സന്തോഷ് ട്രോഫി കേരളത്തിൽ നടത്താൻ ആലോചന; താൽപ്പര്യം പ്രകടിപ്പിച്ച് കേരള ഫുട്ബോൾ അസോസിയേഷൻ

കൊച്ചി, കോഴിക്കോട്, തൃശൂർ, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളാണ് പരിഗണയിലുള്ളത്

സന്തോഷ് ട്രോഫി കേരളത്തിൽ വീണ്ടും നടത്താൻ തയ്യാറാണെന്ന താല്പര്യം പ്രകടിപ്പിച്ച് കേരള ഫുട്ബോൾ അസോസിയേഷൻ. ഇത് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ച് ജില്ലകളാണ് ഇതിനായി പരിഗണയിലുള്ളത്. കൊച്ചി, കോഴിക്കോട്, തൃശൂർ, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളാണ് പരിഗണയിൽ ഉള്ളവ.

കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തെ സംബന്ധിച്ചിടത്തോളം 40,000-ത്തിലധികം കാണികളെ ഉൾക്കൊള്ളാനുള്ള സൗകര്യങ്ങൾ ഉണ്ട്. കൂടാതെ വാണിജ്യപരമായ പിന്തുണയും ലഭിക്കും എന്നുള്ളത് മികച്ച ഒരു കാര്യം തന്നെ ആയിരിക്കും. എന്നാൽ, സ്റ്റേഡിയത്തിന്റെ വാടക സംബന്ധിച്ചാണ് നേരിയ പിൻവലിവ്. അതേസമയം, ഈ വാടക ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ സഹായം ലഭിക്കുകായാണെങ്കിൽ ടൂർണമെന്റ് കൊച്ചിയിൽ തന്നെ നടത്താനാകും എന്നാണ് നിലവിലെ കണക്കുകൂട്ടൽ.

35,000-ത്തോളം ആണ് കോഴിക്കോട്ടെ സ്റ്റേഡിയത്തിലെ സീറ്റിങ് കപ്പാസിറ്റി. കണ്ണൂരിലത്തേത് 20,000-ത്തോളം സീറ്റിങ് കപ്പാസിറ്റിയും മലപ്പുറത്തേത് 14,000-ത്തോളം സീറ്റിങ് കപ്പാസിറ്റിയും ആണ്. അഞ്ചാമതായി പരിഗണിക്കുന്ന തൃശ്ശൂരിലെ സ്റ്റേഡിയത്തിൽ ആകെ 10,000-ന് താഴെ മാത്രമാണ് സീറ്റിങ് കപ്പാസിറ്റി. അതുകൊണ്ട് തന്നെ തൃശൂർ തിരഞ്ഞെടുക്കുന്നതിൽ പരിമിതികളുണ്ട്.

'സന്തോഷ് ട്രോഫി ഫുട്ബോളിന് വേദിയാകാനുള്ള താല്പര്യം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ അറിയിച്ചു. ബിഡ് ക്ഷമിക്കുന്ന മുറയ്ക്ക് ഇത് ഔദ്യോഗികമായി അറിയിക്കാനാണ് കെഎഫ്എ തീരുമാനിച്ചിരിക്കുന്നത്. വേദിയാകാൻ അനുമതി ലഭിച്ചാൽ വേദിയും ഉടനെ തന്നെ തീരുമാനിക്കും', കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ വ്യക്തമാക്കി.

Content highlight: Santosh Trophy hosting Kerala KFA expresses interest

To advertise here,contact us