ഗ്രൗണ്ടിൽ ഇടിമിന്നൽ; ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം

തായ്‌ലൻഡ്, മലേഷ്യ എന്നി രാജ്യങ്ങളിലെ അമച്വർ ക്ലബ്ബുകൾ ഏറ്റുമുട്ടുന്ന ഗോലോക്ക് എഫ്എ കപ്പ് ടൂർണമെന്‍റിൽ സാംകോൾട്ട്സും അബു നോങ് സിരിനും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു ഈ അപകടം ഉണ്ടായത്

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം. തായ്‌ലൻഡിലാണ് ഈ അതിദാരുണമായ സംഭവം ഉണ്ടായത്. മൂന്നാം ഡിവിഷൻ ക്ലബ്ബായ യാലാ എഫ്സിയുടെ വിങ്ങറും സാംകോൾട്ട്സ് ടീം താരവുമായ സോഫ്‍വാൻ അവായാണ് ഇടിമിന്നലേറ്റ് മരണപ്പെട്ടത്. വെറും 24 വയസ് മാത്രമാണ് താരത്തിന്റെ പ്രായം. അപകടത്തിൽ ഒരു മലേഷ്യൻ പൗരൻ അടക്കം 13 പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇതിൽ 12 പേർ കളിക്കാരാണ്.

തായ്‌ലൻഡ്, മലേഷ്യ എന്നി രാജ്യങ്ങളിലെ അമച്വർ ക്ലബ്ബുകൾ ഏറ്റുമുട്ടുന്ന ഗോലോക്ക് എഫ്എ കപ്പ് ടൂർണമെന്‍റിൽ സാംകോൾട്ട്സും അബു നോങ് സിരിനും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു ഈ അപകടം ഉണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ച്ച തെക്കൻ തായ്‌ലൻഡിലെ സുങ്കായ് ഗോലോക്കിലുള്ള സന്തിഫാപ് സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്.

മത്സരത്തിനിടെ മഴ പെയ്തെങ്കിലും കളി നിർത്തിവച്ചിരുന്നില്ല. ഇതിനിടെ പ്രതീക്ഷിക്കാതെ ആയിരുന്നു ഭീകര ശബ്‌ദത്തോടെ മിന്നൽ ഗ്രൗണ്ടിലേക്ക് പതിച്ചത്. മിന്നലേറ്റ ഉടനെ സോഫ്‍വാൻ അവായ് ഗ്രൗണ്ടിൽ വീഴുകയായിരുന്നു. സഹതാരങ്ങൾ ഉടനെ പ്രഥമശുശ്രൂഷയും സിപിആറും നൽകാനുള്ള ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും താരത്തിന് ജീവൻ നഷ്ടമായിരുന്നെന്ന് പ്രാദേശിക പോലീസ് മേധാവി തുൻ സിരിഖുന്ത് അറിയിച്ചു.

Content highlight: Thai footballer Sofwan Awae dies lightning strike match

To advertise here,contact us