ഇന്‍ഫാന്റിനോയ്ക്ക് പിന്തുണയുമായി 6 അറബ് ഫെഡറേഷനുകള്‍; പിന്‍വലിച്ച് ന്യൂസീലന്‍ഡ്

ലോകകപ്പ് സ്വകാര്യ നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട് ഫിഫ പ്രസിഡന്റിനെതിരെ ഫുട്‌ബോള്‍ ലോകം രംഗത്തെത്തിയിരുന്നു

ലോകകപ്പ് സ്വകാര്യ നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട് കടുത്ത എതിര്‍പ്പുകള്‍ നേരിടുന്ന ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്ക് ആറ് അറബ് ഫുട്‌ബോള്‍ ഫെഡറേഷന്റെ തലവന്മാര്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. 2030 ലോകകപ്പിന്റെ സഹ ആതിഥേയരായ മൊറോക്കോ, ഖത്തര്‍, ഈജിപ്ത്, മൗറിറ്റാനിയ, ലെബനന്‍, സുഡാന്‍ എന്നീ രാജ്യങ്ങളാണ് ഇന്‍ഫാന്റിനോയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. ഇതില്‍ ഒപ്പുവെച്ച നാല് ഫെഡറേഷന്‍ തലവന്മാര്‍ ഫിഫ കൗണ്‍സില്‍ അംഗങ്ങള്‍ കൂടിയാണ്.

'ഞങ്ങള്‍ താഴെ ഒപ്പുവെച്ചിരിക്കുന്ന അതത് ഫുട്‌ബോള്‍ അസോസിയേഷന്‍ തലവന്മാര്‍, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്ക് ഞങ്ങളുടെ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിലും ലോകമെമ്പാടുമുള്ള ഫുട്‌ബോളിന്റെ വികസനത്തിനായുള്ള പ്രതിബദ്ധതയിലും ഉള്ള വിശ്വാസം വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു,' -സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ലോകമെമ്പാടും ഫുട്‌ബോളിനെ മുന്നോട്ട് കൊണ്ടുപോകുന്നതിനും, എല്ലാ മേഖലകളിലും അവസരങ്ങള്‍ വിപുലീകരിക്കുന്നതിനും, ആളുകളെയും സമൂഹങ്ങളെയും ഒന്നിച്ചു കൊണ്ടുവരുന്നതില്‍ കളിയുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനുമായി ഇന്‍ഫാന്റിനോ നടത്തുന്ന തുടര്‍ച്ചയായ ശ്രമങ്ങളെ ഞങ്ങള്‍ ഏറെ അഭിനന്ദിക്കുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു. ലോക ഫുട്‌ബോളിന്റെ ശക്തവും സമൃദ്ധവുമായ ഭാവിക്കായി ഇന്‍ഫാന്റിനോയുമായി അടുത്ത സഹകരണം തുടരുമെന്നും, അവസരങ്ങള്‍ വ്യാപിപ്പിക്കുമെന്നും, ആഗോളതലത്തില്‍ അറബ് ഫുട്‌ബോളിന്റെ സംഭാവന കൂടുതല്‍ വര്‍ധിപ്പിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ലോകകപ്പിന്റെ ഓഹരികള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കാനുള്ള പദ്ധതിയെയൊല്ലിയാണ് ഇന്‍ഫാന്റിനോ നിലവില്‍ കടുത്ത പ്രതിഷേധം നേരിടുന്നത്. യൂറോപ്യന്‍ ഫുട്‌ബോള്‍ ഭരണസമിതിയായ യുവേഫ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഫുട്‌ബോള്‍ ഭാരവാഹികളില്‍ നിന്ന് കടുത്ത എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് 20 ബില്യണ്‍ ഡോളറിന്റെ നിര്‍ദ്ദേശം അദ്ദേഹം പിന്‍വലിച്ചിരുന്നു. എല്ലാ ഫിഫ മത്സരങ്ങളും പരിപാടികളും ബഹിഷ്‌കരിക്കുമെന്ന് യുവേഫ മുന്നറിയിപ്പ് നല്‍കിയിരുന്നു. കോണ്‍കാകാഫ് നോര്‍ത്ത്, സെന്‍ട്രല്‍ അമേരിക്ക, കരീബിയന്‍ ഫെഡറേഷന്‍, ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന യുവേഫ തിങ്കളാഴ്ച ഒരു തുറന്ന കത്തെഴുതിയിരുന്നു. ഇന്‍ഫാന്റിനോയുടെ പദ്ധതി വിശ്വാസവഞ്ചനയാണെന്നും അവര്‍ വിശേഷിപ്പിച്ചു.

കൂടാതെ, ഭരണ നിര്‍വ്വഹണത്തിലെയും സുതാര്യതയിലെയും ആശങ്കകള്‍ ചൂണ്ടിക്കാട്ടി അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇന്‍ഫാന്റിനോയ്ക്കുള്ള പിന്തുണ പിന്‍വലിച്ചതായി അയര്‍ലന്‍ഡ് ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചിരുന്നു. ഇംഗ്ലണ്ടും വെയില്‍സും കഴിഞ്ഞ ആഴ്ച സമാനമായ നിലപാട് സ്വീകരിച്ചപ്പോള്‍ വടക്കന്‍ അയര്‍ലന്‍ഡ് യുവേഫയുടെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചു. നോര്‍ത്ത്, സെന്‍ട്രല്‍ കരീബിയന്‍ ഒഷ്യാനിയ മേഖലയില്‍ നിന്നുള്ള ന്യൂസിലാന്‍ഡ് ഫുട്‌ബോളും ഇന്‍ഫാന്റിനോയ്ക്കുള്ള പിന്തുണ പിന്‍വലിക്കുകയും സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഏഷ്യയില്‍ ഭിന്നതഇന്‍ഫാന്റിനോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിലൂടെ ഖത്തറും ലെബനനും ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ നിലപാടിന് വിപരീതമായി നിലകൊണ്ടു. നേരത്തെ മൊറോക്കോ, ഖത്തര്‍, യു.എ.ഇ തുടങ്ങിയ അംഗ ഫെഡറേഷനുകളില്‍ നിന്നുള്ള പിന്തുണ കത്തുകള്‍ ഇന്‍ഫാന്റിനോയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനി, ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഹാനി അബോ റിഡ, മൊറോക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഫൗസി ലെക്ജ, മൗറിറ്റാനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് അഹമ്മദ് യഹ്യ എന്നിവരാണ് പിന്തുണ പ്രഖ്യാപിച്ച ഫിഫ കൗണ്‍സില്‍ അംഗങ്ങള്‍. ലെബനീസ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഹാഷെം ഹൈദര്‍, സുഡാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് മൊഅതസം ജാഫര്‍ എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ച മറ്റ് രണ്ടുപേര്‍. 2016 മുതല്‍ ഫിഫ പ്രസിഡന്റായിരിക്കുന്ന ഇന്‍ഫാന്റിനോ അടുത്ത വര്‍ഷം മൊറോക്കോയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് പുതിയ വിവാദം ഉയര്‍ന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവര്‍ക്കായി നവംബര്‍ 18 വരെ ഫിഫ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.

പിന്തുണ പിന്‍വലിച്ച് ന്യൂസീലന്‍ഡ്; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഓഷ്യാനിയലോകകപ്പിന്റെ ഓഹരികള്‍ വില്‍ക്കാനുള്ള പദ്ധതി പരാജയപ്പെട്ടതിനെത്തുടര്‍ന്ന് വന്‍ വിവാദങ്ങളില്‍ അകപ്പെട്ട ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്ക് തിരിച്ചടിയായി ന്യൂസീലന്‍ഡിന്റെ തീരുമാനം. 2027 ഫിഫ കോണ്‍ഗ്രസില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇന്‍ഫാന്റിനോയ്ക്കുള്ള പിന്തുണ ന്യൂസീലന്‍ഡ് ഫുട്‌ബോള്‍ ഔദ്യോഗികമായി പിന്‍വലിച്ചു. അതേസമയം, പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപ പദ്ധതി ഉപേക്ഷിക്കാനുള്ള ഫിഫയുടെ തീരുമാനത്തെ പ്രാദേശിക ഫുട്‌ബോള്‍ കൂട്ടായ്മയായ ഓഷ്യാനിയ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ സ്വാഗതം ചെയ്‌തെങ്കിലും ഇന്‍ഫാന്റിനോയോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടിട്ടില്ല. ലോകകപ്പിന്റെയും മറ്റ് പ്രധാന ടൂര്‍ണമെന്റുകളുടെയും 20 ശതമാനം വിഹിതം സ്വകാര്യ നിക്ഷേപകര്‍ക്ക് വിറ്റ് 4.2 ബില്യണ്‍ ഡോളറോളം സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള 'ഫിഫ ഫോര്‍വേഡ് എന്റര്‍പ്രൈസ്' പദ്ധതിയെച്ചൊല്ലിയാണ് ഇന്‍ഫാന്റിനോ കടുത്ത പ്രതിഷേധം നേരിടുന്നത്. യൂറോപ്പിലെ യുവേഫ, ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍, കോണ്‍കാകാഫ് എന്നീ മൂന്ന് വന്‍കര ഫെഡറേഷനുകള്‍ ഇന്‍ഫാന്റിനോയ്‌ക്കെതിരെ ശക്തമായി രംഗത്തെത്തുകയും അദ്ദേഹത്തിന്റെ നേതൃത്വം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ന്യൂസിലാന്‍ഡും ഇന്‍ഫാന്റിനോയ്‌ക്കെതിരെ നിലപാട് കടുപ്പിച്ചത്. 'സൂക്ഷ്മമായ പരിശോധനയ്ക്ക് ശേഷം, ഫിഫയ്ക്കുള്ളിലെ ചില തീരുമാനങ്ങളും നടപടികളും അന്താരാഷ്ട്ര ഫുട്‌ബോളില്‍ പരസ്പരവിശ്വാസം തകരുന്നതിനും ഭിന്നത വര്‍ധിക്കുന്നതിനും കാരണമായതായി ന്യൂസീലന്‍ഡ് ഫുട്‌ബോള്‍ വിലയിരുത്തുന്നു' -വെള്ളിയാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ന്യൂസീലന്‍ഡ് ഫുട്‌ബോള്‍ വ്യക്തമാക്കി.

content highlights: 6 Arab Federations Back Infantino; New Zealand Backs Down

To advertise here,contact us