പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസും തമ്മിലുള്ള വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ കായിക ലോകത്തെ ചര്‍ച്ച. ഇവരുടെ വിവാഹത്തിന്റെതെന്ന് പറയപ്പെടുന്ന ക്ഷണക്കത്ത് ചോര്‍ന്നതാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ഫുട്ബോള്‍ രംഗത്തെയും വിനോദലോകത്തെയും പ്രമുഖര്‍ പങ്കെടുക്കുന്ന അതിഥി പട്ടികയില്‍ ലയണല്‍ മെസ്സിയുടെ പേരുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കായിക-വിനോദ മേഖലകളിലെ പ്രമുഖരെ ഉള്‍പ്പെടുത്തി വന്‍ ആഘോഷം സംഘടിപ്പിക്കാനാണ് റൊണാള്‍ഡോ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. റിയോ ഫെര്‍ഡിനാന്‍ഡ്, കിലിയന്‍ എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍, വിന് ഡീസല്‍, റിഹാന, ജെന്നിഫര്‍ ലോപ്പസ്, ഡ്രേക്ക്, ട്രെവിസ് സ്കോട്ട് തുടങ്ങിയ പ്രമുഖരുടെ പേരുകള്‍ പ്രചരിക്കുന്ന അതിഥി പട്ടികയിലുണ്ട്. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ലയണല്‍ മെസ്സിയെയും വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്. ഫുട്ബോള്‍ മൈതാനത്തെ ദീര്‍ഘകാല വൈരികളായ ഇരുവരും ഒന്നിക്കുന്ന അപൂര്‍വ്വ നിമിഷത്തിന് ഇത് വഴിയൊരുക്കിയേക്കാം.
ക്രിസ്റ്റിയാനോയുടെ ജന്മസ്ഥലമായ മദെയ്റയിലാണ് വിവാഹച്ചടങ്ങുകള്‍ നടക്കുകയെന്നാണ് വിവരം. ഫുഞ്ചാല്‍ കത്തീഡ്രലില്‍ നടക്കുന്ന ചടങ്ങിന് ശേഷം സമീപത്തുള്ള റിസോര്‍ട്ടില്‍ സ്വകാര്യ സല്‍ക്കാരം നടത്താനാണ് പദ്ധതി. മൈതാനത്തിന് പുറത്ത് മെസ്സി-ക്രിസ്റ്റ്യാനോ അപൂര്‍വ സംഗമത്തിന് കാത്തിരിക്കുകയാണ് ഫുട്ബോള്‍ പ്രേമികള്‍.
content highlights: Ronaldo's Wedding Invitation Leaked; Will Messi Attend?