വരാനിരിക്കുന്ന സീസണിന് ശേഷം ഫുട്ബാളിൽ നിന്ന് വിരമിക്കുമെന്ന് പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 2026-27 സീസൺ ചിലപ്പോൾ ഫുട്ബോളിലെ തന്റെ അവസാന സീസണായിരിക്കുമെന്ന് റൊണാൾഡോ പറഞ്ഞു. ഭാര്യ ജോർജിന റോഡ്രിഗസുമായുള്ള വിവാഹത്തിന് ശേഷം നൽകിയ അഭിമുഖത്തിലാണ് 41 കാരനായ താരം വെളിപ്പെടുത്തിയത്.
'ഇത് എന്റെ ഫുട്ബോളിലെ അവസാന വർഷമായിരിക്കാം, മഹത്തായ ഒരു പാരമ്പര്യം ഇവിടെ അവശേഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു' വോഗിന് നൽകിയ അഭിമുഖത്തിൽ റൊണാൾഡോ പറഞ്ഞു.
'എന്റെ ഭാവി മുഴുവൻ ഞാൻ ഇപ്പോഴേ നിശ്ചയിച്ചിട്ടുണ്ട്. എന്നെ തിരക്കിലാക്കാൻ എനിക്ക് ഒരുപാട് കാര്യങ്ങളുണ്ട്, ഒരു കാര്യം മാത്രം പറയാൻ പ്രയാസമാണ്. ഫുട്ബോൾ ഒരു വലിയ വിടവ് ഉണ്ടാക്കിയേക്കാം, അപ്പോഴും എനിക്ക് കുടുംബവും മറ്റ് പലതുമുണ്ട്. റൊണാൾഡോ കൂട്ടിച്ചേർത്തു.
1,000 പ്രൊഫഷണൽ ഗോളുകൾ എന്ന നാഴികക്കല്ലിലേക്ക് തൊട്ടടുത്താണ് ഇപ്പോൾ റോണോ. നിലവിൽ 976 ഗോളുകൾ നേടിയിട്ടുണ്ട്. റൊണാൾഡോ നിലവിൽ സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ നസ്റിന് വേണ്ടിയാണ് കളിക്കുന്നത്.
2026 ലോകകപ്പിൽ താരം കളിച്ചിരുന്നുവെങ്കിലും ടീമിനെ കിരീടത്തിലേക്ക് നയിക്കാനായില്ല. പ്രീ ക്വാർട്ടർ പോരാട്ടത്തിൽ സ്പെയ്നിനോട് തോറ്റാണ് പോർച്ചുഗൽ പുറത്തായത്. രണ്ട് ഗോളുകളാണ് ടൂർണമെന്റിൽ താരം നേടിയത്.
ലോക കിരീടം നേടാനായില്ലെങ്കിലും ക്ലബ് ഫുട്ബോളിലും വ്യക്തിഗത നേട്ടങ്ങളിലും ഉയരങ്ങളൊരുപാട് കീഴടക്കിയിട്ടുണ്ട് റോണോ. പോർച്ചുഗലിന് ഫുട്ബോളിൽ മേൽവിലാസമുണ്ടാക്കിയതും റോണോയാണ്.
content highlights: cristiano ronaldo hints at retirement final year in football