ബ്രസീലാണ് മുഖ്യം; ആസിയാന്‍ കപ്പില്‍ നിന്ന് പിന്മാറി ഇന്ത്യ

അഞ്ചുതവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിന് മുന്‍ഗണന നല്‍കുന്നതിനായാണ് ഇന്ത്യ ആസിയാന്‍ കപ്പില്‍ നിന്ന് പിന്മാറിയത്

ബ്രസീലുമായുള്ള മത്സരത്തിന് പ്രാധാന്യം നല്‍കാന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍. ഇതുകാരണം ഇന്ത്യ ആസിയാന്‍ കപ്പ് ഫുട്‌ബോളില്‍നിന്ന് പിന്മാറി. ഓക്ടോബറില്‍ നടക്കുന്ന ബ്രസീലിനെതിരായ മത്സരത്തിന് മുന്‍ഗണന നല്‍കുന്നതിനാണ് ആസിയാന്‍ കപ്പില്‍ നിന്ന് ഇന്ത്യ പിന്മാറിയതെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം. സത്യനാരായണന്‍ അറിയിച്ചു.

ടൂര്‍ണമെന്റില്‍ നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റം, തെക്കുകിഴക്കന്‍ ഏഷ്യയിലെ മുന്‍നിര ടീമുകളെ നേരിടാനുള്ള അവസരം ടീമിന് നഷ്ടപ്പെടുത്തും. 'ബ്രസീലിനെതിരായ മത്സരവും ആസിയാന്‍ കപ്പും ഒരേസമയം കളിക്കാന്‍ കഴിയില്ല എന്നതിനാലാണ് ഞങ്ങള്‍ അതില്‍ നിന്ന് പിന്മാറിയത്' -സത്യനാരായണന്‍ പറഞ്ഞു.

തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ ടീമുകള്‍ക്കായി വിഭാവനം ചെയ്ത പുതിയ അന്താരാഷ്ട്ര ടൂര്‍ണമെന്റിലേക്ക് ആ മേഖലയ്ക്ക് പുറത്തുനിന്ന് പ്രത്യേക ക്ഷണിതാവായാണ് ഇന്ത്യയെ ക്ഷണിച്ചിരുന്നത്. നേരത്തെ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള ക്ഷണം ഇന്ത്യ സ്വീകരിക്കുകയും ഗ്രൂപ്പ് എ-യില്‍ ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍ എന്നിവര്‍ക്കൊപ്പം ഇടംപിടിക്കുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 21 മുതല്‍ ഒക്ടോബര്‍ 6 വരെയുള്ള ഫിഫ അന്താരാഷ്ട്ര വിന്‍ഡോയിലാണ് മത്സരം തീരുമാനിച്ചിരുന്നത്. എന്നാല്‍, ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ബ്രസീലിനെതിരെ മത്സരിക്കാന്‍ ഇന്ത്യ തീയതി നിശ്ചയിച്ചതോടെ ടൂര്‍ണമെന്റുമായി സമയക്രമത്തില്‍ പ്രശ്‌നമുണ്ടായി.

ആസിയാന്‍ കപ്പില്‍ രണ്ടാമതൊരു ടീമിനെ അയക്കുന്ന കാര്യം എഐഎഫ്എഫ് നേരത്തെ പരിഗണിച്ചിരുന്നെങ്കിലും, ടൂര്‍ണമെന്റില്‍ നിന്ന് പൂര്‍ണമായി പിന്മാറി അന്താരാഷ്ട്ര വിന്‍ഡോ സൗഹൃദ മത്സരങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു. ബ്രസീലിനെതിരായ മത്സരം കഴിഞ്ഞ മാസമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

അതേസമയം, 2026 ഫിഫ ലോകകപ്പില്‍ മത്സരിച്ച കേപ് വേര്‍ദെ, ഇറാന്‍, യുറഗ്വായ് തുടങ്ങിയ ടീമുകളുമായി കൂടുതല്‍ സൗഹൃദ മത്സരങ്ങള്‍ നടത്തുന്നതിനുള്ള സാധ്യതകള്‍ ഇന്ത്യ ആരായുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഈ മത്സരങ്ങളുടെ കാര്യത്തില്‍ എഐഎഫ്എഫ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

content highlights: Brazil is Priority: India Withdraws from ASEAN Cup

To advertise here,contact us