'ഇൻഫാന്‍റിനോയ്ക്ക് ഞങ്ങളുടെ പൂര്‍ണ പിന്തുണ'; പ്രസ്താവനയുമായി അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ

ഈജിപ്ത്, മൊറോക്കോ,നൈജീരിയ രാജ്യങ്ങളുടെ ഫുട്ബോൾ അസോസിയേഷനുകളും ഇന്‍ഫാന്‍റിനോക്ക് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്

ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫന്റിനോയ്ക്ക് പൂർണ പിന്തുണയുമായി അർജന്റീന ഫുട്ബോൾ അസോസിയേഷൻ. ഇന്ഫന്റിനോയുടെ കഴിഞ്ഞ പത്ത് വർഷത്തെ പ്രവർത്തനങ്ങൾ പരാമർശിച്ചുകൊണ്ടായിരുന്നു എഎഫ്എയുടെ പിന്തുണ. അദ്ദേഹത്തിന്റെ ഭരണം ലോക ഫുട്ബോളിന്റെ വികസനത്തിന് വലിയ സംഭാവനകൾ നൽകിയെന്ന് എഎഫ്എ പ്രസ്താവനയിൽ വ്യക്തമാക്കി. ഫിഫ ടൂർണമെന്‍റുകളുടെ വാണിജ്യ അവകാശങ്ങൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള വിവാദ പദ്ധതി പിൻവലിച്ചതിന് പിന്നാലെയാണ് എഎഫ്എയുടെ ഈ പിന്തുണ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.

'ഇനിയും കൂടുതൽ മികവുറ്റ ഫുട്ബോൾ അന്തരീക്ഷം ഉണ്ടാക്കാൻ ജിയാനി ഇൻഫന്റിനോയെ പിന്തുണയ്ക്കുന്നു. വരാനിരിക്കുന്ന ഫിഫ കോൺഗ്രസിന് മുന്നോടിയായി ഇൻഫാന്‍റിനോയുടെ നേതൃത്വത്തിൽ തന്നെ മുന്നോട്ടുപോകും', അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ഒപ്പുവച്ച പ്രസ്താവനയിൽ അറിയിച്ചു.

അടുത്ത വർഷം മാർച്ചിൽ ആണ് ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അതിന് മുന്നോടിയായി അർജന്റീനയുടെ ഭാഗത്ത് നിന്ന് ലഭിച്ച പിന്തുണയിൽ വലിയ ആശ്വാസമാണ് നൽകുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ഫന്റിനോയ്ക്കെതിരേ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് എതിർപ്പ് ശക്തവുമാണ്. അതേസമയം, അര്‍ജന്‍റീനക്ക് പുറമെ ഈജിപ്ത്, മൊറോക്കോ,നൈജീരിയ രാജ്യങ്ങളുടെ ഫുട്ബോൾ അസോസിയേഷനുകളും ഇന്‍ഫാന്‍റിനോക്ക് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

Content highlight: Argentina Football Association extends full support to FIFA president Gianni Infantino

To advertise here,contact us