ഫുട്‌ബോള്‍ പ്രേമികളെ... ലാലിഗ ഇന്ന് തുടങ്ങും, ഇനി ഫുട്‌ബോള്‍ കാലം

ആദ്യമത്സരത്തില്‍ അലാവെസും ഗെറ്റാഫയും ഏറ്റുമുട്ടും, വമ്പന്‍ മാറ്റങ്ങളോടെ സ്പാനിഷ് ലാലിഗ

ക്ലബ്ബ് ഫുട്‌ബോളിലെ വസന്തകാലം ഇന്ന് പൂക്കും. യൂറോപ്പിലെ അഞ്ചു വമ്പന്‍ ലീഗുകളില്‍ പ്രധാനപ്പെട്ട ഒന്നായ സ്പാനിഷ് ലാലിഗ ഫുട്‌ബോളിനാണ് ഇന്ന് വിസിലുയരുക. രാത്രി 11 മണിക്ക് അലാവെസ്-ഗെറ്റാഫെ മത്സരത്തോടെയാണ് തുടക്കമാവുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഓഗസ്റ്റ് 21 വെള്ളിയാഴ്ച തുടങ്ങും. ഫ്രഞ്ച് ലീഗ് വണ്‍ പോരാട്ടങ്ങളും അതേദിവസം ആരംഭിക്കും. ഇറ്റാലിയന്‍ സീരി എ ലീഗ് ഫുട്‌ബോള്‍ ഓഗസ്റ്റ് 22 ശനിയാഴ്ച തുടങ്ങും. ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്‌ബോള്‍ ഓഗസ്റ്റ് 28 വെള്ളിയാഴ്ചയും തുടങ്ങും.

സൂപ്പര്‍ പവര്‍ ലാലിഗ2026-2027 സീസണിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാകുന്നതോടെ, പുതിയ സീസണ്‍ ആരംഭിക്കുന്ന പ്രമുഖ യൂറോപ്യന്‍ ലീഗുകളില്‍ ആദ്യത്തേതായി സ്പാനിഷ് ലാ ലിഗ മാറും. ആദ്യ റൗണ്ടില്‍ തന്നെ പോയിന്റുകള്‍ സ്വന്തമാക്കി മികച്ച തുടക്കം കുറിക്കാന്‍ ലക്ഷ്യമിടുന്ന ക്ലബ്ബുകള്‍ തമ്മില്‍ കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്. രണ്ട് മത്സരങ്ങളോടെയാണ് ലീഗിന് തിരശ്ശീല ഉയരുന്നത്. മെന്‍ഡിസോറോത്സ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ഡിപോര്‍ട്ടീവോ അലാവെസ് തങ്ങളുടെ തട്ടകത്തില്‍ ഗെറ്റാഫെയെ നേരിടും. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യവും കാണികളുടെ പിന്തുണയും മുതലാക്കി ജയത്തോടെ തുടക്കം കുറിക്കാന്‍ അലാവെസ് ശ്രമിക്കുമ്പോള്‍, മൂന്ന് പോയിന്റും നേടി മടങ്ങുകയാണ് ഗെറ്റാഫെയുടെ ലക്ഷ്യം. കഴിഞ്ഞ സീസണില്‍ അലാവെസ് 14-ാം സ്ഥാനത്തും ഗെറ്റാഫെ ഏഴാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ഇത് ഇരു ടീമുകളും തമ്മിലുള്ള പോരാട്ടത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.ശനിയാഴ്ച നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ സെവിയ്യ റയോ വയെകാനോയെ നേരിടും. പുതിയ സീസണിലെ ആദ്യ പോയിന്റുകള്‍ സ്വന്തമാക്കി വരുന്ന റൗണ്ടുകളിലേക്ക് ആത്മവിശ്വാസം ഉയര്‍ത്താനാണ് ഇരുടീമുകളും കളത്തിലിറങ്ങുന്നത്. ഞായറാഴ്ചയും മത്സരങ്ങള്‍ തുടരും. 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നാം ഡിവിഷനിലേക്ക് തിരിച്ചെത്തുന്ന റേസിങ് സാന്റാന്‍ഡര്‍ വിയ്യാറയലിനെ നേരിടുമ്പോള്‍, എസ്പാനിയോള്‍ ലെവാന്റെയെ തങ്ങളുടെ തട്ടകത്തില്‍ നേരിടും. ജയത്തോടെ സീസണ്‍ ആരംഭിക്കുക തന്നെയാണ് ഈ നാല് ടീമുകളുടെയും ലക്ഷ്യം.

പരമ്പരാഗത വൈരികളായ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണയ്ക്കും റയല്‍ മാഡ്രിഡിനും ആദ്യ റൗണ്ട് മത്സരങ്ങളില്ല. ലോകകപ്പ് മത്സരങ്ങള്‍ക്ക് ശേഷം കളിക്കാര്‍ വൈകി തിരിച്ചെത്തിയതിനാലാണ് ഇവര്‍ക്ക് ഇളവ് അനുവദിച്ചത്. രണ്ടാം റൗണ്ടില്‍ ഓഗസ്റ്റ് 22-ന് എസ്പാനിയോളിനെതിരെ റയല്‍ മഡ്രിഡും, ഓഗസ്റ്റ് 23-ന് എല്‍ചെയ്ക്കെതിരെ ബാഴ്‌സലോണയും പോരാട്ടത്തിനിറങ്ങും. തുടര്‍ച്ചയായ മൂന്നാം കിരീടമാണ് ബാഴ്‌സലോണ ലക്ഷ്യമിടുന്നത്. അതേസമയം, ഞായറാഴ്ച നടക്കേണ്ടിയിരുന്ന സെല്‍റ്റ വിഗോ-ഒസാസുന മത്സരം മാറ്റിവെച്ചു. ബാലൈഡോസ് സ്റ്റേഡിയത്തിലെ പിച്ചില്‍ ഫംഗസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മത്സരം ഓഗസ്റ്റ് 27-ലേക്ക് മാറ്റി നിശ്ചയിച്ചത്.

സാങ്കേതിക രംഗത്ത് വലിയൊരു മാറ്റത്തോടെയാണ് ഇത്തവണ ലാ ലിഗ എത്തുന്നത്. മത്സരങ്ങളില്‍ വ്യാപകമായി 'കണക്റ്റഡ് ബോള്‍' സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ ലീഗായി ലാ ലിഗ മാറും. പന്തിന്റെ കൃത്യമായ സ്ഥാനവും കളിക്കാരുമായോ മറ്റ് പ്രതലങ്ങളുമായോ സമ്പര്‍ക്കത്തില്‍ വരുന്ന നിമിഷവും തത്സമയം കൃത്യമായി നല്‍കാന്‍ സഹായിക്കുന്ന റേഡിയോ ഫ്രീക്വന്‍സി സെന്‍സറുകള്‍ ഈ പന്തുകളില്‍ അടങ്ങിയിട്ടുണ്ട്. ഓരോ സ്റ്റേഡിയത്തിലും ഘടിപ്പിച്ചിട്ടുള്ള 12-ഓളം ആന്റിനകള്‍ വഴിയാണ് ഈ വിവരങ്ങള്‍ ശേഖരിച്ച് നിലവിലുള്ള സാങ്കേതിക ശൃംഖലയിലേക്ക് തത്സമയം എത്തിക്കുന്നത്. പ്രീ സീസണ്‍ പരിശീലനത്തിന് ശേഷം ടീമുകളുടെ സജ്ജീകരണവും ശേഷിയും വിലയിരുത്താന്‍ പരിശീലകര്‍ക്ക് അവസരം നല്‍കുന്നതിനാല്‍ ആദ്യ റൗണ്ട് മത്സരങ്ങള്‍ ക്ലബ്ബുകള്‍ക്ക് നിര്‍ണായകമാണ്. യൂറോപ്യന്‍ യോഗ്യത നേടാനും പോയിന്റ് പട്ടികയില്‍ മുന്നിലെത്താനും റെലഗേഷന്‍ ഒഴിവാക്കാനുമുള്ള പോരാട്ടങ്ങള്‍ കടുക്കുന്നതോടെ, ഇത്തവണത്തെ ലാ ലിഗ സീസണ്‍ ഏറെ ആവേശകരമാകുമെന്നാണ് കരുതപ്പെടുന്നത്.

content highlights: La Liga Season Kicks Off Today: Football Season Begins

To advertise here,contact us