സ്പെയ്നിനോട് ഫൈനലിൽ തോറ്റ നിരാശ മായ്ച്ച് ലയണൽ മെസി. ലീഗ്സ് കപ്പിൽ ഇന്റർമിയമിക്കായി കളത്തിലിറങ്ങിയ മെസി ഇരട്ട ഗോളും അസിസ്റ്റും സ്വന്തമാക്കി. ഇതോടെ ലീഗ്സ് കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡും മെസി സ്വന്തമാക്കി. 14 ഗോളുകളാണ് മെസിയുടെ നേട്ടം.
മെസിയുടെ മികവിൽ മെക്സിക്കൻ ക്ലബ്ബായ അറ്റ്ലറ്റികോ സാൻ ലൂയിസിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഇന്റർ മയാമി തോല്പിക്കുകയും ചെയ്തു.
കളിയുടെ നാലാം മിനിറ്റിൽ ഡേവിഡ് റോഡ്രിഗസിന്റെ ഹെഡ്ഡറിലൂടെ സാൻ ലൂയിസാണ് ആദ്യം അക്കൗണ്ട് തുറന്നത്. എന്നാൽ 11-ാം മിനിറ്റിൽ നോഹ അല്ലന്റെ പാസിൽ നിന്ന് പന്ത് വലയിലാക്കി മെസി മയാമിയെ ഒപ്പമെത്തിച്ചു. 26-ാം മിനിറ്റിൽ ടലാസ്കോ സെഗോവിയയിലൂടെ മയാമി ലീഡെടുത്തു.
44-ാം മിനിറ്റിൽ നോഹ അല്ലന്റെ അസിസ്റ്റിൽ തന്നെ മെസി തന്റെ രണ്ടാം ഗോളും നേടി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ മെസിയുടെ അസിസ്റ്റിൽ ഡിഫൻഡർ മികായേൽ ഹെഡ്ഡറിലൂടെ മയാമിയുടെ നാലാം ഗോളും പൂർത്തിയാക്കി. രണ്ടാം പകുതിയിൽ റാഫ ലോറെന്റെ സാൻ ലൂയിസിനായി രണ്ടാം ഗോൾ നേടി.
Content highlights: lionel messi scores brace assist inter miami victory