കൊളംബിയന്‍ ഫുട്ബോളിലെ പ്രമുഖ താരമായ ഹാമിഷ് റോഡ്രിഗസ് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 'ലോസ് കഫറ്റെറോസ്' എന്നറിയപ്പെടുന്ന കൊളംബിയന്‍ ദേശീയ ടീമിനായുള്ള തന്റെ മിന്നുന്ന കരിയറിനാണ് താരം ഇതോടെ തിരശ്ശീലയിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ച വൈകാരികമായ സന്ദേശത്തിലൂടെയാണ് താരം വിരമിക്കല്‍ തീരുമാനം അറിയിച്ചത്. സ്വിറ്റ്സര്‍ലന്‍ഡിനോട് തോറ്റ് കൊളംബിയ പ്രീ-ക്വാര്‍ട്ടറില്‍ പുറത്തായ 2026 ഫിഫ ലോകകപ്പിലാണ് റോഡ്രിഗസ് അവസാനമായി ദേശീയ ജേഴ്സി അണിഞ്ഞത്.
വിരമിക്കല്‍ പ്രഖ്യാപിച്ച് തന്റെ എക്സ് പേജില്‍ ഹാമിഷ് കുറിച്ചത് ഇങ്ങനെയാണ്: 'ആ സമയം എത്തിച്ചേര്‍ന്നിരിക്കുന്നു. നമ്മള് ഒന്നിച്ചു പങ്കുവെച്ച ഓരോ മത്സരത്തിനും, സന്തോഷത്തിനും, കണ്ണീരിനും, സ്വപ്നങ്ങള്‍ക്കും നന്ദി. കൊളംബിയന്‍ ദേശീയ ടീമിനെ പ്രതിനിധീകരിക്കാന്‍ സാധിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളില്‍ ഒന്നാണ്. നന്ദി കൊളംബിയ, എന്നെന്നേക്കുമായി.'
2014-ലെ ഫിഫ ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെ ലോക ശ്രദ്ധയാകര്‍ഷിച്ച ഹാമിഷ് റോഡ്രിഗസ്, കൊളംബിയന്‍ ഫുട്ബോളില്‍ വലിയൊരു പാരമ്പര്യം അവശേഷിപ്പിച്ചാണ് പടിയിറങ്ങുന്നത്. ബ്രസീലില്‍ നടന്ന ആ ലോകകപ്പില്‍ ആറ് ഗോളുകള്‍ നേടി 'ഗോള്‍ഡന്‍ ബൂട്ട്' സ്വന്തമാക്കിയ അദ്ദേഹം, കൊളംബിയയെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. മുന്‍ റയല്‍ മാഡ്രിഡ് താരമായ ഹാമിഷ് തുടര്‍ന്ന് 2018, 2022, 2026 ലോകകപ്പുകളിലും കൊളംബിയക്കായി കളത്തിലിറങ്ങി. കൊളംബിയക്കായി 131 മത്സരങ്ങളില്‍ കുപ്പായമണിഞ്ഞ റോഡ്രിഗസ് 31 ഗോളുകളും 43 അസിസ്റ്റുകളും നേടിയിട്ടുണ്ട്. 2014-ലെ അരങ്ങേറ്റത്തിന് ശേഷമുള്ള മൂന്ന് ലോകകപ്പുകളില്‍ നിന്നായി ആറ് ഗോളുകളും നാല് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കി.
ലോകകപ്പില്‍ മാത്രമല്ല, കോപ്പ അമേരിക്ക ടൂര്‍ണമെന്റുകളിലും റോഡ്രിഗസ് നിര്‍ണായക പ്രകടനമാണ് പുറത്തെടുത്തത്. 2024-ല്‍ കൊളംബിയയെ കോപ്പ അമേരിക്കയുടെ ഫൈനലില്‍ എത്തിക്കുന്നതില്‍ അദ്ദേഹം മുഖ്യ പങ്കുവഹിച്ചു. ഫൈനലില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ടിരുന്നു. 2016-ലെ കോപ്പ അമേരിക്കയില്‍ കൊളംബിയ രണ്ടാം സ്ഥാനക്കാരായപ്പോഴും താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. കോപ്പ അമേരിക്കയില്‍ ആകെ 14 മത്സരങ്ങളില്‍ നിന്ന് ഒരു ഗോളും എട്ട് അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. വര്‍ഷങ്ങളായി കാഴ്ചവെച്ച മികച്ച പ്രകടനങ്ങളിലൂടെ കൊളംബിയന്‍ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും പ്രശസ്തരും സ്വാധീനമുള്ളതുമായ താരങ്ങളില്‍ ഒരാളായി മാറാന്‍ ഹാമിഷ് റോഡ്രിഗസിന് സാധിച്ചു.
content highlights: Colombian Football Legend James Rodríguez Retires from International Football