ഗോളടിച്ചു, സെലിബ്രേഷനും കഴിഞ്ഞു… പക്ഷെ, ഗോള്‍ അനുവദിച്ചില്ല! അതുമാത്രമല്ല; ഗോളാഘോഷത്തിനിടെ ടണലിലേക്ക് വീണ് പരിക്കേല്‍ക്കുകയും ചെയ്തു. ബ്രസീലിലാണ് അപൂര്‍വ്വവും നിര്‍ഭാഗ്യകരവുമായ ഒരു സംഭവം. ബ്രസീലിയന്‍ ലീഗില്‍ കുറീതിബയും ചാപെക്കോയന്സെയും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് ആരാധകരെയും സഹതാരങ്ങളെയും ഒരുപോലെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.
കുറീതിബയുടെ 29-കാരനായ പ്രതിരോധ താരം ജാസി മരന്യോ ഒന്നാം പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഒരു ഗോള്‍ നേടി. ആവേശഭരിതനായ താരം ഗോളാഘോഷത്തിനായി പന്ത് ജേഴ്സിക്ക് ഉള്ളിലാക്കി. ഗ്രൗണ്ടിന് അതിരിലുള്ള പരസ്യ ബോര്‍ഡുകള്‍ക്ക് മുകളിലൂടെ കാണികളുടെ അടുത്തേക്ക് ചാടി. എന്നാല്‍, പരസ്യ ബോര്‍ഡുകള്‍ക്ക് പിന്നില്‍ ഡ്രസ്സിങ് റൂമിലേക്ക് പോകുന്നതിനായി തുറന്നുവെച്ചിരുന്ന ടണല്‍ താരം ശ്രദ്ധിച്ചിരുന്നില്ല. ബോര്‍ഡിന് മുകളിലൂടെ ചാടിയ ജാസി മരന്യോ നേരെ വീണത് ഈ ടണലിന്റെ കുഴിയിലേക്കായിരുന്നു.
Different angle… 😭 pic.twitter.com/mkXrbLBreF https://t.co/fTcr61ryVC
ടണലിലേക്ക് വീണ താരത്തിന് നിസ്സാര പരിക്കേല്‍ക്കുകയും തുടര്‍ന്ന് കളിക്കളത്തില്‍ നിന്ന് അദ്ദേഹത്തെ സബ്സ്റ്റിറ്റിയൂട്ട് ചെയ്യേണ്ടതായും വന്നു. എന്നാല്‍ നിര്‍ഭാഗ്യം അവിടെയും തീര്‍ന്നില്ല. താരം ഇത്രയും വലിയ അപകടത്തില്‍പ്പെട്ട് ആഘോഷിച്ച ഗോള്‍, വി.എ.ആര് പരിശോധനയ്ക്ക് ശേഷം റഫറി അസാധുവാക്കി. ഗോളിന് തൊട്ടുമുമ്പ് ഓഫ്സൈഡ് സംഭവിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.
മത്സരത്തില്‍ കുറീതിബ 2-1 എന്ന സ്കോറിന് വിജയിച്ചെങ്കിലും, ജാസി മരന്യോയുടെ നിര്‍ഭാഗ്യകരമായ ഗോളാഘോഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഗ്രൗണ്ടിലെ അപകടകരമായ രീതിയില്‍ തുറന്നുവെച്ച ടണലിന്റെ കാര്യത്തില്‍ സംഘാടകര്‍ക്കെതിരെ ശക്തമായ വിമര്‍ശനവും ഉയരുന്നുണ്ട്.
content highlights: Brazilian Player Falls Into Tunnel During Goal Celebration, Only for Goal to be Disallowed!