വിവാദങ്ങളിൽ അകപ്പെട്ട് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ. കോപ്പ ദെ ബ്രസീലിൽ പ്രീ-ക്വാർട്ടറിൽ റെമോയെ 1 - 0 ന് പരാജയപ്പെടുത്തിയതിന് പിന്നാലെയായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവങ്ങൾ അരങ്ങേറിയത്. മത്സരത്തിൽ തോറ്റ്, ടൂർണമെന്റിൽ നിന്ന് പുറത്തായ എതിർ ടീമിലെ താരങ്ങളോടും ആരാധകരോടും ഗ്രൗണ്ടിലും മിക്സഡ് സോണിലും വച്ച് നെയ്മർ വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന് പിന്നാലെ റെമോ ക്ലബ് പ്രസിഡന്റ് ആന്റണിയോ കാർലോസ് താരത്തെ 'തെമ്മാടി' എന്ന് വിളിച്ച അധിക്ഷേപിക്കുകയും ചെയ്തിരുന്നു.
മത്സര ശേഷം നടന്ന സംഭവമിങ്ങനെ, റെമോയുടെ ഹോം ഗ്രൗണ്ടിൽ നടന്ന റെമോ - സാന്റോസ് മത്സരത്തിൽ ഉടനീളം റെമോ ടീം ആരാധകർ ഗാലറിയിൽ നിന്ന് നെയ്മർക്കെതിരെ അധിക്ഷേപങ്ങളും കൂവലുകളും ഉയർത്തിയിരുന്നു. ഇത് സാന്റോസിന്റെ ബ്രസീലിയൻ താരമായ നെയ്മറെ ചൊടിപ്പിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ താരം മത്സരം അവസാനിച്ച ശേഷം മടങ്ങവേ, റെമോയുടെ ഉദ്യോഗസ്ഥരെയും ആരാധക കൂട്ടാതെയും നോക്കി ടൂർണമെന്റിൽ നിന്ന് 'പുറത്തായി… പുറത്തായി…' എന്ന് ഉറക്കെ വിളിച്ച് പറയുകയും ചെയ്തു. ഇതിന് പിന്നാലെ രൂക്ഷ ഭാഷയിൽ ആയിരുന്നു റെമോ പ്രസിഡന്റ് ആന്റണിയോ കാർലോസിന്റെ പ്രതികരണം പുറത്തുവന്നിരുന്നത്.
'സാന്റോസ് എന്ന ടീമിന് വിജയിക്കാൻ ഈത്തരത്തിലുള്ള താരങ്ങളുടെ ആവശ്യമില്ല. കുഞ്ഞുകുട്ടികൾ വരെ ആരാധിക്കുന്ന ആ തെമ്മാടി നെയ്മർ ഇന്ന് ഇവിടെ കോമാളിത്തരങ്ങൾ കാണിച്ചുകൊണ്ട് ഞങ്ങളെ പ്രകോപിപ്പിക്കുകയായിരുന്നു. ഇങ്ങനെയുള്ളവരെ ആരാധിക്കുന്നതിന് നമ്മെ തന്നെ ആണ് കുറ്റം പറയേണ്ടത്', അദ്ദേഹം വിമർശനം ഉയർത്തി. നെയ്മറുടെ പ്രവർത്തിയും ഇതിനോടുള്ള റെമോ പ്രസിഡന്റിന്റെ രൂക്ഷ ഭാഷയിലുള്ള പ്രതികരണവും ഇതിനോടകം തന്നെ വൈറലാണ്.
Content highlight: Remo president slams Neymar after Santos Copa do Brasil match drama