യുവേഫ സൂപ്പര്‍ കപ്പ് മത്സരം നിയന്ത്രിക്കുന്ന ആദ്യ യൂറോപ്യന്‍ ഇതര റഫറിയായി സൊമാലിയയുടെ ഒമര്‍ അര്ട്ടാന് ചരിത്രം സൃഷ്ടിച്ചു. 2026-ലെ ഫിഫ ലോകകപ്പിനുള്ള മാച്ച് ഒഫീഷ്യലുകളുടെ പട്ടികയില്‍ ഫിഫ അര്‍ട്ടാനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും, അമേരിക്കയിലേക്ക് പ്രവേശനം ലഭിക്കാത്തതിനാല്‍ അദ്ദേഹത്തിന് ലോകകപ്പില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഭീകരസംഘടനയിലെ സംശയിക്കപ്പെടുന്ന അംഗങ്ങളുമായുള്ള ബന്ധം ആരോപിച്ചാണ് ട്രംപ് ഭരണകൂടം അര്ട്ടാന് ലോകകപ്പിനായി യുഎസിലേക്ക് പ്രവേശനാനുമതി നിഷേധിച്ചത്.
ഇതിനുപിന്നാലെയാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്ബോളും യുവേഫയും ചേര്‍ന്ന് 2026-ലെ യുവേഫ സൂപ്പര്‍ കപ്പ് നിയന്ത്രിക്കാന്‍ അര്‍ട്ടാനെ ചുമതലപ്പെടുത്തിയത്. 'ചരിത്രം കുറിക്കപ്പെട്ടു! യുവേഫ സൂപ്പര്‍ കപ്പ് നിയന്ത്രിക്കുന്ന ആദ്യ യൂറോപ്യന്‍ ഇതര റഫറിയായി ഒമര്‍ അര്ട്ടാന് മാറി!' -യുവേഫ തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ കുറിച്ചു.
ലോകത്തിലെ പ്രമുഖ റഫറിമാരില്‍ ഒരാളായി വളര്‍ന്ന അര്ട്ടാന്, 2018 മുതല്‍ ഫിഫയുടെ അന്താരാഷ്ട്ര റഫറിമാരുടെ പട്ടികയിലുണ്ട്. 2025/26 സി.എ.എഫ് ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ രണ്ടാം പാദമത്സരം അടക്കം നിരവധി പ്രധാന മത്സരങ്ങള്‍ അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്. മികച്ച പ്രകടനങ്ങള്‍ കണക്കിലെടുത്ത് 2025-ലെ 'സി.എ.എഫ് റഫറി ഓഫ് ദി ഇയര്‍' പുരസ്കാരവും അദ്ദേഹം നേടിയിട്ടുണ്ട്.
മത്സരത്തില്‍, യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പിഎസ്ജി 2-1 ന് യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ ആസ്റ്റണ്‍വില്ലയെ പരാജയപ്പെടുത്തി. റെഡ് ബുള്‍ അരീന സാല്‍സ്ബര്‍ഗില്‍ നടന്ന മത്സരത്തില്‍ 61-ാം മിനിറ്റില്‍ ഡിസയര്‍ ഡുവെ നേടിയ ഗോളിലാണ് പിഎസ്ജി വിജയം ഉറപ്പിച്ചത്. 20-ാം മിനിറ്റില്‍ ക്വെച്ച ക്വാറത്സ്ഖേലിയയിലൂടെ പിഎസ്ജി ആദ്യം മുന്നിലെത്തിയെങ്കിലും, 45-ാം മിനിറ്റില്‍ 17-കാരനായ ബ്രയാന്‍ മാഡ്ജോയിലൂടെ ആസ്റ്റണ്‍വില്ല സമനില പിടിച്ചിരുന്നു. ഈ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും മാഡ്ജോ സ്വന്തമാക്കി. ഒടുവില്‍ 2-1 എന്ന സ്കോറിന് വിജയിച്ച് പിഎസ്ജി കിരീടത്തോടെ തങ്ങളുടെ പുതിയ സീസണ് ആരംഭിച്ചു.
content highlights: History in Europe!; Omar Artan Becomes First Non-European Referee to Officiate UEFA Super Cup