട് ലക്ഷ്യങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ വെള്ളിയാഴ്ച ലിസ്ബണില്‍ വെയ്ല്‍സിനെതിരെയാണ് നേഷന്‍സ് ലീഗ് ക്യാമ്പയിന്‍ ആരംഭിക്കുന്നത്. ഈ വര്‍ഷം നടന്ന തന്റെ അവസാന ലോകകപ്പില്‍ സ്‌പെയിനോട് പ്രീ-ക്വാര്‍ട്ടറില്‍ തോറ്റ് റൊണാള്‍ഡോയും സംഘവും കണ്ണീരോടെ പുറത്തായിരുന്നു. എന്നാല്‍, 41-ാം വയസ്സിലും 2030-ല്‍ സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പിനായുള്ള പോര്‍ച്ചുഗലിന്റെ ഒരുക്കങ്ങളില്‍ ദേശീയ ടീമിനായി സേവനം തുടരാനാണ് റൊണാള്‍ഡോയുടെ തീരുമാനം. മത്സരത്തിന് മുന്നോടിയായി വിമര്‍ശകരെക്കുറിച്ച് സംസാരിക്കവേ ക്രിസ്റ്റ്യാനോ പറഞ്ഞതിങ്ങനെ:'എനിക്ക് എപ്പോഴും 100 ശതമാനം സത്യസന്ധനായിരിക്കാന്‍ കഴിയില്ല, ചിലപ്പോള്‍ രാഷ്ട്രീയമായി ശരിയായ നിലപാടുകള്‍ സ്വീകരിക്കേണ്ടി വരാറുണ്ട്. വര്‍ഷങ്ങളായി എന്നെ 'കൊല്ലാന്‍' ശ്രമിക്കുന്ന ചില ചാനലുകളുണ്ട്. എന്നാല്‍ ഒരു ഷോട്ട്ഗണ്‍ ഉപയോഗിച്ചാല്‍ പോലും അവര്‍ക്ക് അതിന് കഴിയില്ല. അത്തരം ബുള്ളറ്റുകളെല്ലാം ഞാന്‍ തടുത്തിടാറുണ്ട്. എനിക്കിത് ശീലമാണ്, കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ ഈ ജോലി ചെയ്യുന്നു. ഞാന്‍ ആരാണെന്ന് എനിക്കറിയാം, കുട്ടികള്‍ എന്നെ എന്തിനാണ് മാതൃകയാക്കുന്നതെന്നും എനിക്കറിയാം. വിമര്‍ശകര്‍ എപ്പോഴും ഉണ്ടാകും' -അദ്ദേഹം പറഞ്ഞു.

തനിക്കെതിരെയുള്ള വെറുപ്പും വിദ്വേഷവും തന്നെ ബാധിക്കില്ലെന്നും ഇപ്പോഴും താന്‍ കളിക്കളത്തില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ് തന്റെ ഊര്‍ജ്ജമെന്നും ക്രിസ്റ്റ്യാനോ കൂട്ടിച്ചേര്‍ത്തു. 'അര ഡസന്‍ ആളുകള്‍ എന്നെ ഇഷ്ടപ്പെടുന്നില്ല എന്നത് എന്നെ ബാധിക്കുന്ന കാര്യമേയല്ല. പോര്‍ച്ചുഗീസ് ജനതയുടെ സ്‌നേഹം ഞാന്‍ അനുഭവിക്കുന്നുണ്ട്. ഞാന്‍ വര്‍ത്തമാനകാലത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. ഞാന്‍ ഇപ്പോള്‍ കളി നിര്‍ത്തണമെന്ന് പലരും ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്നാല്‍ എന്നെ തുടര്‍ന്നും കളത്തില്‍ കാണാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്നാണ് എനിക്ക് പ്രചോദനം ലഭിക്കുന്നത്' -അദ്ദേഹം പറഞ്ഞു.

തന്റെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയറിലെ അവസാന വര്‍ഷമായേക്കാവുന്ന ഈ സമയത്ത് പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷനും കോച്ച് ജോര്‍ജ്ജ് ജീസസും തന്നില്‍ വലിയ പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ടെന്ന് ഇതിഹാസ സ്‌ട്രൈക്കര്‍ പറഞ്ഞു. 'ഗോളുകളിലൂടെ മാത്രമല്ല, കളിക്കളത്തിന് പുറത്തും എനിക്ക് ഇനിയും ഏറെ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന് എനിക്കറിയാം. ഇത് എന്റെ അവസാന വര്‍ഷമായേക്കാം, അങ്ങനെയെങ്കില്‍ സമയമാകുമ്പോള്‍ ഞാന്‍ അത് ഔദ്യോഗികമായി പ്രഖ്യാപിക്കും' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിനും ക്ലബ്ബുകള്‍ക്കുമായി നിലവില്‍ 979 പ്രൊഫഷണല്‍ ഗോളുകള്‍ നേടിയിട്ടുള്ള ക്രിസ്റ്റ്യാനോ, നാലക്ക സംഖ്യയായ 1000 ഗോളുകള്‍ തികയ്ക്കുമെന്ന ആത്മവിശ്വാസത്തിലാണ്. എന്നാല്‍ അതിനെക്കുറിച്ച് അമിതമായി ചിന്തിച്ച് സമ്മര്‍ദ്ദത്തിലാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'ഞാന്‍ 1000 ഗോളുകള്‍ നേടുക തന്നെ ചെയ്യും. എന്നാല്‍ അതിനെയൊരു ഭ്രാന്തമായ ആഗ്രഹമായി ഞാന്‍ മാറ്റുന്നില്ല; അല്ലാത്തപക്ഷം കാര്യങ്ങള്‍ നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ നടക്കില്ല. ഓരോ ദിവസവും ആസ്വദിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ വരുന്ന നാല് മത്സരങ്ങളിലും ഞാന്‍ 90 മിനിറ്റും കളിക്കില്ലെന്ന് എനിക്ക് ഉറപ്പാണ്' -അദ്ദേഹം പറഞ്ഞു. 'എനിക്ക് രണ്ട് ലക്ഷ്യങ്ങളാണുള്ളത്: 1000 ഗോളുകളില്‍ എത്തുക, നേഷന്‍സ് ലീഗ് വിജയിക്കുക. ഇതൊരു പുതിയ യുഗമാണ്' ഇത് പറഞ്ഞുകൊണ്ടാണ് റൊണാള്‍ഡോ തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.

content highlights: 'Critics Are Trying to Finish Me, Want to Win Nations League': Cristiano Ronaldo

To advertise here,contact us