അന്തരിച്ച മുന്‍ പോര്‍ച്ചുഗല്‍ താരം ഡിയോഗോ ജോട്ടയെ അധിക്ഷേപിക്കുന്ന രീതിയില്‍ ആരാധകര്‍ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍-താവൂന്‍ ശക്തമായ അച്ചടക്ക നടപടിയുമായി സൗദി ഫുട്ബോള്‍ ഫെഡറേഷന്. അല്‍-താവൂന്‍ ഒരുലക്ഷം സൗദി റിയാല്‍ പിഴ ചുമത്തുകയും അടുത്ത രണ്ട് ഹോം മത്സരങ്ങള്‍ കാണികളില്ലാതെ അടച്ചിട്ട സ്റ്റേഡിയത്തില്‍ കളിക്കാന്‍ ഉത്തരവിടുകയും ചെയ്തു.
ഫെഡറേഷന്റെ ധാര്‍മിക ചട്ടങ്ങള്‍ ലംഘിക്കുന്ന രീതിയിലുള്ള പദപ്രയോഗങ്ങളും മുദ്രാവാക്യങ്ങളുമാണ് ആരാധകരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സൗദി ഫെഡറേഷന് വ്യക്തമാക്കി. ഈ തീരുമാനത്തിനെതിരെ അപ്പീല്‍ നല്കാന് കഴിയില്ലെന്നും അധികൃതര്‍ അറിയിച്ചു. അല്‍-ഹിലാലും അല്‍-താവൂനും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് വിവാദ സംഭവം നടന്നത്. അല്‍-താവൂനെ 6-0 ന് തകര്‍ത്ത ഈ മത്സരത്തിനിടെ, അല്‍-ഹിലാലിന്റെ പോര്‍ച്ചുഗീസ് താരം റൂബന്‍ നെവസ് ആരാധകരുടെ ഇത്തരം അധിക്ഷേപകരമായ വിളികളോട് പ്രതികരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
2025 ജൂലൈയില്‍ സ്പെയിനില്‍ വെച്ചുണ്ടായ കാറപകടത്തിലാണ് ലിവര്‍പൂള്‍ സ്ട്രൈക്കറായിരുന്ന ഡിയോഗോ ജോട്ടയും സഹോദരന് ആന്ദ്രെ സില്‍വയും ദാരുണമായി കൊല്ലപ്പെട്ടത്. ജോട്ടയുടെ സഹതാരമായിരുന്ന പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സംഭവത്തില്‍ ശക്തമായി പ്രതികരിച്ചു. ഇത്തരം പെരുമാറ്റങ്ങളില്‍ ഏര്‍പ്പെടുന്ന ആരാധകര്‍ക്ക് ജീവപര്യന്തം വിലക്ക് ഏര്‍പ്പെടുത്തണമെന്ന് റൊണാള്‍ഡോ ആവശ്യപ്പെട്ടു. 'ലീഗ് ഇതിനെതിരെ ശക്തമായ നടപടിയെടുക്കുകയും ഇത്തരം ആരാധകരുടെ പെരുമാറ്റം ശിക്ഷിക്കുകയും വേണം. ഇത് ഫുട്ബോളല്ല, അതിരുകള്‍ കടക്കരുത്. ഇത്തരത്തില്‍ പെരുമാറുന്നവരെ പിന്നീട് ഒരിക്കലും സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കരുത്' -ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോക്ക് താഴെ റൊണാള്‍ഡോ കുറിച്ചു.
അതേസമയം, ചൊവ്വാഴ്ച അല്‍-ഘരാഫയ്ക്കെതിരെയുള്ള മത്സരത്തിനിടെ അല്‍-ഹിലാല്‍ ആരാധകര്‍ റൂബന്‍ നെവസിന് പിന്തുണയുമായി രംഗത്തെത്തി. നെവസിന്റെ ജേഴ്സി നമ്പറായ 8 എന്ന് രേഖപ്പെടുത്തിയ കൂറ്റന്‍ കാര്‍ഡുകളും 'ഫുട്ബോളിനും അപ്പുറം ഒന്നിച്ചു നില്ക്കാം' എന്ന് എഴുതിയ ബാനറുകളും ഉയര്‍ത്തിയാണ് ആരാധകര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഈ മത്സരത്തില്‍ 2-1 ന്റെ വിജയത്തിനിടെ പെനാല്‍റ്റിയിലൂടെ നെവസ് ഗോള്‍ നേടുകയും ചെയ്തു.
content highlights: Saudi Club Sanctioned Over Offensive Chants Targeting Late Diogo Jota